വിപണി കയറ്റത്തില്‍; പുൾ ബായ്ക്ക് റാലിക്ക് സാധ്യത, കല്യാൺ ജുവലേഴ്സ് നേട്ടത്തില്‍, സ്വിഗ്ഗിക്ക് ചാഞ്ചാട്ടം

അൽപസമയം നഷ്ടത്തിലേക്കു വീണ മുഖ്യ സൂചികകൾ പിന്നീടു കയറ്റം തുടർന്നു

Update:2024-11-14 11:00 IST
താഴ്ചയിൽ വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കകം നേട്ടത്തിലേക്കു മാറിയ വിപണി ഒരു പുൾ ബായ്ക്ക് റാലിയുടെ സാധ്യത തേടുകയാണ്. ഇടയ്ക്ക് അൽപസമയം നഷ്ടത്തിലേക്കു വീണ മുഖ്യ സൂചികകൾ പിന്നീടു കയറ്റം തുടർന്നു. സെൻസെക്സ് 78,000 കടന്നു. നിഫ്റ്റി 2 3,675 വരെ കയറി.
മിഡ്, സ്മോൾ ക്യാപ് സൂചികകളും ബാങ്ക് നിഫ്റ്റിയും കയറ്റത്തിലാണ്.
രണ്ടാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായെങ്കിലും വളർച്ച പ്രതീക്ഷയുടെ പേരിൽ ഐഷർ മോട്ടോഴ്സ് ഓഹരി ഏഴര ശതമാനം കുതിച്ചു.
പ്രതീക്ഷയിലും മികച്ച റിസൽട്ട് നാൽകോ ഓഹരിയെ നാലര ശതമാനം ഉയർത്തി.
പിഐ ഇൻഡസ്ട്രീസ് ഓഹരി രണ്ടാം ദിവസവും താഴ്ന്നു. ഇന്നു രാവിലെ എട്ടര ശതമാനം ഇടിഞ്ഞു.
ഇന്നലെ ലിസ്റ്റിംഗിനു ശേഷം 17 ശതമാനം ഉയർന്ന സ്വിഗ്ഗി ഇന്നു രാവിലെ ആറു ശതമാനം വരെ കയറി. പിന്നീടു നഷ്ടത്തിലേക്കു മാറി.
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലെെസേഴ്സ് നല്ല റിസൽട്ടിനെ തുടർന്ന് മൂന്നു ശതമാനം ഉയർന്നു.
ഭൂരിപക്ഷം ഓഹരിയും പ്രൊമോട്ടർ കുടുംബം കൈവശം വയ്ക്കുന്ന ബാങ്കോ പ്രൊഡക്ട്സ് ഇന്ത്യ ഓഹരി രാവിലെ 18 ശതമാനം കയറി. സമീപ ആഴ്ചകളിൽ വില ഗണ്യമായി താണിരുന്നു. എൻജിൻ കൂളിംഗ് സിസ്റ്റം മുതൽ വിവിധ ഓട്ടാേ ആൻസിലറികൾ നിർമിക്കുന്ന കമ്പനിയാണിത്.
മികച്ച ലാഭവർധനയെ തുടർന്ന് കല്യാൺ ജുവലേഴ്സ് ഓഹരി മൂന്നു ശതമാനത്തോളം ഉയർന്നു.
രൂപ ഇന്നു താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ രണ്ടു പൈസ കയറി 84.40 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ സൂചിക 106.64 വരെ കയറി. രൂപയെ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിൽക്കുന്നുണ്ട്.
സ്വർണം ലോകവിപണിയിൽ 2561 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി.
ക്രൂഡ് ഓയിൽ താഴ്ന്നു തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 71.94 ഡോളറിലാണ്.
Tags:    

Similar News