വിപണി മുന്നിൽ കാണുന്നത് അനിശ്ചിതത്വം; എൻവിഡിയ റിസൽട്ട് നിർണായകം; ക്രൂഡ് ഓയിൽ താഴ്ന്നു
ഇന്ത്യൻ വിപണി ഇന്ന് ചെറിയ ഇടിവോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന
വിപണി ചെറിയ അനിശ്ചിതത്വമാണു മുന്നിൽ കാണുന്നത്. വിശാല സാമ്പത്തിക സൂചകങ്ങൾ പോസിറ്റീവ് ആണെങ്കിലും വരും ദിവസങ്ങളിൽ സമാഹരണ സാധ്യതയാണു പ്രതീക്ഷിക്കാവുന്നത്. ഇന്നു രാത്രി വരുന്ന എൻവിഡിയയുടെ റിസൽട്ട് വിപണിക്കു നിർണായകമാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 25,012 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,995 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് ചെറിയ ഇടിവോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ഇന്നലെയും ചെറിയ നേട്ടത്തിൽ അവസാനിച്ചു.
യുഎസ് വിപണി ചാെവ്വാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. ഇന്നു രാത്രി റിസൽട്ട് പുറത്തുവിടുന്ന ജി.പി.യു. ചിപ് നിർമാണ കമ്പനി എൻവിഡിയ ഒന്നര ശതമാനം ഉയർന്നു. കമ്പനി മുൻ പാദങ്ങളിലേതു പാേലെ മിന്നുന്ന റിസൽട്ട് പ്രഖ്യാപിക്കുമോ എന്നാണ് നിക്ഷേപകർ നോക്കുന്നത്. എന്തെങ്കിലും ദൗർബല്യം കണ്ടാൽ വിപണിക്കു തിരിച്ചടിയാകും.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.82 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കുറഞ്ഞു.
ചാെവ്വാഴ്ച ഡൗ ജോൺസ് സൂചിക 9.98 പോയിൻ്റ് (0.02%) ഉയർന്ന് 41,250.50 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 8.96 പോയിൻ്റ് (0.16%) കയറി 5625.80 ൽ അവസാനിച്ചു. നാസ്ഡാക് 29.06 പാേയിൻ്റ് (0.16%) ഉയർന്ന് 17,754.82 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.18 ഉം നാസ്ഡാക് 0.37 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചാെവ്വാഴ്ച ചാഞ്ചാട്ടത്തിലായിരുന്നു. നിഫ്റ്റി സർവകാല റെക്കോർഡായ 25,078.30 നടുത്തു വരെ (25, 073.10) കയറിയിട്ടു ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദത്തിൽ താഴ്ന്നു.
പരാജയപ്പെട്ട ലയനനീക്കത്തെ തുടർന്നു സോണി ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പിലാക്കിയ സീ എൻ്റർടെയ്ൻമെൻ്റ് ഓഹരികൾ 12 ശതമാനം കുതിച്ചു. ഡിഷ് ടി വി നാലു ശതമാനം കയറി. നിഫ്റ്റി മീഡിയ 4.1 ശതമാനം ഉയർന്നു.
ചാെവ്വാഴ്ച സെൻസെക്സ് 13.65 പാേയിൻ്റ് (0.017%) ഉയർന്ന് 81,711.76 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 7.15 പോയിൻ്റ് (0.029%) നേട്ടത്തോടെ 25,017.75 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.26% (130.65 പോയിൻ്റ്) കയറി 51,278.75 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.49 ശതമാനം ഉയർന്ന് 59,220.25 ലും സ്മോൾ ക്യാപ് സൂചിക 1.05% കയറി 19,333.30 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 1503.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 604.08 കോടി രൂപയുടെ ഓഹരികൾ വിറ്റു.
തുടർച്ചയായ ഒൻപതാം ദിവസവും ഉയർന്നു ക്ലോസ് ചെയ്തെങ്കിലും വിപണി ബുള്ളിഷ് മനോഭാവത്തിലല്ല. സൂചികകൾ സമാഹരണ സാധ്യതയാണു കാണിക്കുന്നത്.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,985 ലും 24,960 ലും പിന്തുണ ഉണ്ട്. 25,060 ലും 24,085 ലും തടസം ഉണ്ടാകാം.
ലെെഫ് ഇൻഷ്വറൻസ് കമ്പനികൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. പാരമൗണ്ട് ടി പി എ യെ വാങ്ങാൻ കരാർ ഉണ്ടാക്കിയ മെഡി അസിസ്റ്റ് കമ്പനിയുടെ ഓഹരി എട്ടു ശതമാനം കയറി. മെഡി അസിസ്റ്റിൻ്റെ വിപണി പങ്ക് ഗണ്യമായി കൂട്ടാൻ ഏറ്റെടുക്കൽ സഹായിക്കും.
962 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചത് ഹിന്ദുസ്ഥാൻ യൂണി ലീവറിനെ രണ്ടു ശതമാനം താഴ്ത്തി. ഗ്ലാക്സോ സ്മിത്ത് ക്ലൈനിൽ നിന്ന് ഹോർലിക്സ്, ബൂസ്റ്റ് തുടങ്ങിയ ബ്രാൻഡുകൾ വാങ്ങിയതിൻ്റെ നികുതിയാണു വിഷയം. മാരികോ, ഐടിസി, ഡാബർ തുടങ്ങിയ എഫ്എംസിജി കമ്പനികളും ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
സ്വർണം കയറി, ക്രൂഡ് താണു
സ്വർണം റെക്കോർഡ് നിലവാരത്തിൽ തുടരുന്നു. ഇന്നലെ ഔൺസിന് 2,529 ഡോളർ വരെ എത്തിയ വില 2,524.90 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2,518 ഡോളറിലാണ്. ഡോളർ സൂചിക താഴുന്നതും സ്വർണവിലയെ ഉയർത്തുന്നു. വില ഇനിയും കയറും എന്നാണു വിപണിയുടെ നിഗമനം.
ഡിസംബർ അവധിവില ഔൺസിന് 2560 ഡോളറിലേക്കു കയറി.
കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ പവന് 53,560 രൂപയിൽ തുടർന്നു. ഇന്നു വില കൂടും.
വെള്ളിവില ഔൺസിന് 30 ഡോളറിൽ എത്തിയിട്ട് 29.83 ലേക്കു താണു.
ഡോളർ സൂചിക ചൊവ്വാഴ്ച താഴ്ന്ന് 100.55 ൽ എത്തി. ഇന്നു രാവിലെ 100.61 ലേക്കു കയറി.
രൂപ ഇന്നലെ ദുർബലമായി. മൂന്നു പെെസ കൂടി 83.93 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ താഴ്ചയിലായി. പശ്ചിമേഷ്യൻ സംഘർഷനില അയയുന്നതായ സൂചന ആണു കാരണം. ബ്രെൻ്റ് ഇനം രണ്ടര ശതമാനം താഴ്ന്ന് 79.55 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 79.95 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 75.86 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.68 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ ഇന്നലെ ഇടിവിലായി. ബിറ്റ്കോയിൻ 59,000 ഡോളറിലേക്കു താഴ്ന്നു. ഈഥർ 2440 ഡോളറിലേക്ക് ഇടിഞ്ഞു.
വ്യാവസായിക ലോഹങ്ങൾ വീണ്ടും കയറ്റത്തിലായി. ചെമ്പ് 1.67 ശതമാനം ഉയർന്നു ടണ്ണിന് 9326.35 ഡോളറിൽ എത്തി. അലൂമിനിയം 0.29 ശതമാനം കൂടി ടണ്ണിന് 2549.42 ഡോളർ ആയി. മറ്റു ലോഹങ്ങളും ഗണ്യമായി ഉയർന്നു.
വിപണിസൂചനകൾ
(2024 ഓഗസ്റ്റ് 27, ചാെവ്വ )
സെൻസെക്സ് 30 81,711.76 +0.017%
നിഫ്റ്റി50 25,017.75 +0.029%
ബാങ്ക് നിഫ്റ്റി 51,278.75 +0.26%
മിഡ് ക്യാപ് 100 59,220.25 +0.49%
സ്മോൾ ക്യാപ് 100 19,333.30 +1.05%
ഡൗ ജോൺസ് 30 41,250.50
+0.02%
എസ് ആൻഡ് പി 500 5625.80 +0.16%
നാസ്ഡാക് 17,754.82 +0.16%
ഡോളർ($) ₹83.93 +₹0.03
ഡോളർ സൂചിക 100.55 -0.30
സ്വർണം (ഔൺസ്) $2524.90 +$06.30
സ്വർണം (പവൻ) ₹ 53,560 +₹00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.55 -$01.88