ഓഹരി വിപണിയുടെ തുടക്കം വലിയ താഴ്ചയിൽ ; പിന്നീടു നഷ്ടം കുറച്ചു

മെറ്റൽ, ഐടി, വാഹന, ഫാർമ ഓഹരികൾ വിപണിയെ വലിച്ചു താഴ്ത്തി

Update: 2022-05-02 06:38 GMT

Representational image 

വലിയ താഴ്ചയിൽ തുടങ്ങിയിട്ട് അൽപം തിരിച്ചു കയറി. ഇന്ത്യൻ വിപണി പിടിച്ചു നിൽക്കാനുളള ശ്രമമാണു രാവിലെ നടത്തുന്നത്. ഓപ്പൺ ചെയ്തപ്പോൾ മുഖ്യസൂചികകൾ ഒരു ശതമാനത്തിലധികം താഴ്ചയിലായിരുന്നു.

പിന്നീടു നഷ്ടം കുറച്ചു. നിഫ്റ്റി 17,000 ന് മുകളിൽ കയറിയെങ്കിലും വീണ്ടും താണു. മെറ്റൽ, ഐടി, വാഹന, ഫാർമ ഓഹരികൾ വിപണിയെ വലിച്ചു താഴ്ത്തി.

ഏപ്രിലിലെ വാഹനവിൽപന മോശമായതു ബജാജ് ഓട്ടാേ, ഹീറോ മോട്ടോ കോർപ്, അശോക് ലെയ്ലൻഡ്, ഐഷർ തുടങ്ങിയവയുടെ ഓഹരിവില ഒന്നര മുതൽ മൂന്നു വരെ ശതമാനം താഴ്ത്തി.

ഫിനോ പേമെൻ്റ്സ് ബാങ്കിൻ്റെ ചെയർമാൻ മഹേന്ദ്രകുമാർ ചൗഹാനെയും സ്വതന്ത്ര ഡയറക്ടർ പുനീത കുമാർ സിൻഹയെയും ഓഹരി ഉടമകൾ വോട്ട് ചെയ്തു പുറത്താക്കി. പ്രൊമാേട്ടർ ഗ്രൂപ്പ് മൊത്തമായി ഇവർക്കെതിരേ വോട്ട് ചെയ്തു. എൽഐസി, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ തുടങ്ങിയവ ബാങ്കിലെ പ്രമുഖ ഓഹരി ഉടമകളാണ്.

ഫിനോ പേമെൻ്റ്സ് ബാങ്കിൻ്റെ മാതൃ കമ്പനിയായ ഫിനോ പേടെക് എന്തുകൊണ്ടാണു തങ്ങൾ നിയമിച്ചവരെ പുറത്താക്കിയത് എന്നു വിശദീകരിച്ചിട്ടില്ല. ഐപിഒ വിലയേക്കാൾ അഞ്ചു ശതമാനം താഴ്ന്ന് 544 രൂപയിൽ ലിസ്റ്റ് ചെയ്ത ഫിനോ കഴിഞ്ഞ വെള്ളിയാഴ്ച 298.4 രൂപയായിരുന്നു. ഇന്നു രാവിലെ ഓഹരിവില ആറു ശതമാനത്തിലധികം ഇടിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ 30 ശതമാനത്തിലധികം ഇടിഞ്ഞ നെറ്റ് വർക്ക് 18, ടിവി 18 എന്നിവ ഇന്നു രാവിലെ മൂന്നു ശതമാനത്തോളം ഉയർന്നു. റിലയൻസ് ഗ്രൂപ്പിൽ പെട്ടതാണ് ഈ കമ്പനികൾ.

റിലയൻസും വയാകോം 18-ഉം ചേർന്നുള്ള ബിസിനസിൽ ബോധി ട്രീ സിസ്റ്റംസ് ചേരുന്നു എന്ന പ്രഖ്യാപനത്തെ തുടർന്നാണ് ഇവ ഇടിഞ്ഞത്. ജയിംസ് മർഡക്കും ഉദയശങ്കറും ചേർന്നു നടത്തുന്നതാണ് ബോധി ട്രീ സിസ്റ്റംസ്.

ലയന റിപ്പോർട്ടുകളെ തുടർന്നു എൽ ആൻഡ് ടി ഇൻഫോടെക്കും മൈൻഡ് ട്രീയും താഴോട്ടു പോകുന്നത് ഇന്നും തുടർന്നു.

മികച്ച നാലാം പാദ റിസൽട്ടും ഭാവിയെപ്പറ്റിയുള്ള നല്ല സൂചനയും കാൻഫിൻ ഹോംസ് , ടാറ്റാ കെമിക്കൽസ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരിവില നാലു മുതൽ പത്തു വരെ ശതമാനം ഉയർത്തി.

ആഗോള വിപണിയിൽ സ്വർണം 1885 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവന് 160 രൂപ കുറഞ്ഞ് 37,760 രൂപ ആയി. ഏപ്രിൽ 19- നെ അപക്ഷിച്ചു പവന് 2120 രൂപ കുറവുണ്ട് ഇന്ന്. 

ഡോളർ രാവിലെ ഏഴു പൈസ നേട്ടത്തിൽ 76.50 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 76.41 രൂപയിലേക്കു ഡോളർ താണു.

ഈദ് ഉൽ ഫിത്വർ പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണി നാളെ അവധിയിലാണ്.

Tags:    

Similar News