വിൽപന സമ്മർദത്തിൽ ബുള്ളുകൾക്കു തിരിച്ചടി; മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർച്ചയിൽ; ടിവിഎസ് മോട്ടോറിൻ്റെ ഓഹരി വില ഉയർന്നതിന് കാരണം?

മുഖ്യസൂചികകളുടെ പ്രകടനം വിപണിയുടെ യഥാർഥ ചിത്രം കാണിക്കുന്നതല്ല

Update:2021-11-09 10:54 IST

ലാഭമെടുക്കലിനുള്ള വിൽപന സമ്മർദവും ബാങ്ക്, ധനകാര്യ ഓഹരികളുടെ ദൗർബല്യവും വിപണിയെ ഇന്നു തുടക്കത്തിൽ താഴോട്ടു വലിച്ചു. പിന്നീട് ബാങ്ക് സൂചിക നേട്ടത്തിലായതോടെ മുഖ്യസൂചികകളും നേട്ടത്തിലായി. ബാങ്കുകൾ വീണ്ടും നഷ്ടത്തിലായപ്പോൾ മുഖ്യ സൂചികകളും താഴോട്ടായി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 60,500നു താഴെയാണ്. നിഫ്റ്റി 18,050 നു താഴെയും.

എച്ച്ഡിഎഫ്സി ബാങ്കും എസ്ബിഐയും അടക്കമുള്ളവയിൽ വിദേശ ഫണ്ടുകൾ വിൽപനക്കാരായി എന്നാണു ബ്രോക്കർമാർ പറയുന്നത്.
മുഖ്യസൂചികകളുടെ പ്രകടനം വിപണിയുടെ യഥാർഥ ചിത്രം കാണിക്കുന്നതല്ല. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർച്ചയിലാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഉയരത്തിലെത്തി. എൻഎസ്ഇയിൽ 1740 ഓഹരികൾ ഉയർന്നപ്പോൾ 610 എണ്ണമാണു താണത്.
ഇലക്ട്രിക് വാഹന വിപണിയിലേക്കു കടക്കാൻ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം സ്വീകരിക്കുമെന്ന ടിവിഎസ് മോട്ടോറിൻ്റെ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി 10 ശതമാനം ഉയർന്നു. 50 കോടി ഡോളറാണ് ഈ വഴിയിലൂടെ സമാഹരിക്കുക. കമ്പനിയിൽ ഭൂരിപക്ഷ ഓഹരി ഉള്ള സുന്ദരം ക്ലേറ്റൺ ഓഹരി ഏഴു ശതമാനത്തിലധികം ഉയർന്നു.
പ്രതീക്ഷയിലും മോശമായ റിസൽട്ടിനെ തുടർന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസിൻ്റെ ഓഹരി വില മൂന്നു ശതമാനത്തോളം താണു. മോശം റിസൽട്ട് പുറത്തു വിട്ടെങ്കിലും അരബിന്ദോ ഫാർമ ഓഹരി അഞ്ചു ശതമാനം കയറി.
സീ ഗ്രൂപ്പിലെ ഡിഷ് ടിവിയുടെ മാനേജ്മെൻറ് മാറ്റാൻ യെസ് ബാങ്ക് ശ്രമിക്കുന്നതിനിടെ ബാങ്കിനു തിരിച്ചടി. ബാങ്കിൻ്റെ പക്കലുള്ള ഡിഷ് ടിവി ഓഹരികൾ പോലീസ് മരവിപ്പിച്ചു. കേസിൽ അന്വേഷണം തീരും വരെ ഓഹരികൾ കൈമാറുന്നതടക്കമുള്ള കാര്യങ്ങൾക്കാണു വിലക്ക്.
ഇന്നലെ വലിയ താഴ്ച നേരിട്ട ഇൻഡസ് ഇൻഡ് ബാങ്കും ഡിവീസ് ലാബും ഇന്നു കയറി.
ഡോളർ ഇന്നും താണു. 13 പൈസ കുറഞ്ഞ് 73.90 രൂപയിലാണു വ്യാപാരം തുടങ്ങിയത്. ആഴ്ചകൾക്കു ശേഷമാണു ഡോളർ 74 രൂപയ്ക്കു താഴെയാകുന്നത്. ഒന്നര മാസത്തിനിടയിലെ ഏറ്റവും താണ നിലയിലാണു ഡോളർ.
ലോക വിപണിയിൽ സ്വർണം 1822 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 36,000 രൂപയായി.
ക്രൂഡ് ഓയിൽ വില 83.3 ഡോളറിലേക്കു താണു.


Tags:    

Similar News