ആശ്വാസ റാലിയിൽ കുതിപ്പ്; ഐ ടി സർവീസ് കമ്പനികൾ മുന്നേറുന്നു; നേട്ടം തുടരാതെ ബാങ്കിംഗ് ഓഹരികൾ

പുതുതലമുറ ഓഹരികൾ രാവിലെ നാലു ശതമാനത്തിലേറെ ഉയർന്നു

Update:2021-12-21 11:39 IST

പ്രതീക്ഷപോലെ മികച്ചൊരു ആശ്വാസ റാലി. തുടക്കം തന്നെ ഒരു ശതമാനം ഉയർച്ചയോടെയായിരുന്നു. പിന്നീട് മുഖ്യസൂചികകൾ കുറേക്കൂടി ഉയർന്നു.

ബാങ്ക്, ധനകാര്യ ഓഹരികൾ തുടക്കത്തിൽ വലിയ നേട്ടംകുറിച്ചെങ്കിലും പിന്നീടു വിലകൾ കുറഞ്ഞു. ഇന്നലെ റിസർവ് ബാങ്കിൻ്റെ റിവേഴ്സ് റീപോ ലേലത്തിൽ പലിശ നിരക്ക് 3.99 ശതമാനത്തിലേക്ക് ഉയർന്നു. ഇതനുസരിച്ച് കടപ്പത്ര വിലകൾ കുറഞ്ഞു.

വരും നാളുകളിൽ കടപ്പത്ര വില വീണ്ടും കുറയും. ഇതു ബാങ്കുകൾക്കു കടപ്പത്ര പോർട്ട് ഫോളിയോയിൽ നഷ്ടം വരുത്തും. അതാണു ബാങ്കുകളെ വലയ്ക്കുന്നത്.

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നത് ഓയിൽ - ഗ്യാസ് ഓഹരികൾക്കു നേട്ടമായി. ചൈനയിൽ സ്റ്റീൽ ഡിമാൻഡ് വർധിച്ചതു ടാറ്റാ സ്റ്റീലും സെയിലും അടക്കമുള്ള സ്റ്റീൽ കമ്പനികൾക്കു നേട്ടമായി.

അലൂമിനിയം വില അടുത്ത വർഷം ടണ്ണിനു 3000 ഡോളറിലധികമാകുമെന്ന ഫിച്ച് റേറ്റിംഗ്സ് റിപ്പോർട്ട് ഹിൻഡാൽകോ, വേദാന്ത ഓഹരികളെ ഉയർത്തി.

കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോയിരുന്ന സൊമാറ്റോ, പിബി ഫിൻടെക്, നൈകാ, പേടിഎം, ദേവയാനി ഇൻ്റർ നാഷണൽ തുടങ്ങിയ പുതുതലമുറ ഓഹരികൾ രാവിലെ നാലു ശതമാനത്തിലേറെ ഉയർന്നു.

തുടർച്ചയായ ഏഴാം മാസവും വരിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും വോഡഫോൺ ഐഡിയ ഓഹരി മൂന്നു ശതമാനം ഉയർന്നു. ഭാരതി എയർടെലിനും ഒക്ടോബറിൽ വരിക്കാർ നഷ്ടമായി.റിലയൻസ് ജിയോയ്ക്കു വരിക്കാർ കൂടി.

ഐടി സർവീസ് കമ്പനികൾ ഇന്നു രാവിലെ രണ്ടു മുതൽ നാലുവരെ ശതമാനം കയറി.

ഫ്യൂച്ചറിലെ ആമസോൺ നിക്ഷേപത്തിനു നൽകിയ അംഗീകാരം കോംപറ്റീഷൻ കമ്മീഷൻ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് ഇന്നലെ ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികൾ 20 ശതമാനത്തോളം ഉയർന്നിരുന്നു. ഇന്നു പക്ഷേ, ആ ഓഹരികൾ ആറു ശതമാനം വരെ താണു.

1033 രൂപയ്ക്ക് ഇഷ്യു നടത്തിയ മാപ് മെെ ഇന്ത്യ (സിഇ ഇൻഫോ സിസ്റ്റംസ് ) 1586 രൂപയിൽ ലിസ്റ്റ് ചെയ്തു. സമീപ ഐപിഒകളിൽ നല്ല നേട്ടത്തോടെ ലിസ്റ്റ് ചെയ്ത ഓഹരിയാണിത്. പിന്നീടു വില അൽപം താണെങ്കിലും ഇഷ്യു വിലയേക്കാൾ 40 ശതമാനം ഉയരത്തിലാണ്.

രൂപ വീണ്ടും നേട്ടത്തിലായി. ഡോളർ 18 പൈസ നഷ്ടത്തിൽ 75.72 രൂപയിലാണു വ്യാപാരം തുടങ്ങിയത്.

സ്വർണം ലോകവിപണിയിൽ 1791 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 320 രൂപ കുറഞ്ഞ് 36,240 രൂപയായി.

Tags:    

Similar News