ബജറ്റിൽ പ്രതീക്ഷയോടെ ഓഹരി വിപണി; സൂചികകൾ മുന്നേറ്റത്തിൽ
ബജറ്റ് ആഘോഷത്തിനു വക നൽകുമെന്ന ആവേശം നിക്ഷേപകരിൽ പ്രകടമാണ്
ബജറ്റവതരണത്തിനു തൊട്ടു മുൻപു വിപണി പ്രത്യാശയ്ക്കു മുൻതൂക്കമുള്ള മാനസികാവസ്ഥയിലാണ് രാവിലെ വ്യാപാരം തുടങ്ങിയത്. എങ്കിലും ബജറ്റ് എന്താണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന ആശങ്ക പ്രകടമായിരുന്നു. വ്യാപാരം പുരോഗമിക്കും തോറും ബജറ്റ് ആഘോഷത്തിനു വക നൽകുമെന്ന ആവേശം നിക്ഷേപകരിൽ പ്രകടമായി.
ബാങ്കുകൾ, ധനകാര്യ കമ്പനികൾ, റിയൽറ്റി കമ്പനികൾ തുടങ്ങിയവ ഇന്നു കയറ്റത്തിനു മുന്നിൽ നിന്നു.
വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 200 പോയിൻ്റും സെൻസെക്സ് 750 പോയിൻ്റും നേട്ടത്തിലായിരുന്നു.
നഷ്ടം കുറഞ്ഞെങ്കിലും വരുമാനമടക്കമുള്ള കാര്യങ്ങളിൽ വിപണിയുടെ പ്രതീക്ഷയ്ക്കൊപ്പം മൂന്നാം പാദ ഫലം വരാത്തതിനാൽ ടാറ്റാ മോട്ടോഴ്സ് ഓഹരി വില രണ്ടര ശതമാനത്തോളം താണു.
ജനുവരിയിലെ വാഹന വിൽപന പ്രതീക്ഷയിലും കുറവായത് ബജാജ് ഓട്ടാേയുടെ വില അൽപം താഴ്ത്തി.
ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ മോശമായില്ലെങ്കിലും ഓഹരികൾ താഴോട്ടു പോയി. ആഗോളവില വളരെ ഉയർന്നിട്ടും ഇന്ധന വിൽപന വില ഉയർത്താത്തതു ലാഭമാർജിൻ കുറയ്ക്കും എന്നതാണു കാരണം.
ബജറ്റിൽ സിഗററ്റിനു നികുതി കൂട്ടുമെന്ന ധാരണയിൽ ഐടിസി, വിഎസ്ടി, ഗോഡ്ഫ്രെ ഫിലിപ്സ് തുടങ്ങിയവയുടെ വില കുറഞ്ഞു.
ലോക വിപണിയിൽ സ്വർണം 1795 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു.
രൂപ ഇന്നും നേട്ടമുണ്ടാക്കി. ഡോളർ 13 പൈസ നഷ്ടത്തിൽ 74.48 രൂപയിലാണു വ്യാപാരം തുടങ്ങിയത്.