വിപണി ഉണർവിൽ; വോഡഫോണിനെ സർക്കാർ ഏറ്റെടുക്കുമോ?

വിപണിയുടെ തുടക്കം ഉണർവോടെ, വിൽപ്പന സമ്മർദ്ദത്തിൽ താഴേക്ക്, സൊമാറ്റോ ഓഹരി വില മുകളിലേക്ക്

Update: 2021-07-27 05:35 GMT

ഉണർവോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു വിൽപനസമ്മർദത്തിൽ അൽപം താണു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 53,000 നടുത്തും നിഫ്റ്റി 15,875 ലുമാണ്.

ബാങ്ക് ഓഹരികൾ ഇന്നു രാവിലെ ഉയർന്നാണു വ്യാപാരം തുടങ്ങിയത്. കേരളത്തിൽ നിന്നുള്ള നാലു ബാങ്കുകളും തുടക്കത്തിൽ ഉയർന്നു.
വ്യാവസായിക ലോഹങ്ങൾക്കു വില വർധിക്കുന്നത് ഹിൻഡാൽകോയുടെ വില നാലു ശതമാനത്തോളം ഉയർത്തി. എന്നാൽ വേദാന്തയുടെ വില രാവിലെ താണു. ഇന്നലെയാണ് വേദാന്ത ഒന്നാം പാദ റിസൽട്ട് പുറത്തുവിട്ടത്.
ചൈനയിൽ പ്രധാന ലോഹ നിർമാണ ഫാക്ടറികൾ പ്രവർത്തിക്കുന്ന ഹെനാൻ പ്രവിശ്യയിലെ വെള്ളപ്പൊക്കം ലോഹലഭ്യതയെ ബാധിക്കുമെന്നു റിപ്പോർട്ടുണ്ട്.
ധാതുക്കളുടെ കയറ്റുമതി വർധിക്കുന്നത് മിനറൽസ് ആൻസ് മെറ്റൽസ് ട്രേഡിംഗ് കോർപ്പറേഷൻ്റെ (എംഎംടിസി) വില എട്ടു ശതമാനത്തോളം ഉയർത്തി.
ചൈന സ്റ്റീൽ കയറ്റുമതിക്കു 10 മുതൽ 25 വരെ ശതമാനം ചുങ്കം ചുമത്തുമെന്ന റിപ്പോർട്ട് സ്റ്റീൽ കമ്പനികളുടെ വില കൂട്ടി.
അമേരിക്കൻ വിപണിയിൽ ഉൽപ്പന്ന വില ഗണ്യമായി കുറയ്ക്കേണ്ടി വന്നത് അലെംബിക് ഫാർമയുടെ ഒന്നാം പാദ റിസൽട്ടിനെ സാരമായി ബാധിച്ചു. യു എസിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞു. ഇത് ഓഹരി വില പത്തു ശതമാനം താഴ്ത്തി.അടുത്ത പാദങ്ങളിലെ വരുമാനം സംബസിച്ച് സൂചന നൽകാൻ കമ്പനി തയാറായില്ല.
പ്രതിസന്ധിയിലായ വോഡഫോൺ ഐഡിയയെ ഗവണ്മെൻ്റ് ഏറ്റെടുത്ത് ബിഎസ്എൻഎലുമായി ലയിപ്പിക്കണം എന്നു ഡോയിച്ച് ബാങ്ക് നിർദേശിച്ചു. 1.8 ലക്ഷം കോടി രൂപ കടമുള്ള കമ്പനി സുപ്രീം കോടതി വിധിക്കെതിരേ റിവ്യു ഹർജി നൽകാൻ ഒരുങ്ങുകയാണ്. കമ്പനി സർക്കാരിനു റവന്യു വിഹിതമായും സ്പെക്ട്രം ലൈസൻസ് ഫീസ് ആയും മൊത്തം 1.3 ലക്ഷം കോടി രൂപ നൽകാനുണ്ട്. സർക്കാർ ഇടപെടാതെ വോഡഫോൺ ഐഡിയയ്ക്കു നിലനിൽപ് സാധ്യമല്ലാത്ത നിലയായി. കമ്പനിയുടെ ഓഹരി വില ഇന്ന് ഉയർന്നു.
വെള്ളിയാഴ്ച ലിസ്റ്റ് ചെയ്ത സൊമാറ്റോ ഇന്നു രാവിലെ നാലര ശതമാനം ഉയർന്നു.
ഡോളർ ഇന്നും താഴാേട്ടു നീങ്ങി. ആറു പൈസ താണ് 74.36 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
സ്വർണ വില ഔൺസിന് 1799 ഡോളറിൽ തുടരുന്നു.കേരളത്തിൽ പവന് 160 രൂപ താണ് 35,680 രൂപ ആയി.


Tags:    

Similar News