അദാനി കമ്പനികള്‍ ആവേശത്തില്‍, അപ്പര്‍ സര്‍ക്യൂട്ട് വിടാതെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റെക്കോഡ് തിരുത്തി എച്ച്.ഡി.എഫ്.സി
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 50 പോയിന്റും സെന്‍സെക്‌സ് 140 പോയിന്റും ഉയര്‍ന്നു
വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കകം ചാഞ്ചാട്ടത്തിലായി. പിന്നീടു കയറ്റത്തിലേക്കു മാറി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 50 പോയിന്റും സെന്‍സെക്‌സ് 140 പോയിന്റും ഉയര്‍ന്നു നില്‍ക്കുന്നു.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും ഉയര്‍ന്നു. അദാനി ഗ്രീനും എനര്‍ജിയും 10 ശതമാനം വീതം കയറി. ടോട്ടല്‍ 11.5 ശതമാനവും പവര്‍ 7.5 ശതമാനവും കുതിച്ചു. അദാനി എന്റര്‍പ്രൈസസ് നാലും പോര്‍ട്‌സ് ഒരു ശതമനവും നേട്ടത്തിലാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക് 1836.10 രൂപ വരെ കയറി റെക്കോര്‍ഡ് തിരുത്തി.
ബാങ്ക്, ധനകാര്യ, മീഡിയ, മെറ്റല്‍, എഫ്.എം.സി.ജി, റിയല്‍റ്റി, ഓയില്‍ - ഗ്യാസ് മേഖലകള്‍ ഇന്നു കയറ്റത്തിലായി. ഐ.ടി, ഓട്ടോ, ഹെല്‍ത്ത് കെയര്‍, ഫാര്‍മ മേഖലകള്‍ താഴ്ന്നു.
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ നല്ല നേട്ടം കുറിച്ചു.
ഇന്നലെ 20 ശതമാനം കുതിച്ച ഒല ഇലക്ട്രിക് ഇന്നു രാവിലെ അഞ്ചു ശതമാനം ഉയര്‍ന്നു. പിന്നീടു നേട്ടം കുറഞ്ഞു.
ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു ശതമാനം ഉയര്‍ന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്നും രാവിലെ അഞ്ചു ശതമാനം കയറി.
ഹഡ്‌കോയില്‍ നിന്ന് 600 കോടി രൂപയുടെ കരാര്‍ ലഭിച്ച എന്‍ബിസിസി അഞ്ചു ശതമാനം നേട്ടത്തിലായി. ഹഡ്‌കോ ഓഹരി 5.5 ശതമാനം ഉയര്‍ന്നു.
ഇക്ര റേറ്റിംഗ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നാലു ശതമാനത്തോളം കയറി.
ചെന്നൈ മെട്രോയില്‍ നിന്നു 2501 കോടി രൂപയുടെ കരാര്‍ ലഭിച്ചത് ബി.ഇ.എം.എല്‍ ഓഹരിയെ മൂന്നു ശതമാനം ഉയര്‍ത്തി.
പ്രസ്റ്റീജ് എസ്റ്റേറ്റ്‌സിനെ മോര്‍ഗന്‍ സ്റ്റാന്‍ലി അണ്ടര്‍ വെയ്റ്റിലേക്കു തരം താഴ്ത്തി. എന്നാല്‍ ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനത്തിലധികം കയറി. ഈ സാമ്പത്തിക വര്‍ഷം 18,000 കോടി രൂപയുടെ പ്രീ സെയില്‍സ് പ്രതീക്ഷിക്കുന്നതായി കമ്പനി എംഡി പറഞ്ഞു. ഈ വര്‍ഷം പ്രതീക്ഷിച്ച വരുമാനത്തിന്റെ 29 ശതമാനമേ അര്‍ധവര്‍ഷം നേടിയുള്ളൂ എന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടിയിരുന്നു. 50,000 കോടി രൂപയുടെ പദ്ധതികള്‍ അംഗീകാരത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നു കമ്പനി വിശദീകരിച്ചു.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 84.45 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.47 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ രാവിലത്തെ താഴ്ചയില്‍ നിന്നു കയറി 2631 ഡോളറില്‍ എത്തി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 56,720 രൂപ ആയി.
ക്രൂഡ് ഓയില്‍ താഴ്ച തുടരുന്നു. ബ്രെന്റ് ഇനം 72.69 ഡോളര്‍ ആയി.