വീണ്ടും പച്ചതെളിഞ്ഞ് വിപണി, അടിച്ചുകയറി ഓല, അദാനി ഗ്രൂപ്പ് ഓഹരികള്‍ നേട്ടത്തില്‍, മികച്ച പ്രകടനവുമായി ആസ്റ്റര്‍

എനർജി, ഓട്ടോ, മെറ്റൽ, ബാങ്ക് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു

Update:2024-11-27 18:07 IST

ഇന്നലെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച വിപണി ഇന്ന് നേട്ടത്തിലേക്ക് കുതിച്ചു. എനർജി, ഓട്ടോ, മെറ്റൽ, ബാങ്ക് ഓഹരികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായത് വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപകര്‍ ചെറിയ തോതിലാണെങ്കിലും വാങ്ങുന്ന പ്രവണത കാഴ്ചവെച്ചത് പോസിറ്റീവ് സൂചനയായി കാണാവുന്നതാണ്.

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിൻ്റെ അനന്തരഫലങ്ങളായി ഇന്ത്യക്കെതിരെ കടുത്ത നടപടികളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന നിക്ഷേപകരുടെ ആത്മവിശ്വാസവും വിപണിക്ക് തുണയായി.
ട്രംപിൻ്റെ താരിഫ് പദ്ധതി പ്രാരംഭ ഘട്ടത്തിൽ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകളുളളത്. യു.എസുമായി ഇന്ത്യക്ക് വ്യാപാര മിച്ചമുള്ളതിനാൽ ട്രംപിൻ്റെ റഡാറിന് കീഴിൽ ഇന്ത്യ ഉള്‍പ്പെടാനുളള സാധ്യതകളും തളളിക്കളയാനാവില്ല.
സെൻസെക്സ് 0.29 ശതമാനം ഉയർന്ന് 80,234.08 ലും നിഫ്റ്റി 0.33 ശതമാനം ഉയർന്ന് 24,274.90 ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 230.02 പോയിന്റും നിഫ്റ്റി 80.40 പോയിൻ്റും നേട്ടമുണ്ടാക്കി.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം സൂചികകളും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സ്മാള്‍ക്യാപ് 1.30 ശതമാനത്തിന്റെയും മിഡ് ക്യാപ് 0.64 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി മീഡിയ 0.98 ശതമാനത്തിന്റെയും മെറ്റല്‍ 0.79 ശതമാനത്തിന്റെയും ഓയില്‍ ആന്‍ഡ് ഗ്യാസ് 0.56 ശതമാനത്തിന്റെയും ഉയര്‍ച്ച രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ പ്രകടനം

 

നിഫ്റ്റി ഫാര്‍മ 0.61 ശതമാനത്തിന്റെ ഇടിവോടെ നഷ്ടകണക്കില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി ഹെല്‍ത്ത് കെയര്‍ 0.46 ശതമാനത്തിന്റെയും റിയല്‍റ്റി 0.41 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.

ബി.എസ്.ഇ യിൽ വ്യാപാരം നടത്തിയ 4,021 ഓഹരികളില്‍ 2,566 ഓഹരികള്‍ നേട്ടത്തിലായിരുന്നപ്പോള്‍ 1,323 ഓഹരികൾ നഷ്ടത്തിലായിരുന്നു,132 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലവാരം രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 213 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയവ 34 ഉം ആയിരുന്നു. 370 ഓഹരികൾ അപ്പർ സർക്യൂട്ടിലും 215 ലോവർ സർക്യൂട്ടിലും വ്യാപാരം നടത്തി.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. സ്ഥാപകൻ ഗൗതം അദാനിക്കും മറ്റ് എക്സിക്യൂട്ടീവുകൾക്കുമെതിരായ യു.എസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്.സി.പി.എ) പ്രകാരമുള്ള കൈക്കൂലി, അഴിമതി ആരോപണങ്ങൾ നിരാകരിച്ച അദാനി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ വിശദീകരണത്തെത്തുടർന്നാണ് ഓഹരികള്‍ മുന്നേറ്റം നടത്തിയത്. വിപണി മൂല്യത്തിൽ ഇത് 1.2 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് സംഭാവന ചെയ്തത്.
നേട്ടത്തിലായവര്‍

 

അദാനി എൻ്റർപ്രൈസസ് ഓഹരി 11.5 ശതമാനം ഉയർന്ന് 2,397.8 രൂപയിലെത്തി. അദാനി പോർട്ട്സ് 6.3 ശതമാനം നേട്ടമുണ്ടാക്കി 1,199.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ് ഓഹരികളും 10 ശതമാനം അപ്പർ സർക്യൂട്ടിലെത്തി 890 രൂപയിലും 660.8 രൂപയിലും ക്ലോസ് ചെയ്തു. അദാനി പവർ ഓഹരികൾ 19.5 ശതമാനം നേട്ടത്തോടെ 523.05 രൂപയിലാണ് ക്ലോസ് ചെയ്തത്.

നിശബ്ദമായ അരങ്ങേറ്റം കുറിച്ച എന്‍.ടി.പി.സി ഗ്രീൻ എനർജി ഏകദേശം 13 ശതമാനം ഉയർന്നു. ഒരു ട്രില്യൺ മാർക്കറ്റ് ക്യാപ് ക്ലബ്ബിൽ ചേരാനും കമ്പനിക്കായി. 121 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഇന്നത്തെ ബ്ലോക്ക്ബസ്റ്റർ ഓഹരി ഓല ഇലക്ട്രിക്ക് ആയിരുന്നു. എസ് 1 ഇസഡ്, ഗിഗ് ഇലക്ട്രിക് സ്കൂട്ടറുകൾ 39,000 രൂപയിൽ കമ്പനി അവതരിപ്പിച്ചതാണ് ഓഹരി നേട്ടത്തിലാകാനുളള കാരണം. ഓഹരി 20 ശതമാനം വരെ ഉയർന്ന് 88 രൂപയിലാണ് ക്ലോസ് ചെയ്തത്.
കമ്പനിയുടെ പ്രീ-സെയിൽസ് വളർച്ച മന്ദഗതിയിലായതിൻ്റെ പശ്ചാത്തലത്തിൽ മോർഗൻ സ്റ്റാൻലി റേറ്റിംഗ് താഴ്ത്തിയതിനാല്‍ പ്രസ്റ്റീജ് എസ്റ്റേറ്റ്സ് ഓഹരി 5 ശതമാനത്തോളം ഇടിഞ്ഞു. കൂടാതെ ബ്രോക്കറേജ് ഓഹരിയുടെ ലക്ഷ്യ വില 1,510 രൂപയായി കുറയ്ക്കുകയും ചെയ്തു. 1,627 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
നഷ്ടത്തിലായവര്‍

 

അപ്പോളോ ഹോസ്പിറ്റൽസ് (-1.34%), ടൈറ്റൻ (-1.07%), വിപ്രോ (-0.87%), ശ്രീറാം ഫിനാൻസ് (-0.83%), ഹിൻഡാൽകോ (-0.72%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ഗോദ്‌റെജ് പ്രോപ്പർട്ടീസ് ഓഹരി 2 ദിവസത്തിനുള്ളിൽ 4 ശതമാനം ഇടിഞ്ഞു. ഒക്ടോബറിലെ റെസിഡൻഷ്യൽ വിൽപന 6 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനാൽ കഴിഞ്ഞ ആഴ്‌ചയിൽ ഓഹരികൾ കുതിച്ചുയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിക്ഷേപകർ ലാഭ ബുക്കിംഗില്‍ ഏര്‍പ്പെട്ടതാണ് നഷ്ടത്തിലേക്ക് വീഴാന്‍ കാരണം. ഓഹരി 2,831 രൂപയിലാണ് ക്ലോസ് ചെയ്തത്.

മികച്ച പ്രകടനവുമായി ആസ്റ്ററും 
കൊച്ചിൻ ഷിപ്പ്‌യാർഡും
 

കേരളാ കമ്പനികളുടെ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 9 ശതമാനത്തിന്റെ മികച്ച മുന്നേറ്റം നടത്തി. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മഹാരാഷ്ട്ര കോലാപൂരിലെ പ്രേരണ ഹോസ്പിറ്റല്‍ ലിമിറ്റഡിന്റെ (ആസ്റ്റര്‍ ആധാര്‍) ശേഷിക്കുന്ന ഓഹരികള്‍ കൂടി ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പു വച്ചു. ഇതോടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ കൈവശമാകും കമ്പനിയുടെ 100 ശതമാനം ഓഹരികളും. കോലാപ്പൂരിലെ 254 കിടക്കകളുള്ള ആസ്റ്റര്‍ ആധാര്‍ ആശുപത്രി നഗരത്തിലെ ഏറ്റവും സമഗ്രമായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. ഓഹരി 480 രൂപയിലാണ് ക്ലോസ് ചെയ്തത്.
കേരളാ കമ്പനികളുടെ പ്രകടനം

 

കൊച്ചിൻ ഷിപ്പ്‌യാർഡ് 5 ശതമാനം ഉയര്‍ന്ന് 1504 രൂപയിലാണ് ക്ലോസ് ചെയ്തത്. ടോളിന്‍ ടയേഴ്സും ബി.പി.എല്ലും ആഡ്ടെക് സിസ്റ്റംസും 5 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവെച്ചു.
7 ശതമാനത്തിന്റെ ഇടിവുമായി എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ് നഷ്ടകണക്കില്‍ മുന്നിട്ടു നിന്നു. നിറ്റാ ജെലാറ്റിന്‍, ഹാരിസണ്‍സ് മലയാളം, അപ്പോളോ ടയേഴ്സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളും നഷ്ടത്തോടെയാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
Tags:    

Similar News