കോഴക്കുറ്റമോ! മാധ്യമങ്ങളുടെ വിവരക്കേടെന്ന് അദാനി ഗ്രൂപ്പ്, പ്രസ്താവനയില്‍ കുതിച്ച് ഓഹരികള്‍

11 ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 55 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി കമ്പനി

Update:2024-11-27 17:36 IST

Image Courtesy: Canva

അദാനിക്കോഴയില്‍ വിശദാന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ് പാര്‍ലമെന്റ്. എന്നാല്‍ അമേരിക്കയുടെ വിദേശ അഴിമതിവിരുദ്ധ നിയമപ്രകാരം ഗൗതം അദാനിക്കും മറ്റുമെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് വാദിക്കുകയാണ് അദാനി ഗ്രൂപ്പ്. അമേരിക്കയുടെ അറസ്റ്റ് വാറണ്ട് നില്‍ക്കേയാണ് ഈ വാദഗതികള്‍. മുതിർന്ന അഭിഭാഷകൻ മുകുൽ രോഹത്തഗി അദാനിയെ സപ്പോർട്ട് ചെയ്തു രംഗത്ത് വന്നിട്ടുണ്ട്.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അനന്തിരവന്‍ സാഗര്‍ അദാനി, സീനിയര്‍ എക്‌സിക്യൂട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യു.എസ് ഫോറിന്‍ കറപ്റ്റ് ആക്റ്റ് (FCPA) പ്രകാരം കേസെടുത്തിട്ടില്ലെന്നാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ പ്രസ്താവന.
യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ കുറ്റപത്രത്തിലും യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവില്‍ പരാതിയിലും ഇവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും കമ്പനി പറയുന്നു. എന്നാല്‍ തട്ടിപ്പ്, ഗൂഡാലോചന, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് കേസുകള്‍ ഈ വ്യക്തികള്‍ക്കെതിരെയുണ്ടെന്നും കമ്പനി വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണികളില്‍ പ്രവര്‍ത്തനം വിപുലീകരിച്ചു വരുന്ന കമ്പനി യു.എസ്, ചൈന എന്നിവിടങ്ങളിലെ കമ്പനികളുമായി ആഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, ഇസ്രായേല്‍, ഓസ്‌ട്രേലിയ എന്നീ വിപണികളില്‍ നേരിട്ട് മത്സരിക്കുന്നുണ്ട്. യു.എസ് കോടതിയുടെ അഴിമതി ആരോപണ വാര്‍ത്തകള്‍ക്ക് പിന്നാലെ ഗ്രൂപ്പിന് കൂഴിലുള്ള 11 ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 55 ബില്യണ്‍ ഡോളറിന്റെ (
ഏകദേശം 4.64 ലക്ഷം കോടി രൂപ
) നഷ്ടമുണ്ടായതായും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

നിരന്തരമായ പ്രതിസന്ധികള്‍

20 വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം ലഭിക്കുന്ന സൗരോര്‍ജ പദ്ധതിയുടെ കരാര്‍ നേടുന്നതിന് അദാനിയും കൂട്ടരും ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് 250 ദശലക്ഷത്തിലധികം ഡോളര്‍ കൈക്കൂലി നല്‍കിയെന്നതായിരുന്നു യു.എസ് കോടതിയുടെ ആരോപണം. കൈക്കൂലി നല്‍കിയെന്ന ആരോപണം യു.എസ് നിക്ഷേപകരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറച്ചു വച്ചുവെന്നും യു.എസ് കോടതി ആരോപിച്ചു.
2023ന്റെ തുടക്കത്തില്‍ അദാനിക്കെതിരെ അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് കടുത്ത തിരിച്ചടിയായിരുന്നു. അതില്‍ നിന്ന് ഓഹരികള്‍ ഏതാണ്ട് കരകയറി വരുമ്പോഴാണ് പുതിയ പ്രതിസന്ധി. കമ്പനിയെ കുറിച്ചുള്ള നിക്ഷേപകരുടെ വിശ്വാസത്തെയും കോര്‍പ്പറേറ്റ് ഗവേണന്‍സിനെയും ബാധിക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍.

ഓഹരികള്‍ക്ക് വന്‍ മുന്നേറ്റം

കമ്പനിയുടെ വിശദീകരണത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് വന്‍ മുന്നേറ്റത്തിലാണ്. ആരോപണവിധേയമായ അദാനി ഗ്രീന്‍ എനര്‍ജി 10 ശതമാനവും അദാനി പവര്‍ 19.5 ശതമാനവും ഉയര്‍ന്നു. എ.സി.സി (4.3 ശതമാനം), അദാനി എന്റര്‍പ്രൈസസ് (11.5 ശതമാനം), അദാനി പോര്‍ട്‌സ് (6.3 ശതമാനം), അംബുജ സിമന്റ്‌സ് (4.3 ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (19.8 ശതമാനം), അദാനി വില്‍മര്‍ (8.4 ശതമാനം) എന്നിവയും മികച്ച മുന്നേറ്റം കാഴ്ചവച്ചു.
Tags:    

Similar News