ആശ്വാസറാലി തുടരാൻ തടസങ്ങൾ; വിദേശ സൂചനകൾ നെഗറ്റീവ്; ഡോളർ കയറുന്നു; സ്വർണം വീണ്ടും താഴ്ചയിൽ

രൂപ താഴുന്നു; ക്രിപ്റ്റോകൾ തിരിച്ചു കയറി; ക്രൂഡ് വിലയില്‍ നേരിയ കുറവ്

Update:2024-11-28 07:28 IST

അദാനി ഗ്രൂപ്പിൻ്റെ ബലത്തിൽ ബുധനാഴ്ച ആശ്വാസ റാലി നടത്തിയ ഇന്ത്യൻ വിപണി വീണ്ടും താഴ്ചയിലേക്കു നീങ്ങും എന്ന സൂചനയാണ് ഇന്നു രാവിലെ ഉള്ളത്. യുഎസ്, യൂറോപ്യൻ വിപണികൾ താഴ്ന്നു. ഏഷ്യൻ വിപണികളിൽ മിക്കവയും താഴ്ചയിലാണ്. ഇന്നു പ്രതിമാസ സെറ്റിൽമെൻ്റ് ദിവസമാണ്. യുഎസിൽ താങ്ക്സ് ഗിവിംഗ് അവധിയുമാണ്. എല്ലാം വിപണിയെ നെഗറ്റീവ് ആയി സ്വാധീനിക്കാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,324 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,315 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യുഎസ് വിപണി ബുധനാഴ്ച താഴ്ന്നു ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഡൗവും എസ് ആൻഡ് പിയും ഇൻട്രാഡേ റെക്കോർഡ് തിരുത്തിയിരുന്നു. താങ്ക്സ് ഗിവിംഗ് ഡേ ആയ ഇന്നു യുഎസ് വിപണികൾക്ക് അവധിയാണ്.

യുഎസിലെ മൂന്നാം പാദ ജിഡിപി 2.8 ശതമാനം വളർന്നു. രണ്ടാം പാദ വളർച്ച മൂന്നു ശതമാനമായി സ്ഥിരീകരിച്ചു. ജനങ്ങൾ ഉപഭോഗച്ചെലവ് വർധിപ്പിച്ചതാണു ജിഡിപി വളർച്ചയെ സഹായിച്ചത്.

ഒക്ടോബറിലെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ സൂചിക 2.3 ശതമാനമാണ്. തലേ മാസത്തേക്കാൾ 0.2 ശതമാനം അധികമാണിത്. വിലക്കയറ്റം കൂടുന്നത് അടുത്തയാഴ്ച ചേരുന്ന ഫെഡ് കമ്മിറ്റി പലിശ നിരക്ക് കുറയ്ക്കാതിരിക്കാൻ കാരണമാകും.

വരുമാനവും ലാഭവും കുറയുമെന്ന മുന്നറിയിപ്പ് നൽകിയ ടെക് കമ്പനികളായ ഡെല്ലും എച്ച്പിയും 12 ശതമാനത്തോളം ഇടിഞ്ഞു. ലാഭമെടുപ്പിൽ എൻവിഡിയയും മെറ്റാ പ്ലാറ്റ് ഫോംസും ഒരു ശതമാനത്തിലധികം താഴ്ന്നു.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 138.25 പോയിൻ്റ് (0.31%) താഴ്ന്ന് 44,722.06 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 22.89 പോയിൻ്റ് (0.38%) ഇടിവോടെ 5998.74 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 115.10 പോയിൻ്റ് (0.60%) നഷ്ടത്തിൽ 19,060.48 ൽ ക്ലോസ് ചെയ്തു.

യുഎസ് സൂചികകൾ ഫ്യൂച്ചേഴ്സിൽ കയറി. ഡൗ 0.10 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.14 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.261 ശതമാനം മാത്രം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് കയറി. സാവധാനമേ പലിശ കുറയ്ക്കൂ എന്ന സൂചനയാണു കാരണം.

യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും താഴ്ന്നു ക്ലോസ് ചെയ്തു. ട്രംപിൻ്റെ ചുങ്കം ഭീഷണിയും വിൽപനമാന്ദ്യവും ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിനെ അഞ്ചു ശതമാനം താഴ്ത്തി.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ കാൽ ശതമാനം ഇടിഞ്ഞു. കൊറിയൻ സൂചികയും താണു. ഓസ്ട്രേലിയൻ സൂചിക അര ശതമാനം ഉയർന്നു. ചൈന താഴ്ന്നാണു വ്യാപാരം ആരംഭിച്ചത്.

ഇന്ത്യൻ വിപണി 

ബുധനാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിനു ശേഷം മിതമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അദാനി ഗ്രൂപ്പ് ഓഹരികൾ ശക്തമായി തിരിച്ചു കയറിയതാണ് വിപണിയുടെ ഉണർവിലേക്കു നയിച്ചത്.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2563 ഓഹരികൾ ഉയർന്നപ്പോൾ 1380 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1909 എണ്ണം ഉയർന്നു, താഴ്ന്നത് 880 എണ്ണം.

നിഫ്റ്റി 80.40 പോയിൻ്റ് (0.33%) കയറി 24,274.90 ൽ അവസാനിച്ചു. സെൻസെക്സ് 230.02 പോയിൻ്റ് (0.29%) ഉയർന്ന് 80,234.08 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.21 ശതമാനം (110.30 പോയിൻ്റ്) കയറി 52,301.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.64 ശതമാനം കൂടി 56,272.35 ലും സ്മോൾ ക്യാപ് സൂചിക 1.30 ശതമാനം ഉയർന്ന് 18,502.85 ലും ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ നാമമാതമായ 7.78 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. മൊത്തം വ്യാപാരം വലിയ തോതിൽ നടത്തിയെങ്കിലും പ്രധാനമായി പോർട്ട്ഫോളിയോയിലെ ഓഹരികൾ മാറ്റിയെടുക്കലാണു നടത്തിയത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1301.97 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വിപണി കുതിപ്പിനു സജ്ജമായിട്ടില്ല എന്നു തന്നെയാണു ചാർട്ടിസ്റ്റുകൾ കരുതുന്നത്. ഇന്നലത്തെ കയറ്റത്തിൽ വലിയ പ്രതീക്ഷ വേണ്ട എന്നാണ് അവർ പറയുന്നത്. നിഫ്റ്റി 24,100-24,350 മേഖലയിൽ സമാഹരണം തുടരും എന്ന് അവർ കണക്കാക്കുന്നു. 24,350 ലെ തടസം മറികടന്നാലും 24,550നു തടസമായി ഉണ്ടാകും. നിഫ്റ്റിക്ക് ഇന്ന് 24,175 ലും 24,130 ലും പിന്തുണ കിട്ടാം. 24,340 ഉം 24,390 ഉം തടസങ്ങൾ ആകാം.

ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 214.44 രൂപ വരെ കയറിയിട്ട് ചെറിയ നഷ്ടത്തോടെ 212.30 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.51 ഉം സിഎസ്ബി ബാങ്ക് 1.06 ഉം ധനലക്ഷ്മി ബാങ്ക് 1.33 ഉം ശതമാനം ഉയർന്നു.

കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നലെയും അഞ്ചു ശതമാനം കയറി. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് 10.3 ശതമാനം കുതിച്ചു. ഈ ഓഹരി മൂന്നു ദിവസം കൊണ്ട് 24 ശതമാനം ഉയർന്നു.

ഭാരത് ഇലക്ട്രോണിക്സ്, ഭാരത് കൈ ഡൈനാമിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, മസഗാേൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് എന്നീ പ്രതിരോധ ഓഹരികൾ ഇന്നലെ ഗണ്യമായി ഉയർന്നു. എൻജിനിയേഴ്സ് ഇന്ത്യ 10 ശതമാനം കുതിച്ചു. ഇലക്ട്രിക് സ്കൂട്ടറുകൾ മിതവിലയിൽ ഇറക്കിയ ഒല ഇലക്ട്രോണിക്സ് 20 ശതമാനം നേട്ടം ഉണ്ടാക്കി.

ബോണസ് ഇഷ്യു പ്രഖ്യാപിച്ച കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ലാഭമെടുക്കലിനെ തുടർന്ന് ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു.

അദാനി ഗ്രൂപ്പ് കുതിച്ചു

ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ എംഡി വിനീത് ജയിൻ എന്നിവർ കൈക്കൂലി നൽകിയെന്നോ അഴിമതി നടത്തിയെന്നാേ ബ്രൂക്ക്ലിൻ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഇല്ല എന്ന് അദാനി ഗ്രൂപ്പ് ഇന്നലെ വിശദീകരിച്ചു. അന്വേഷണവുമായി സഹകരിക്കുന്നതിലെ വീഴ്ചകളും മറ്റുമാണ് അദാനിമാർക്ക് എതിരേ പറയുന്ന കുറ്റങ്ങൾ എന്ന് ആറു ദിവസത്തിനു ശേഷം ഇറക്കിയ പ്രസ്താവനയിൽ ഗ്രൂപ്പ് പറയുന്നു. ഇതോടെ ഗ്രൂപ്പ് കമ്പനികൾ കുതിച്ചു കയറി. ഗ്രൂപ്പിൻ്റെ വിപണിമൂല്യത്തിൽ 1.28 ലക്ഷം കോടി രൂപയുടെ വർധന ഉണ്ടായി.

വിവാദത്തിലായ അദാനി ഗ്രീൻ എനർജി ഓഹരി ഇന്നലെ 10 ശതമാനം ഉയർന്നു. അദാനി എൻ്റർപ്രൈസസ് 11.56 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. അദാനി എനർജി 10 ഉം ടോട്ടൽ 20 ഉം പോർട്സ് 5.9 ഉം പവർ 20 ഉം ശതമാനം കുതിച്ചു.

അദാനി ഗ്രൂപ്പിൻ്റെ രക്ഷകരായ ജിക്യുജി പാർട്നേഴ്സ് ഓഹരി ഇന്നു രാവിലെ അഞ്ചു ശതമാനത്തിലധികം ഉയർന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇതിൻ്റെ വ്യാപാരം

സ്വർണം കയറിയിറങ്ങി

സ്വർണവില ഇന്നലെ ഡോളർ സൂചികയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ച് കയറിയിറങ്ങി. ഔൺസിന് 2658 ഡോളർ വരെ കയറിയ സ്വർണം ക്ലോസ് ചെയ്തത് 2636.60 ഡോളറിൽ. തലേന്നത്തെ ക്ലാേസിംഗിലും 2.60 ഡോളർ മാത്രം അധികം. ഇന്നു രാവിലെ 2621 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ ബുധനാഴ്ച സ്വർണവില പവന് 200 രൂപ കയറി 56,840 രൂപയായി. ഇന്നു വില കുറയാം.

വെള്ളിവില ഔൺസിന് 29.63 ഡോളറിലേക്കു താഴ്ന്നു.

കറൻസി വിപണിയിൽ ഡോളർ ഇന്നലെ ഇടിഞ്ഞു. ഡോളർ സൂചിക 107.01 ൽ നിന്ന് 106.08 ലേക്കു കുത്തനേ പതിച്ചു. ഇന്നു രാവിലെ 106.22 ലേക്കു കയറി.

ഡോളർ സമ്മർദം രൂപയെ വീണ്ടും താഴ്ത്തി. ഡോളർ ക്ലോസ് ചെയ്തത് 12 പൈസ കയറി 84.45 രൂപയിൽ.

ക്രൂഡ് ഓയിൽ വില നാമമാത്രമായി താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 72.93 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 72.83 ഡോളർ ആയി താണു. ഡബ്ല്യുടിഐ ഇനം 68.81 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.27 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ തിരിച്ചു കയറി

ക്രിപ്റ്റോ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ് കോയിൻ ഒരു ലക്ഷം ഡോളർ ലക്ഷ്യമിട്ടു നീങ്ങുകയാണ്. മിക്ക ക്രിപ്റ്റോകളും നാലു മുതൽ 11 വരെ ശതമാനം കുതിച്ചു.

ബിറ്റ്കോയിൻ ഇന്നു രാവിലെ 96,000 നടുത്താണ്. വ്യാപാരത്തിനിടെ 96,676.70 വരെ ഉയർന്നു. ഈഥർ ഇന്നലെ 11 ശതമാനം കുതിച്ച് 3677.75 ഡോളറിൽ എത്തി.

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്നദിശകളിലായി. ചെമ്പ് 0.20 ശതമാനം കയറി ടണ്ണിന് 8901.55 ഡോളറിൽ എത്തി. അലൂമിനിയം 0.64 ശതമാനം താഴ്ന്നു ടണ്ണിന് 2595.65 ഡോളർ ആയി. സിങ്ക് 0.84 ഉം ലെഡ് 0.93 ഉം ശതമാനം ഉയർന്നു. ടിൻ 2.42 ഉം നിക്കൽ 1.38 ഉം ശതമാനം ഇടിഞ്ഞു.

വിപണിസൂചനകൾ

(2024 നവംബർ 27, ബുധൻ)

സെൻസെക്സ് 30 80,234.08 +0.29%

നിഫ്റ്റി50 24,274.90 +0.33%

ബാങ്ക് നിഫ്റ്റി 52,301.80 +0.21%

മിഡ് ക്യാപ് 100 56,272.35 +0.64%

സ്മോൾ ക്യാപ് 100 18,502.85 +1.30%

ഡൗ ജോൺസ് 44,722.06 -0.31%

എസ് ആൻഡ് പി 5998.74 -0.38%

നാസ്ഡാക് 19,060.48 -0.60%

ഡോളർ($) ₹84.45 +₹0.12

ഡോളർ സൂചിക 106.08 -0.93

സ്വർണം (ഔൺസ്) $2636.60 +$02.60

സ്വർണം(പവൻ) ₹56,840 +₹200

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.93 -$00.05

Tags:    

Similar News