ആശ്വാസ കയറ്റത്തിൽ ഓഹരി വിപണി; ഐടി കുതിച്ചു

എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരി 12 ശതമാനം ഉയർന്നു

Update:2022-01-28 11:00 IST

ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നു നല്ല കയറ്റത്താേടെ വ്യാപാരം തുടങ്ങി. കഴിഞ്ഞ ദിവസം ഇടിഞ്ഞ ഐടിയും റിയൽറ്റിയും ഇന്നു നേട്ടത്തിനു മുന്നിൽ നിന്നു. ഓയിൽ - ഗ്യാസ്, ഹെൽത്ത് കെയർ, എഫ്എംസിജി, മെറ്റൽ, ഫാർമ തുടങ്ങിയവയും നല്ല ഉയരത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നല്ല കയറ്റത്തിലാണ്. സെൻസെക്സും നിഫ്റ്റിയും ഒന്നേകാൽ ശതമാനം ഉയർന്നപ്പോൾ മിഡ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടര ശതമാനത്തിലധികം കയറി.

ബിസിനസിൽ നല്ല വളർച്ച കാണിച്ച എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരി 12 ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോന്നതാണ് ഓഹരി.
പ്രതീക്ഷയിലും മികച്ച റിസൽട്ടിനെ തുടർന്ന് അരവിന്ദ് ലിമിറ്റഡ് ഓഹരി എട്ടു ശതമാനത്തോളം ഉയർന്നു.
മാപ് മൈ ഇന്ത്യ (സിഇ ഇൻഫോസിസ്റ്റംസ്) യുടെ മൂന്നാം ക്വാർട്ടറും മോശമായി. ലാഭം ഇടിഞ്ഞു. വരുമാനവും കുറഞ്ഞു. ഓഹരിവില രാവിലെ 10 ശതമാനത്തിലധികം ഇടിഞ്ഞു. ഡിജിറ്റൽ മാപ്പിംഗ് കമ്പനിയാണു മാപ് മൈ ഇന്ത്യ
മികച്ച മൂന്നാം പാദ റിസൾട്ടിനെ തുടർന്ന് കോ ഫോർജ് ഓഹരി രാവിലെ ഒൻപതു ശതമാനം കയറി. കഴിഞ്ഞ ദിവസങ്ങളിൽ15 ശതമാനത്തോളം താണതാണ് ഓഹരി.
സൊമാറ്റോ രണ്ടു കമ്പനികളിൽ നിക്ഷേപം നടത്തുന്നതായ റിപ്പോർട്ട് ഓഹരിവില തുടക്കത്തിൽ അഞ്ചു ശതമാനം ഉയർത്തി. പക്ഷേ പിന്നീടു വില താണ് 89 രൂപയ്ക്കു താഴെയായി. ആഡ് ടെക് കമ്പനിയിലും ബി ടു ബി പ്ലാറ്റ്ഫോമിലുമാണു നിക്ഷേപം. ബി ടു ബി പ്ലാറ്റ്ഫോം ഹോട്ടലുകളിൽ ഓർഡർ പ്രോസസ് ചെയ്യുന്നതു വേഗത്തിലാക്കുമെന്ന് കമ്പനി പറയുന്നു.
ഭാരതി എയർടെലിൽ ഗൂഗിളിൻ്റെ ഓഹരി നിക്ഷേപം വരുന്നതിനെ ചൊല്ലി ഓഹരിയിൽ ഉണ്ടായ കയറ്റത്തിനു വിരാമം. ഇന്നു വില കുറഞ്ഞു. പിന്നീടു കയറി. 5ജി നടപ്പാക്കുമ്പോൾ ഗൂഗിളുമായുള്ള സഖ്യം എയർടെലിനു നേട്ടമാകും.
ലോക വിപണിയിൽ സ്വർണം 1798 ഡോളറിലാണ്. കേരളത്തിൽ പവന് 280 രൂപ താഴ്ന്ന് 36,120 രൂപയായി.
ഡോളർ ഇന്ന് അഞ്ചു പൈസ നേട്ടത്തിൽ 75.12 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു താണ് 75.03 രൂപയിലെത്തി. റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതായി സൂചന ഉണ്ട്.


Tags:    

Similar News