ഡോളർ 79.84 രൂപയിൽ; സൂചികകൾ ഉയരുന്നു
ബാങ്ക്, ധനകാര്യ കമ്പനികൾ, വാഹന കമ്പനികൾ, റിയൽറ്റി കമ്പനികൾ തുടങ്ങിയവ രാവിലെ നേട്ടമുണ്ടാക്കി
തുടക്കത്തിലെ ഇടിവിനു ശേഷം ഏഷ്യൻ സൂചികകൾ കയറ്റത്തിലായത് ഇന്ത്യൻ വിപണിക്കു സഹായകമായി. മുഖ്യസൂചികകൾ ചെറിയ നേട്ടത്തോടെ തുടങ്ങി. പിന്നീടു സൂചികകൾ അര ശതമാനം ഉയരത്തിലായി.
ഡോളർ ഇന്ന് എട്ടു പൈസ നേട്ടത്തിൽ 79.71 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 79.84 രൂപ വരെ ഉയർന്നു. ലോകവിപണിയിൽ ഡോളർ സൂചിക ഉയരുന്നതിനാൽ രൂപ ഇനിയും താഴ്ന്നേക്കും.
ബാങ്ക്, ധനകാര്യ കമ്പനികൾ, വാഹന കമ്പനികൾ, റിയൽറ്റി കമ്പനികൾ തുടങ്ങിയവ രാവിലെ നേട്ടമുണ്ടാക്കി. ഐടി കമ്പനികൾ പൊതുവേ നേട്ടത്തിലായിരുന്നെങ്കിലും ചിലവ താഴോട്ടു പോയത് ഐടി സൂചിക അൽപം താഴാനിടയാക്കി. എഫ്എംസിജി കമ്പനികളും ഉയരത്തിലാണ്.
നല്ല റിസൽട്ട് പുറത്തുവിട്ട മൈൻഡ് ട്രീയിൽ ലാഭമെടുക്കലിനെ തുടർന്ന് ഓഹരി വില മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. റിസൽട്ട് വരാനിരിക്കുന്ന എൽ ആൻഡ് ടി ഇൻഫോടെക്ക് രണ്ടര ശതമാനത്തിലേറെ താഴോട്ടു പോയി. റിസൽട്ട് കാത്തിരിക്കുന്ന ടാറ്റാ എൽക്സി ഒരു ശതമാനത്തിലധികം ഉയർന്നു.
ടാറ്റാ മെറ്റാലിക്സിൻ്റെ മാർജിൻ താഴോട്ടു പോയത് ഓഹരി വില അഞ്ചു ശതമാനത്തിലധികം ഇടിച്ചു.
ലോക വിപണിയിൽ സ്വർണം 1731 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു 160 രൂപ വർധിച്ച് 37,520 രൂപയായി.
ക്രൂഡ് ഓയിൽ വില ചെറിയ തോതിൽ ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 100.3 ഡോളർ വരെ കയറി.