ഫെഡ് ആഘാതത്തിൽ ഓഹരി വിപണിയും രൂപയും; ഐടി, മെറ്റൽ, ബാങ്ക് ഓഹരികള്‍ താഴ്ചയില്‍
മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകളും താഴ്ചയില്‍
അമേരിക്കൻ ഫെഡ് തീരുമാനത്തിൻ്റെ ആഘാതം ഇന്ത്യൻ വിപണിയെയും നഷ്ടത്തിലാക്കി. നിഫ്റ്റി 24,000 നും സെൻസെക്സ് 80,000 നും താഴെ ആയി.
നിഫ്റ്റി 23,877 ൽ വ്യാപാരം തുടങ്ങിയിട്ട് 23,870 വരെ താഴ്ന്നു. പിന്നീട് കയറി നഷ്ടം കുറച്ചു. സെൻസെക്സ് 79,029 ൽ വ്യാപാരം തുടങ്ങി, 79,020 വരെ താഴ്ന്നിട്ട് അൽപം തിരിച്ചു കയറി.
മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ ഒപ്പം താഴ്ന്നു. ഐടി, മെറ്റൽ, ബാങ്ക്, ധനകാര്യ, വാഹന ഓഹരികൾ വലിയ താഴ്ചയിലായി. ഫാർമ, ഹെൽത്ത്കെയർ ഓഹരികൾ മാത്രം ഉയർന്നു.
ധനകാര്യ സ്ഥാപനങ്ങൾ ഇന്നു രാവിലെ സൂചികാ ഓഹരികൾ വാങ്ങുന്നതിൽ ശ്രദ്ധിച്ചു.
എഥനോൾ വില വർധന പ്രതീക്ഷയിലും കുറവാകും എന്ന സൂചന പഞ്ചസാര മിൽ ഓഹരികളെ താഴ്ത്തി.
സീനിയർ മാനേജ്മെൻ്റ് വിഭാഗത്തിലെ മൂന്നു പേർ രാജിവച്ച ഏഷ്യൻ പെയിൻ്റ്സിൻ്റെ ഓഹരി മൂന്നു ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലായി.
രൂപ ഇന്നു തുടക്കത്തിലേ വീണു. ഡോളർ അഞ്ചു പൈസ കയറി 85 രൂപ എന്ന റെക്കോർഡ് വിലയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.07 രൂപ എന്ന റെക്കോർഡിലേക്കു ഡോളർ കയറി.
സ്വർണം ലോക വിപണിയിൽ 2610 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി.
ക്രൂഡ് ഓയിൽ താഴുകയാണ്. ബ്രെൻ്റ് ഇനം 73.00 ഡോളർ ആയി.