തകർത്തു വാരി നൈക; ലിസ്റ്റിംഗിൽ തന്നെ വിപണി മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു
ഓഹരി വിപണി വീണ്ടും താഴ്ചയിൽ; കാരണങ്ങൾ ഇതൊക്കെ
പ്രതിരോധ നിലകൾ തകർത്തു താഴോട്ടു വീഴുകയാണ് സൂചികകൾ. മുഖ്യസൂചികകൾക്കൊപ്പമില്ലെങ്കിലും മിഡ്, സ്മോൾ ക്യാപ് സൂചികകളും തുടക്കത്തിൽ താഴേക്കു നീങ്ങി. പിന്നീട് അവ ഉയർന്നെങ്കിലും പിടിച്ചു നിൽക്കാനായില്ല.
സ്വകാര്യബാങ്കുകൾ, ധനകാര്യ കമ്പനികൾ, മെറ്റൽ കമ്പനികൾ, റിയൽറ്റി കമ്പനികൾ, ഐടി സ്ഥാപനങ്ങൾ തുടങ്ങിയവ താഴ്ചയിലാണ്. വാഹന, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ ഉണർവ് കാണിക്കുന്നുണ്ട്. വിദേശ നിക്ഷേപകർ വിൽപന തുടരുന്നതാണു വിപണിയെ വലിച്ചു താഴ്ത്തുന്നത്.
തുടക്കത്തിൽ സെൻസെക്സ് 60,000 നു താഴെ ചെന്നിട്ടു തിരിച്ചു കയറി.
പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസൽട്ടും ഉയർന്ന വളർച്ച സാധ്യതയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരി വില രണ്ടര ശതമാനം ഉയർത്തി. എസ് യു വി വിൽപന വർധിച്ചതു ലാഭമാർജിൻ കൂട്ടി. ട്രാക്ടർ വിപണിയിലും കമ്പനി നേട്ടമുണ്ടാക്കി.
ഗ്രാഫൈറ്റിനു വിലവർധന തുടരുന്നതും രണ്ടാം പാദത്തിൽ ശേഷി വിനിയോഗവും ലാഭ മാർജിനും ഉയർന്നതും എച്ച് ഇ ജി ലിമിറ്റഡ് ഓഹരിയെ എട്ടര ശതമാനം ഉയർത്തി.
കോബ്ര, കേവ ബ്രാൻഡുകളിൽ സുഗന്ധദ്രവ്യങ്ങൾ നിർമിച്ചു വിൽക്കുന്ന എസ് എച്ച് കേൽക്കർ കമ്പനിയിലെ 10 ശതമാനം ഓഹരി ബ്ലാക്ക് സ്റ്റാേൺ ഗ്രൂപ്പ് വിറ്റതിനെ തുടർന്ന് കമ്പനിയുടെ ഓഹരി വില ചൊവ്വാഴ്ച 19 ശതമാനം ഉയർന്നു. ഇന്നു വീണ്ടും 12 ശതമാനം കയറി 207 രൂപ വരെ എത്തിയിട്ട് അൽപം താണു.
1125 രൂപയ്ക്ക് ഐപിഒ നടത്തിയ നൈക്കാ ഓഹരി 2040 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു 2064 രൂപ വരെ കയറി. ഫൽഗുനി നയ്യാർ നയിക്കുന്ന കമ്പനിയുടെ വിപണിമൂല്യം ലിസ്റ്റിംഗിൽ തന്നെ ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലായി. ഫാഷൻ വസ്ത്രങ്ങളും മേക്ക് അപ് സാമഗ്രികളും സ്കിൻ - ഹെയർ കെയർ ഉൽപന്നങ്ങളും ഓൺലൈനായി വിൽക്കുന്ന കമ്പനിയാണു നൈക്കാ.
ഡോളർ വീണ്ടും ഉയർന്ന് 74.08 രൂപയിലെത്തി.
ലോക വിപണിയിൽ സ്വർണം 1826 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 160 രൂപ ഉയർന്ന് 36,160 രൂപയായി.