താഴ്ചയിൽ വാങ്ങൽ; സൂചികകൾ നഷ്ടം കുറച്ചു; ഐആർസിടിസിക്കു സർക്കാർ വക ഇരുട്ടടി!

ഐആർസിടിസിയ്ക്ക് എന്താണ് സംഭവിക്കുന്നത്

Update:2021-10-29 11:00 IST

താഴ്ന്നു തുടങ്ങി, വീണ്ടും താഴോട്ടു നീങ്ങി. പിന്നീട് നഷ്ടം ഗണ്യമായി കുറച്ചു.

തുടക്കത്തിൽ സെൻസെക്സ് 880 പോയിൻ്റ് താണ് 59,104.58 ലും നിഫ്റ്റി 255 പോയിൻ്റ് താണ് 17,613.1 ലും എത്തി. എന്നാൽ ഒരു മണിക്കൂറിനകം മുഖ്യസൂചികകൾ നഷ്ടം നികത്തി നേട്ടത്തിലായി. പക്ഷേ പിന്നീടും താഴാേട്ടു നീങ്ങി.
ബാങ്ക് നിഫ്റ്റി രാവിലെ വലിയ താഴ്ചയ്ക്കു ശേഷം തിരിച്ചു കയറി. മിഡ്, സ്മോൾ ക്യാപ് സൂചികകളും ഇറങ്ങിക്കയറി. താഴ്ന്ന നിലവാരത്തിൽ വാങ്ങാൻ കൂടുതൽ നിക്ഷേപകർ എത്തി.
റിലയൻസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി തുടങ്ങിയവ താഴ്ചയിലാണ്. ടാറ്റാ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു.
ഐആർസിടിസിയുടെ ഓഹരി രണ്ടു രൂപ മുഖവില ഉള്ളവയാക്കിക്കൊണ്ടു വിഭജിച്ചതിനെ തുടർന്ന് ഇന്നലെ വില ഗണ്യമായ കൂടിയിരുന്നു. ഇന്നു ഗവണ്മെൻ്റിൻ്റെ ഒരു തീരുമാനത്തെ തുടർന്ന് ഓഹരി കുത്തനേ ഇടിഞ്ഞു. വ്യാഴാഴ്ച 968.6 രൂപ വരെ ഉയർന്ന ഓഹരി ഇന്നു രാവിലെ 25 ശതമാനം താഴാേട്ടു പോയി. കമ്പനി വാങ്ങുന്ന കൺവീനിയൻസ് ഫീസിൽ (സർവീസ് ചാർജ്) പകുതി റെയിൽവേ മന്ത്രാലയത്തിനു നൽകണമെന്നാണു കേന്ദ്രം തീരുമാനിച്ചത്. ഇത് ഐആർസിടിസിയുടെ ലാഭത്തിൽ വലിയ ഇടിവുണ്ടാക്കും. ഗവണ്മെൻറ് അന്യായമായി കൈകടത്തുന്നതു വിദേശികളടക്കം നിക്ഷേപകരുടെ മനാേഭാവത്തിൽ മാറ്റം വരുത്തും. ലിസ്റ്റ് ചെയ്യപ്പെട്ട ഒരു പൊതുമേഖലാ കമ്പനിയുടെ ലാഭക്ഷമത വല്ലാതെ കുറയ്ക്കുന്ന സർക്കാർ തീരുമാനം ചർച്ച ചെയ്യാൻ ഐആർസിടിസി ഡയറക്ടർ ബോർഡ് ഇന്നു രാവിലെ ചേർന്നിട്ടുണ്ട്.
കൂടുതൽ വായ്പകൾ കിട്ടാക്കടങ്ങളായതോടെ വളരെ കൂടിയ തുക വകയിരുത്തേണ്ടി വന്ന ആർബിഎൽ ബാങ്കിൻ്റെ ഓഹരിക്കു വലിയ തിരിച്ചടി. ഓഹരി വില 11 ശതമാനത്തിലധികം താണു. ബാങ്കിൻ്റെ ലാഭം 78 ശതമാനം കുറഞ്ഞു. നിഷ്ക്രിയ ആസ്തി ആറു ശതമാനത്തോളമായി.
ഇരുമ്പയിരിൻ്റെ ഡിമാൻഡ് കൂടുന്നതും അന്താരാഷ്ട്ര വില വർധിക്കുന്നതും എൻഎംഡിസിയുടെ വില ഏഴു ശതമാനത്താേളം ഉയർത്തി.
ലോക വിപണിയിൽ സ്വർണ വില 1794 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,880 രൂപയായി.
ഡോളർ ഇന്നും ദുർബലമായി. 14 പൈസ താണ് 74.78 രൂപയായി.

Tags:    

Similar News