സൂപ്പർ തുടക്കത്തോടെ സിഗാച്ചി; ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

നൈകായുടെ ഓഹരി വില തുടക്കത്തിൽ അഞ്ചു ശതമാനത്തോളം താണു

Update: 2021-11-15 05:30 GMT

പ്രതീക്ഷ പോലെ വിപണി ഉയർന്നു വ്യാപാരം തുടങ്ങി. ബാങ്ക് ഓഹരികൾ നേട്ടത്തിനു മുന്നിൽ നിന്നു. മെറ്റൽസ് സൂചിക മാത്രമാണു കാര്യമായ താഴ്ച കാണിച്ചത്. തുടക്കത്തിൽ സെൻസെക്സ് 61,000 കടന്നെങ്കിലും പിന്നീട് അൽപം താഴ്ന്നായി വ്യാപാരം. പക്ഷേ അര മണിക്കൂറിനകം തിരികെ കയറി. വീണ്ടും താണു. നിഫ്റ്റി തുടക്കത്തിൽ 18,210 വരെ കയറിയിട്ട് താഴ്ന്നു.

രണ്ടാം പാദ റിസൽട്ട് പ്രതീക്ഷ പോലെ വന്നില്ലെങ്കിലും ഒഎൻജിസി ഓഹരി നാലു ശതമാനത്തിലേറെ ഉയർന്നു.
ലാഭം തീരെക്കുറഞ്ഞ റിസൽട്ട് പുറത്തിറക്കിയ നൈകായുടെ ഓഹരി വില തുടക്കത്തിൽ അഞ്ചു ശതമാനത്തോളം താണു.
രണ്ടാം പാദത്തിൽ ലാഭം 8.8 ശതമാനം കുറഞ്ഞതിനെ തുടർന്നു മണപ്പുറം ജനറൽ ഫിനാൻസിൻ്റെ ഓഹരി വില ഒൻപതു ശതമാനത്തോളം താഴ്ന്നു
ചെന്നൈ മെട്രോയുടെ 1309 കോടിയുടെ കരാർ ലഭിച്ചത് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി (എച്ച്സിസി) യുടെ ഓഹരി വില നാലു ശതമാനത്തോളം ഉയർത്തി.
രണ്ടാം പാദ ലാഭം മൂന്നിരട്ടിയായത് അപ്പോളോ ഹോസ്പിറ്റൽസിൻ്റെ ഓഹരിവില ഒൻപതു ശതമാനത്തോളം വർധിപ്പിച്ചു. ഫോർടിസ് ഹെൽത്ത് കെയർ ഓഹരി ഏഴു ശതമാനത്താേളം കയറി.
മികച്ച റിസൽട്ട് പുറത്തിറക്കിയ ഹിൻഡാൽകോ ഓഹരി തുടക്കത്തിൽ കയറിയെങ്കിലും ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദത്തിൽ താഴോട്ടു നീങ്ങി.
ഇഷ്യു വിലയേക്കാൾ 260 ശതമാനം നേട്ടത്തോടെയാണ് സിഗാച്ചി ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗ് വില 570 രൂപ. പിന്നീടു വില 598.5 രൂപയായി. ഇഷ്യുവിലയേക്കാൾ 435.5 രൂപ അധികം. ഔഷധ നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന മോണോ ക്രിസ്റ്റലൈൻ സെല്ലുലോസ് നിർമിക്കുന്ന കമ്പനിയാണ് സിഗാച്ചി ഇൻഡസ്ട്രീസ്. ആന്ധ്രയിലും ഗുജറാത്തിലുമാണു ഫാക്ടറികൾ.
980 രൂപയ്ക്ക് ഇഷ്യു നടത്തിയ പിബി ഫിൻ ടെക് 1163 രൂപയിൽ ലിസ്റ്റ് ചെയ്തു. നേട്ടം 18 ശതമാനം. പോളിസി ബസാർ, പൈസ ബസാർ തുടങ്ങിയവ നടത്തുന്നത് പിബി ഫിൻടെക് ആണ്.
എസ് ജെ എസ് എൻറർപ്രൈസസ് നഷ്ടത്തിലാണു ലിസ്റ്റ് ചെയ്തത്. 542 രൂപയ്ക്ക് ഇഷ്യു നടത്തിയ കമ്പനി 540 രൂപയ്ക്കു ലിസ്റ്റ് ചെയ്ത ശേഷം 527 രൂപയിലേക്കു താണു.
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം 81.45 ഡോളറിലെത്തി.
സ്വർണം ലോകവിപണിയിൽ 1857 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 160 രൂപതാണ് 36,720 രൂപയായി. ശനിയാഴ്ചയാണു വില 36,880 ലേക്കു കയറിയത്.


Tags:    

Similar News