ഉയർന്നു തുടങ്ങി; പിന്നീടു സമ്മർദ്ദം; കാംസ്, ആൻ്റണി വേസ്റ്റ് ഹാൻഡ്ലിംഗ് , ശ്രീറാം ഓഹരി വിലകളിൽ സംഭവിക്കുന്നതെന്ത്?
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും നല്ല നേട്ടത്തിലാണ്
ആഗോള വിപണികളിലെ ഉണർവിൽ നിന്ന് ആവേശമുൾക്കൊണ്ടാണ് ഇന്നു രാവിലെ വിപണി വ്യാപാരം തുടങ്ങിയത്. നിഫ്റ്റി നൂറും സെൻസെക്സ് മുന്നൂറും പോയിൻ്റ് ഉയർന്നു വ്യാപാരമാരംഭിച്ചു. പിന്നീടു സൂചികകൾ കയറിയിറങ്ങി. ഐടി, ബാങ്ക് ഓഹരികൾ കുതിപ്പിനു മുന്നിൽ നിന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും നല്ല നേട്ടത്തിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിൽപന സമ്മർദം ഉണ്ടായ 17,550-17,600 മേഖലയ്ക്കു മുകളിലേക്കു നിഫ്റ്റി കയറിയത് വരും ദിവസങ്ങളിൽ വിപണി ഉയരുമെന്ന ധാരണ ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ പിന്നീടു സൂചിക സമ്മർദമേഖലയിലേക്കു താണു.
കാംസ് (കംപ്യൂട്ടർ ഏജ് മാനേജ്മെൻ്റ് സർവീസസ്) ഓൺലൈനിൻ്റെ 7.2 ശതമാനം ഓഹരികൾ ഇന്നു രാവിലെ കൈമാറിയത് ഓഹരിയുടെ വില അഞ്ചു ശതമാനത്തിലേറെ ഇടിയാൻ കാരണമായി.
ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ്റെ വലിയ കോൺട്രാക്റ്റ് ലഭിക്കാൻ സാധ്യത തെളിഞ്ഞത് ആൻ്റണി വേസ്റ്റ് ഹാൻഡ്ലിംഗ് കമ്പനിയുടെ ഓഹരി വില പത്തു ശതമാനത്തോളം ഉയർത്തി. .
ശ്രീറാം സിറ്റി യൂണിയനും ശ്രീറാം ട്രാൻസ്പോർട്ട് ഫിനും ഒന്നിക്കാൻ ഒരുങ്ങുന്നതായി റിപ്പാേർട്ട്. ഇരു കമ്പനികളുടെയും ഓഹരി വില ഉയർന്നു.
453 രൂപയ്ക്ക് ഇഷ്യു നടത്തിയ ടെഗാ ഇൻഡസ്ട്രീസ് മികച്ച നേട്ടത്തിൽ ലിസ്റ്റ് ചെയ്തു. 67 ശതമാനം നേട്ടത്തിൽ 754 രൂപയിലാണു ലിസ്റ്റിംഗ്. ഖനന ഉപകരണങ്ങളും മറ്റും നിർമിക്കുന്ന കമ്പനിയാണു ടെഗാ.
ഡോളറിനു 10 പൈസ വർധിച്ച് 75.66 രൂപയായി.
കേരളത്തിൽ ഇന്നു സ്വർണ വിലയിൽ മാറ്റമില്ല. പവന് 36,080 രൂപ.