ഓഹരി വിപണി താഴ്ന്നു; പിന്നെ കയറി; ഇനി നോട്ടം യൂറോപ്യൻ വിപണിയിലേക്ക്
അഡാനി ഗ്രൂപ്പ് കമ്പനികളെല്ലാം നല്ല നേട്ടത്തിൽ
ആഗോള വിപണികൾക്കൊപ്പം തുടക്കത്തിൽ കുത്തനേ ഇടിഞ്ഞ വിപണി പിന്നീടു ശക്തമായ തിരിച്ചു കയറ്റത്തിൽ. വ്യാപാരം തുടങ്ങിയപ്പോൾ സെൻസെക്സ് 1000 - ലേറെ പോയിൻ്റ് നഷ്ടപ്പെടുത്തി 56,409 വരെ താണു. നിഫ്റ്റി 16,836.8 വരെ താഴ്ന്നു. പിന്നീട് തിരിച്ചു കയറി. ഒരു മണിക്കൂറിന് മുമ്പേ നിഫ്റ്റിയും സെൻസെക്സും നേട്ടത്തിലായി. പിന്നീടു കുറേ സമയം ചാഞ്ചാടി.
ഏഷ്യൻ വിപണികൾ കനത്ത നഷ്ടത്തിലാണ്. യൂറോപ്പ് താഴ്ചയോടെ വ്യാപാരം തുടങ്ങിയാൽ ഇന്ത്യൻ വിപണി കൂടുതൽ താഴോട്ടു പോകും.
തുടക്കത്തിൽ താഴ്ചയിലായിരുന്ന ബാങ്ക് നിഫ്റ്റി അര മണിക്കൂറിനകം തിരിച്ചു കയറി. നല്ല റിസൽട്ടിൻ്റെ പേരിൽ ആക്സിസ് ബാങ്ക് ഓഹരി നാലര ശതമാനത്തിലധികം കയറി. മിഡ് ക്യാപ് സൂചികയും നേട്ടത്തിലേക്കു മാറി.
റിലയൻസ് ഓഹരി മൂലധനം വർധിപ്പിക്കാൻ നോക്കുന്നതായ റിപ്പോർട്ട് ഓഹരിവില രണ്ടു ശതമാനത്തിലധികം താഴാൻ കാരണമായി. പുതിയ ഊർജ മേഖലകളിലേക്കു കടക്കുന്നതിൻ്റെ ഭാഗമായാണ് മൂലധനം കൂട്ടാൻ ആലോചന എന്നാണ് റിപ്പോർട്ട്. റീട്ടെയിലിലും ഡിജിറ്റൽ പ്ലാറ്റ്ഫോംസിലും ചെയ്തതു പോലെ ഉപകമ്പനിയിൽ ആകും ഓഹരി നൽകുക.
മറ്റന്നാൾ അഡാനി വിൽമർ ഐപിഒ തുടങ്ങാനിരിക്കെ അഡാനി ഗ്രൂപ്പ് കമ്പനികളെല്ലാം നല്ല നേട്ടത്തിലായി.
ഇന്ത്യാ മാർട്ടിൻ്റെ മൂന്നാം പാദ ഫലങ്ങൾ നിരാശാജനകമായി. വിറ്റുവരവ് വർധിച്ചപ്പോൾ ലാഭ മാർജിൻ 8.8 ശതമാനം താഴാേട്ടു പോയി. ഒരാഴ്ചയായി താഴുകയായിരുന്ന ഓഹരിവില ഇന്നു രാവിലെ ഒൻപതു ശതമാനം ഇടിഞ്ഞു.
അപ്പോളോ ട്രൈകോട്ട് ട്യൂബ്സ് വരുമാനം 40 ശതമാനം ഉയർന്നപ്പോൾ ലാഭം 23 ശതമാനം കുറഞ്ഞു. ഓഹരിവില ഏഴു ശതമാനം താണു.
ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (ഐഇഎക്സ്) വരുമാനം 55 ശതമാനത്തിലേറെ വർധിച്ചപ്പോൾ ലാഭം ഗണ്യമായി ഉയർന്നു. ലാഭമാർജിനും മെച്ചപ്പെട്ടു. പക്ഷേ ഓഹരിവില കുറഞ്ഞ ശേഷം കയറി.
ക്രാഫ്റ്റ്സ്മാൻ ഓട്ടാേമേഷൻ്റെ മൂന്നാം പാദ ലാഭം 30 ശതമാനത്തോളം കുറഞ്ഞു. ഓഹരിവില തുടക്കത്തിൽ 12 ശതമാനം ഇടിഞ്ഞിട്ടു കുറേ ഉയർന്നു.
എസ്ബിഐ കാർഡ്സിനു വിപണി പങ്ക് കുറഞ്ഞതിൻ്റെ പേരു പറഞ്ഞു തുടക്കത്തിൽ ഓഹരി വില ഇടിച്ചു. പിന്നീട് ഓഹരി നാലു ശതമാനം ഉയരത്തിലെത്തി.
അറ്റാദായ മാർജിൻ കുറഞ്ഞതിനെ തുടർന്ന് ദീപക് നൈട്രൈറ്റ് ഓഹരി ആറു ശതമാനത്തോളം ഇടിഞ്ഞു.
ലോക വിപണിയിൽ സ്വർണം 1844 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 200 രൂപ വർധിച്ച് 36,600 രൂപയായി.