താഴ്ചയിൽ ചാഞ്ചാട്ടം; രൂപ ഉലയുന്നു; റിലയൻസിൽ തലമുറ മാറ്റത്തിനൊരുക്കം

ബാങ്ക് ഓഹരികൾ കഴിഞ്ഞ ദിവസത്തേതു പോലെ ഇന്നും ഇടിവിലാണ്

Update: 2022-06-29 05:33 GMT

ആഗാേള ആശങ്കകളുടെ പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയും ഇന്നു താഴോട്ടു നീങ്ങി. തുടക്കത്തിൽ തന്നെ ഒരു ശതമാനത്തോളം ഇടിഞ്ഞ മുഖ്യസൂചികകൾ പിന്നീടു ചാഞ്ചാട്ടത്തിലായി. സൂചികകൾ നഷ്ടം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും രൂപയുടെ തകർച്ച തുടർന്നതു വിപണിയെ വിഷമത്തിലാക്കി. ഡോളർ 78.97 രൂപയിലേക്കു രാവിലെ കയറി.

ബാങ്ക് ഓഹരികൾ കഴിഞ്ഞ ദിവസത്തേതു പോലെ ഇന്നും ഇടിവിലാണ്. ധനകാര്യ കമ്പനികൾക്കും ക്ഷീണമാണ്. മുഖ്യസൂചികകൾ ഒരു ശതമാനം താണപ്പോൾ ബാങ്ക് നിഫ്റ്റി 1.3 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ ബാങ്കുകൾ ഇപ്പോൾ നിക്ഷേപ യോഗ്യമല്ലെന്ന മട്ടിൽ പല വിദേശബ്രോക്കറേജുകളും റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്.
എയു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി ഇന്ന് ഒൻപതു ശതമാനത്തോളം ഇടിഞ്ഞു.
ഐടി, മെറ്റൽ കമ്പനികളും ഇന്നു താഴോട്ടാണ്.
ഇന്നലെ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ റിലയൻസ് ഓഹരി ഇന്നു രാവിലെ താഴ്ചയിലായി. ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞത് ഓഹരിയെ ബാധിച്ചു. പിന്നീട് ഓഹരി നേട്ടത്തിലായി. റിലയൻസ് ജിയോയുടെ ചെയർമാനായി മുകേഷ് അംബാനിയുടെ മൂത്ത പുത്രൻ ആകാശ് ചുമതലയേറ്റതിനെപ്പറ്റി വിപണി പ്രത്യേകമായ വിലയിരുത്തൽ നടത്തിയതായി കാണുന്നില്ല. 30വയസുണ്ട് ആകാശിന്. ആകാശിൻ്റെ ഇരട്ട സഹോദരി ഇഷ അംബാനി റിലയൻസ് റീട്ടെയിലിൻ്റെ ചെയർ പേഴ്സൺ ആയി ചുമതല ഏൽക്കുമെന്നാണു റിപ്പോർട്ടുകൾ. മുകേഷ്‌ - നിത ദമ്പതികൾക്ക് 27 വയസുള്ള അനന്ത് എന്ന ഒരു പുത്രൻ കൂടി ഉണ്ട്. ആകാശ് അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലും ഇഷ യേൽ യൂണിവേഴ്സിറ്റിയിലും സ്റ്റാൻഫോഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിലും ആണു പഠിച്ചത്. അനന്തും ബ്രൗൺ യൂണിവേഴ്സിറ്റിയിലാണു പഠിച്ചത്.
ഡോളർ ഇന്ന് എട്ടു പൈസ നേട്ടത്തിൽ 78.85 രൂപയിലാണ് ഓപ്പൺ ചെയ്തത്. ഡോളറിൻ്റെ റിക്കാർഡ് ഓപ്പണിംഗ് ആയിരുന്നു ഇത്. പിന്നീട് 78.97 രൂപയിലേക്കു ഡാേളർ കയറി. 2022-ൽ ഇതുവരെ ആറു ശതമാനം ഇടിവാണ് ഡോളറുമായുള്ള നിരക്കിൽ രൂപയ്ക്കുണ്ടായത്. രൂപ ഇനിയും താഴുമെന്നാണു വിപണിയിലെ വിലയിരുത്തൽ. റിസർവ് ബാങ്ക് വിപണിയിൽ സജീവമായി ഇടപെടുന്നുണ്ട്. വലിയ ചാഞ്ചാട്ടം ഒഴിവാക്കുകയാണു റിസർവ് ബാങ്കിൻ്റെ ലക്ഷ്യം. രൂപ സാവകാശം താഴുന്നതിനെ ബാങ്ക് തടയില്ല.
ലോക വിപണിയിൽ സ്വർണം 1821 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 37,400 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.


Tags:    

Similar News