ആഗോള വിപണികളിലെ ആവേശം ഇന്ത്യയിലും, സെൻസെക്സ് 52,750 ൽ

ധനലക്ഷ്മി ബാങ്ക് ഓഹരി വില ഏഴ് ശതമാനത്തോളം ഉയർന്നു

Update:2021-07-22 11:11 IST

ആഗോള വിപണികളുടെ കുതിപ്പിൽ ഇന്ത്യയും പങ്കു ചേർന്നു. സൂചികകൾ നല്ല ഉയരത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു ക്രമമായി കയറി. നിഫ്റ്റി 15,800 ലേക്കും സെൻസെക്സ് 52,750 ലേക്കും കയറി.

ബാങ്കുകളും ധനകാര്യ കമ്പനികളും അടക്കം എല്ലാ മേഖലകളും നല്ല നേട്ടം കുറിച്ചു.
ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ് തുടങ്ങിയവ രണ്ടു ശതമാനത്തോളം ഉയർന്നു. ബജാജ് ഫിനാൻസ് നാലര ശതമാനവും ടാറ്റാ സ്റ്റീലും ടൈറ്റനും രണ്ടര ശതമാനവും ഉയർന്നു.
ചെമ്പു വില താഴ്ത്തി നിർത്താനായി സർക്കാർ ശേഖരത്തിൽ നിന്നു വീണ്ടും ലേലം നടത്തുമെന്നു ചൈന പ്രഖ്യാപിച്ചു. ചെമ്പും അലൂമിനിയവും വീണ്ടും ഉയർച്ചയുടെ വഴിയിലാണ്.
ഏറ്റവും പ്രചാരമുള്ള ഹിന്ദി പത്ര ഗ്രൂപ്പായ ദൈനിക് ഭാസ്കറിൻ്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയിഡ് നടത്തുന്നതായ റിപ്പാേർട്ടുകൾ ഗ്രൂപ്പിൻ്റെ ഉടമകളായ ഡിബി കോർപറേഷൻ്റെ ഓഹരി വില രണ്ടര ശതമാനം താഴ്ത്തി.
ഐടി അധിഷ്ഠിത സേവന കമ്പനിയായ വക്രാംഗീ ലിമിറ്റഡിൻ്റെ ഓഹരി വില രാവിലെ ഏഴു ശതമാനം ഉയർന്നു. കമ്പനി പുതിയ പഞ്ചവത്സര വളർച്ച പദ്ധതി പ്രഖ്യാപിച്ചതു വിപണിയെ രസിപ്പിച്ചു.
ധനലക്ഷ്മി ബാങ്ക് ഓഹരികൾ ഏഴു ശതമാനത്തോളം ഉയർന്നു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയുടെ ഓഹരി വിലയും കയറി.
മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം തുടങ്ങിയ ഓഹരികൾ ഇന്നു രാവിലെ നാലു ശതമാനത്തിലേറെ ഉയർന്നു. സ്വർണപ്പണയ വായ്പാ ബിസിനസിലെ വളർച്ചയാണു വിപണിയെ ആകർഷിച്ചത്.
വളരെ മികച്ച വരുമാന വളർച്ച കാണിച്ച ജൂബിലൻ്റ് ഫുഡ് വർക്സിൻ്റെ ഓഹരി വില 10 ശതമാനം വർധിച്ചു. ഡൊമീനോ പീറ്റ്സായുടെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഫ്രാഞ്ചൈസിയാണു ഭാരതീയ ഗ്രൂപ്പിലെ ഈ കമ്പനി.
ഫണ്ടുകൾ വാങ്ങലുകാരായതോടെ ടാറ്റാ കോഫീ ഓഹരി വില ഏഴു ശതമാനം കയറി.
കോവിഡ് കാലത്തു വിപണി പങ്കാളിത്തം വർധിപ്പിച്ചത് ഹാവെൽസ് ഇന്ത്യയുടെ ഓഹരി വില ഏഴു ശതമാനം ഉയർത്താൻ പ്രേരകമായി.
രൂപ ഇന്നും നേട്ടമുണ്ടാക്കി. ഡോളർ വില 16 പൈസ താണ് 74.45 രൂപയായി.
സ്വർണം ലോകവിപണിയിൽ 1798 ഡാേളറിലേക്കു താണു. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 35,640 രൂപയായി. രണ്ടു ദിവസം കൊണ്ടു പവന് 560 രൂപ കുറഞ്ഞു.


Tags:    

Similar News