റിക്കാർഡ് കടന്ന് ഓഹരി സൂചികകൾ
ഏഷ്യൻ വിപണികളുടെ ക്ഷീണം ഇന്ത്യയെ ബാധിച്ചില്ല
അനുകൂല സാമ്പത്തിക സൂചകങ്ങളുടെ പിൻബലത്തിൽ വിപണി നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങി. ഏഷ്യൻ വിപണികളുടെ ക്ഷീണം ഇന്ത്യയെ ബാധിച്ചില്ല. മുഖ്യ സൂചികകൾ റിക്കാർഡുകൾ തിരുത്തി. ഐടി, റിയൽ എസ്റ്റേറ്റ് കമ്പനികൾ നല്ല നേട്ടം കാണിച്ചു..
സെൻസെക്സ് തുടക്കത്തിലേ 53,100 നു മുകളിലേക്ക് കുതിച്ചു കയറി. പിന്നീട് 53,291 എന്ന പഴയ റിക്കാർഡ് കടന്ന് 53,300 നു മുകളിലെത്തി.
നിഫ്റ്റി 15,900നു മുകളിൽ വ്യാപാരം ആരംഭിച്ചു. 45 മിനിറ്റിനു ശേഷം 15,962.3 എന്ന പഴയ റിക്കാർഡ് കടന്നു. 16,000 മറികടക്കാൻ എപ്പോൾ കഴിയും എന്ന നോട്ടത്തിലാണു വിപണി നിരീക്ഷകർ.
തുടക്കത്തിൽ താഴ്ചയിലായിരുന്ന നിഫ്റ്റി ബാങ്ക് സൂചിക പിന്നീട് ഉയരത്തിലായി. കേരളത്തിൽ നിന്നുള്ള നാലു ബാങ്കുകളുടെയും ഓഹരിവില രാവിലെ ഉയർന്നു.
സ്റ്റീൽ, മെറ്റൽ കമ്പനികളുടെ വില ഇന്നു താഴോട്ടാണ്.
യൂറിയയുടെ രാജ്യാന്തര വില വർധിക്കുന്നതും ചൈന രാസവള കയറ്റുമതി കുറയ്ക്കുന്നതും രാസവള കമ്പനികളുടെ വില ഉയർത്തി.
യാത്രാ വാഹനങ്ങളുടെ വില വർധിപ്പിച്ചത് ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരി വില കൂടാൻ കാരണമായി.
വിദേശ ബ്രോക്കറേജുകൾ നല്ല വിലയിരുത്തൽ നടത്തിയത് ടൈറ്റൻ ഓഹരികൾ അഞ്ചു ശതമാനത്തോളം ഉയരാൻ കാരണമായി. ടൈറ്റൻ്റെ ഒന്നാം പാദ റിസൽട്ട് ഈയാഴ്ച വരും.
വിൽപന വർധിക്കുന്നതും ഹൈനക്കൻ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്തതും യുനൈറ്റഡ് ബ്രൂവറീസിൻ്റെ വില ഉയർത്തി.
അദാനി ഗ്രൂപ്പ് കമ്പനികളുടെ വില ഇന്നും ഉയർന്നു. അദാനി പോർട്സ് റിസൽട്ട് ഇന്നു വരും. പെട്രോ കെമിക്കൽ ബിസിനസിലേക്കു കടക്കാൻ ഗ്രൂപ്പ് ഒരുങ്ങുകയാണ്. ഗുജറാത്ത് തീരത്തു റിഫൈനറി സ്ഥാപിക്കും. ഗ്രൂപ്പിലെ അഡാനി വിൽമർ 4500 കോടി രൂപയുടെ ഐപിഒ നടത്താൻ നടപടികൾ തുടരുകയാണ്. ഫൊർച്യൂൺ ബ്രാൻഡിലുള്ള ഭക്ഷ്യ എണ്ണയും ബസ്മതി അരി, സോയാ ചങ്ക്സ്, പയറ്റു വർഗങ്ങൾ, ധാന്യപ്പൊടികൾ തുടങ്ങിയവയും ഉൽപാദിപ്പിക്കുന്ന കമ്പനി ഈ രംഗത്ത് ഏറ്റവും വലിയ ഇന്ത്യൻ കമ്പനിയാകാനുള്ള ശ്രമത്തിലാണ്.
ആഗോള വിപണിയിൽ ക്രൂഡ് വില വീണ്ടും താണു. ബ്രെൻ്റ് ഇനം 72.85 ഡോളറിലെത്തി.
സ്വർണം ഔൺസിന് 1812 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി.
ഡോളർ നിരക്ക് അൽപം താണ് 74.3 രൂപയായി.