ആശങ്കയ്ക്കിടയിലും കുതിപ്പ്; സെൻസെക്സ് 59,500 കടന്നു

പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചത് വ്യവസായ മേഖലയെ ബാധിച്ചു

Update: 2022-01-04 05:27 GMT

Background vector created by freepik - www.freepik.com

കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങൾ വളർച്ചയെ ബാധിക്കുമെന്ന ആശങ്ക ഇന്ന് ഓഹരി വിപണിയെ സ്വാധീനിച്ചു. പല സംസ്ഥാനങ്ങളിലും കടുപ്പിച്ചത് വ്യവസായ മേഖലയെ ബാധിച്ചു.

മാളുകൾ, റീട്ടെയിൽ ചെയിനുകൾ, മൾട്ടിപ്ളെക്സുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവയുടെ വരുമാനം ഗണ്യമായി താണു.

വിപണി ചെറിയ ചാഞ്ചാട്ടത്തോടെ തുടങ്ങിയ ശേഷം നല്ല നേട്ടം കുറിച്ചതാണ്. പിന്നീട് കോവിഡ് ആശങ്കയിൽ സൂചികകൾ നഷ്ടത്തിലേക്കു വീണെങ്കിലും താമസിയാതെ തിരിച്ചു കയറി.

വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സെൻസെക്സ് 59,500നും നിഫ്റ്റി 17,700 നും മുകളിലെത്തി. നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു.

ടിസിഎസ് ഒഴികെയുള്ള ഐടി ഓഹരികൾക്ക് ഇന്നു ക്ഷീണമായി. മെറ്റൽ ഓഹരികളും താണു.

ലെമൺ ട്രീ ഹോട്ടൽസിൻ്റെ 30 ലക്ഷം ഓഹരി ഗോൾഡ്മാൻ സാക്സ് 46.6 രൂപ പ്രകാരം വാങ്ങി. ഇത് ഓഹരി വില ഏഴു ശതമാനത്തിലധികം ഉയരാൻ കാരണമായി.

വിദേശ ബ്രോക്കറേജ് സിഎൽഎസ്എ ടാറ്റാ മോട്ടോഴ്സിൻ്റെ റേറ്റിംഗും വില ലക്ഷ്യവും താഴ്ത്തി. 450 രൂപയിൽ നിന്നു 408 രൂപയിലേക്കാണു വില ലക്ഷ്യം താഴ്ത്തിയത്. ഇതേ തുടർന്ന് ഓഹരിവില ഒന്നര ശതമാനത്തോളം താണു. അതേ സമയം എൻവിഷൻ ക്യാപ്പിറ്റൽ ടാറ്റാ മോട്ടോഴ്സിൻ്റെ വൈദ്യുതി വാഹന മുന്നേറ്റത്തെ പ്രകീർത്തിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമുഖ പാദരക്ഷാ ബ്രാൻഡുകളുടെ ഉടമയായ മിർസാ ഇൻറർനാഷണൽ ഓഹരി ഇന്ന് 16 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ വർഷം 165 ശതമാനം വളർച്ച കുറിച്ച ഓഹരിയാണിത്.

സ്വർണത്തിനു ലോക വിപണിയിൽ വില 1803 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 280 രൂപ താണ് 35,920 രൂപയായി.

ഡോളർ സൂചിക ഉയർന്നതിനെ തുടർന്ന് രൂപയുടെ കയറ്റത്തിനു വിരാമമായി. 24 പൈസ നേട്ടത്തോടെ 74.50 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.

Tags:    

Similar News