ആധിപത്യം ബുള്ളുകൾക്ക്; സെൻസെക്സ് 54,000 നു മുകളിൽ

ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സെൻസെക്സ് 600 പോയിന്റോളം കയറി

Update:2021-08-04 11:09 IST

ബുള്ളുകളുടെ ആവേശം തുടരുന്നു. സെൻസെക്സ് 54,000 പിന്നിട്ട് കുതിക്കുന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സെൻസെക്സ് 600 പോയിൻ്റോളം കയറി 54,400നു മുകളിലാണ്. നിഫ്റ്റി 150 പോയിൻ്റ് ഉയർന്ന് 16,280 നു മുകളിലെത്തി.

ഐടി, ബാങ്കിംഗ്, മെറ്റൽ ഓഹരികൾ മുന്നേറ്റത്തിനു നേതൃത്വം നൽകുന്നു. കേരളത്തിൽ നിന്നുള്ള ബാങ്കുകളും ഉണർവിലാണ്. ബാങ്ക് നിഫ്റ്റി 640 പോയിൻ്റ് കയറി.
എഫ്എംസിജി കമ്പനികൾ ഇന്നു താഴോട്ടു നീങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ നേട്ടമുണ്ടാക്കിയ റിയൽ എസ്‌റ്റേറ്റ് ഓഹരികൾ ഇന്ന് അൽപം താണു.
ഭവനവിൽപന വർധിക്കുന്ന സാഹചര്യത്തിൽ എച്ച്ഡിഎഫ്സിയുടെയും എൽഐസി ഹൗസിംഗ് ഫിനാൻസിൻ്റെയും ഓഹരി വിലയിൽ നല്ല കയറ്റമുണ്ടായി.
വിദേശത്തു വ്യാവസായിക ലോഹങ്ങൾക്കു വില താണപ്പോൾ ഇന്ത്യൻ മെറ്റൽ കമ്പനികൾക്ക് വില ഉയർന്നു.
നാല് ഐപിഒകൾ ഇന്ന് തുടങ്ങി. പൊതുവേ നല്ല പ്രതികരണമാണ് അവയ്ക്കു ലഭിക്കുന്നത്.
ഇന്ത്യയുടെ ജൂലൈയിലെ സർവീസസ് പിഎംഐ 45.4 ആയി ഉയർന്നു. ജൂണിൽ 41.6 ആയിരുന്നു. എന്നാൽ സൂചിക 50 നു താഴെയാണെന്നത് സേവന മേഖലയുടെ ഉണർവ് വേണ്ടത്ര ആയിട്ടില്ലെന്ന് കാണിക്കുന്നു. സൂചിക 50 നു മുകളിൽ ആയാലാണു വളർച്ച.
രൂപ ഇന്നും നല്ല നേട്ടമുണ്ടാക്കി. ഡോളർ 15 പൈസ താണ് 74.13 രൂപയിലാണ് വ്യാപാരം തുടങ്ങിയത്.പിന്നീടു ഡോളർ 74.09 രൂപ വരെ താണു.
സ്വർണം ലോകവിപണിയിൽ 1815 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല.

Tags:    

Similar News