സമ്മിശ്രവികാരത്തിൽ ക്ലോസ് ചെയ്ത് വിപണി; തിളങ്ങി ജിയോജിത്തും കിറ്റെക്സും
നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.31 ശതമാനം ഉയര്‍ന്ന് നേട്ടത്തിന് ചുക്കാന്‍ പിടിച്ചു
റേഞ്ച്ബൗണ്ടായി നീങ്ങിയ സെഷനില്‍ സെന്‍സെക്സും നിഫ്റ്റിയും ചെറിയ മാറ്റങ്ങളോടെ ചൊവാഴ്ച വ്യാപാരം അവസാനിപ്പിച്ചു. പോസിറ്റീവായി തുടങ്ങിയ വിപണിയുടെ ഗതി ഉച്ചയോടെ പ്രതികൂലമായി. ഉച്ചയ്ക്ക് ഒരു മണിയോടെ സെൻസെക്സ് 46.51 പോയിന്റ് (0.06%) ഇടിഞ്ഞ് 82,513.33 ലും നിഫ്റ്റി 9.05 പോയിന്റ് (0.04%) താഴ്ന്ന് 25,269.65 ലും എത്തി.
തുടര്‍ന്ന്, സെൻസെക്‌സ് 4.40 പോയിന്റ് താഴ്ന്ന് 82,555.44 ലും നിഫ്റ്റി 1.10 പോയിന്റ് ഉയർന്ന് 25,279.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സില്‍ 10 ദിവസത്തെ വിജയ പരമ്പരയാണ് ഇന്ന് അവസാനിച്ചത്. അതേസമയം നിഫ്റ്റി തുടര്‍ച്ചയായ 13ാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
എസ്ബിഐ ലൈഫ് (1.72%), ബജാജ് ഫിൻസെർവ് (1.40%), ഐസിഐസിഐ ബാങ്ക് (1.39%), എച്ച്ഡിഎഫ്സി ലൈഫ് (1.28%), ഹീറോ മോട്ടോകോർപ്പ് (1.24%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബജാജ് ഫിനാൻസ് (-1.36%), ഒ.എന്‍.ജി.സി (-1.33%), ഇൻഫോസിസ് (-1.20%), അദാനി പോർട്ട്സ് (-1.08%), എച്ച്.സി.എല്‍ ടെക് (-1.02%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
വിവിധ സൂചികകളുടെ പ്രകടനം
നിഫ്റ്റി മിഡ്ക്യാപ്, സ്മാള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.25 ശതമാനത്തിന്റെയും 0.43 ശതമാനത്തിന്റെയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.31 ശതമാനം ഉയര്‍ന്ന് നേട്ടത്തിന് ചുക്കാന്‍ പിടിച്ചു. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.82 ശതമാനത്തിന്റെയും നിഫ്റ്റി ബാങ്ക് 0.49 ശതമാനത്തിന്റെയും നേട്ടം കാഴ്ചവെച്ചു. ഡിക്സൺ ടെക്നോളജീസ്, വിഗാർഡ് ഇൻഡസ്ട്രീസ്, വോൾട്ടാസ് എന്നിവയുടെ ശക്തമായ പ്രകടനമാണ് ഇതിന് സഹായിച്ചത്.
നിഫ്റ്റി മീഡിയയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. നിഫ്റ്റി മീഡിയ 1.44 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി മെറ്റല്‍ 0.56 ശതമാനത്തിന്റെയും നിഫ്റ്റി റിയാലിറ്റി 0.52 ശതമാനത്തിന്റെയും ഓയില്‍ ആന്‍ഡ് ഗ്യാസ് 0.52 ശതമാനത്തിന്റെയും നഷ്ടത്തോടെ ചുവപ്പ് വെളിച്ചം കണ്ടു.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 4,054 ഓഹരികളില്‍ 1,926 ഓഹരികൾ ഇടിഞ്ഞപ്പോൾ 2,014 ഓഹരികൾ നേട്ടമുണ്ടാക്കി. 114 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 267 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 29 എണ്ണം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
ജിയോജിത് ഫിനാൻഷ്യല്‍ ഓഹരികള്‍ 15 ശതമാനത്തിലധികം ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. കനത്ത ട്രേഡിംഗ് വോളിയമാണ് ഓഹരിയെ നേട്ടത്തിലേക്ക് നയിച്ചത്. തുടർച്ചയായ മൂന്നാം സെഷനിലാണ് ഓഹരി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ഈ കാലയളവിൽ സ്റ്റോക്ക് 20 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്.
ഓഹരി ഒരു മാസത്തിനുള്ളിൽ 56 ശതമാനം ഉയർച്ചയാണ് കാഴ്ചവെച്ചത്. 2024 ൽ 103 ശതമാനമാണ് ഓഹരി ഉയർന്നത്. ജിയോജിത് ഫിനാൻഷ്യല്‍ ഓഹരി 157 ലാണ് ക്ലോസ് ചെയ്തത്.
കനത്ത ട്രേഡിംഗ് വോളിയത്തിന്റെയും കമ്പനിയുടെ ശക്തമായ വളർച്ചാ വീക്ഷണത്തിന്റെയും ബലത്തില്‍ അപ്പോളോ പൈപ്പ്സ് ഓഹരി 10 ശതമാനത്തിലധികം ഉയർന്നു. ഇൻട്രാ ഡേ വ്യാപാരത്തില്‍ ഏകദേശം കമ്പനിയുടെ 1.6 ദശലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അപ്പോളോ പൈപ്പ്സ് ഓഹരി 653 ലാണ് ക്ലോസ് ചെയ്തത്.
അദാനി ഗ്രീൻ എനർജി ഓഹരി ചൊവാഴ്ച 2 ശതമാനത്തിലധികം ഇടിഞ്ഞു. ടോട്ടൽ എനർജീസ് റിന്യൂവബിൾസ് സിംഗപ്പൂരുമായി ചേര്‍ന്ന് പുതിയ സ്ഥാപനത്തിലേക്ക് 444 മില്യൺ ഡോളർ നിക്ഷേപത്തിന്റെ കരാർ ഒപ്പിട്ടതായി കമ്പനി പ്രഖ്യാപിച്ചതിന് ശേഷവും ഓഹരിക്ക് ഇടിവ് സംഭവിക്കുകയായിരുന്നു. അദാനി ഗ്രീൻ എനർജി 1,897 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആധാർ ഹൗസിംഗ് ഫിനാന്‍സിന്റെ 'ബൈ കവറേജ്' (buy coverage) കൊട്ടക് സെക്യൂരിറ്റീസ് ആരംഭിച്ചത് കമ്പനിക്ക് നേട്ടമായി. 550 രൂപയായാണ് ഓഹരിയുടെ ടാർഗെറ്റ് വില നിജപ്പെടുത്തിയത്. നിലവിലെ ലെവലിൽ നിന്ന് 41 ശതമാനം ഉയർച്ചയാണ് ഓഹരിക്ക് സാധ്യത കല്‍പ്പിക്കുന്നത്. ഓഹരി 7 ശതമാനത്തിലധികം ഉയർന്നാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആധാർ ഹൗസിംഗ് ഫിനാൻസ് 419 രൂപയിലാണ് ക്ലോസ് ചെയ്തത്.
സീ എന്റർടൈൻമെന്റ് ഓഹരി 3.52 ശതമാനം നഷ്ടത്തിലായിരുന്നു. ടോറന്റ് പവർ, മാക്രോടെക് ഡെവലപ്പേഴ്സ്, സുപ്രീം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് ചൊവാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.
ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ഇന്ന് യോഗം ചേര്‍ന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രതിരോധ ഓഹരികൾ മികച്ച പ്രകടനം നടത്തി. വിപണി സമയത്തിന് ശേഷം 1.45 ലക്ഷം കോടി രൂപയുടെ നിർദേശങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപനവും വന്നു.
മസാഗോൺ ഡോക്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ് തുടങ്ങിയ പ്രമുഖ കപ്പൽശാല കമ്പനികളുടെ ഓഹരികൾ ചൊവാഴ്ച 6 ശതമാനം വരെ ഉയർന്നു. സുഖോയ് വിമാനങ്ങള്‍ക്ക് പുതിയ എഞ്ചിനുകള്‍ നിര്‍മിക്കാനുളള 26,000 കോടിയുടെ കരാറിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം കരാറില്‍ ഏര്‍പ്പെടുന്നതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ ഇന്ന് 3.05 ശതമാനം ഉയര്‍ന്നു.
കനത്ത ട്രേഡിംഗ് വോളിയം ഗോദ്‌റെജ് ഇൻഡസ്ട്രീസിന് 14 ശതമാനത്തിലധികം നേട്ടം കാഴ്ചവെച്ചു. 12 ലക്ഷത്തിലധികം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഒരു മാസത്തെ പ്രതിദിന ശരാശരിയായ നാല് ലക്ഷം ഓഹരികളേക്കാൾ 300 ശതമാനം കൂടുതലാണ് ഇത്. ഗോദ്‌റെജ് ഇൻഡസ്ട്രീസ് 1,211 ലാണ് ക്ലോസ് ചെയ്തത്.
കെയ്ൻസ് ടെക്നോളജിയുടെ ഓഹരികൾ ഏകദേശം 4 ശതമാനം ഉയർന്നു. പ്രതിദിനം 60 ലക്ഷം ചിപ്പുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സെമികണ്ടക്ടര്‍ ഫാക്ടറി നിർമ്മിക്കാനുള്ള ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ കെയ്ൻസ് ടെക്കിന്റെ 3,300 കോടി രൂപയുടെ നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ അറിയിച്ചിരുന്നു.
കേരളാ ഓഹരികളില്‍ താരമായി ജിയോജിത്ത് ഫിനാന്‍ഷ്യല്‍
കേരളാ ഓഹരികളില്‍ ഇന്ന് ഭൂരിഭാഗം കമ്പനികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 18.48 ശതമാനം ഉയര്‍ച്ചയോടെ നേട്ടത്തിന്റെ മുന്‍ നിരയില്‍ എത്തി. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ന് എത്തിയത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ ഓഹരി 161.5 ലാണ് ക്ലോസ് ചെയ്തത്.
10 ശതമാനം അപ്പർ സർക്യൂട്ടിലാണ് കിറ്റെക്‌സ് ഗാർമെന്റ്സ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനുള്ളിൽ 91 ശതമാനം വർധനയാണ് ഓഹരിയിലുണ്ടായത്. കിറ്റെക്സ് ഗാര്‍മെന്റ്സ് 401.7 ലാണ് ക്ലോസ് ചെയ്തത്.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2.64 ശതമാനത്തിന്റെയും ഹാരിസണ്‍സ് മലയാളം 2.20 ശതമാനത്തിന്റെയും പോപ്പീസ് കെയര്‍ 1.98 ശതമാനത്തിന്റെയും നേട്ടം കാഴ്ചവെച്ചു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി 1.66 ശതമാനം ഉയര്‍ന്ന് 1882 ലും ഫാക്ട് ഓഹരി 1.45 ശതമാനം ഉയര്‍ന്ന് 998 ലുമാണ് ചൊവാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
കേരളാ ഓഹരികളില്‍ കെ.എസ്.ഇ കമ്പനിക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കെ.എസ്.ഇ 5.91 ശതമാനം നഷ്ടത്തില്‍ 2560 ലാണ് ക്ലോസ് ചെയ്തത്. കൊച്ചിന്‍ മിനറല്‍സ് 1.07 ശതമാനത്തിന്റെയും സ്കൂബി ഡേ 1.65 ശതമാനത്തിന്റെയും കിങ്സ് ഇന്‍ഫ്രാ 0.88 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
കല്യാണ്‍ ജുവലേഴ്സ്, അപ്പോളോ ടയേഴ്സ്, ബി.പി.എല്‍, മുത്തൂറ്റ് ഫിനാന്‍സ്, പോപ്പുലര്‍ വെഹിക്കിള്‍സ്, എസ്.ടി.ഇ.എല്‍ ഹോള്‍ഡിങ്സ് തുടങ്ങിയ ഓഹരികള്‍ ഇന്ന് നേട്ടത്തിലായിരുന്നു.