നൂതന ഉത്പന്നങ്ങളുമായി സ്റ്റോറേജ് ബാറ്ററി വിപണിയിലെ അധിപന്‍, ഓഹരി കയറുമോ?
നാലുചക്ര വാഹനങ്ങള്‍ക്കും, സൗരോര്‍ജം സംഭരിക്കാന്‍ പുതിയ ബാറ്ററികള്‍
സ്റ്റോറേജ് ബാറ്ററി വിപണിയുടെ 60 ശതമാനം വരെ വിഹിതം നേടിയിട്ടുള്ള പ്രമുഖ കമ്പനിയാണ് എക്സൈഡ് ഇന്‍ഡസ്ട്രീസ് (Exide Industries Ltd). 2023-24ല്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിച്ച സാഹചര്യത്തില്‍ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.
1. 2023-24ല്‍ വിറ്റുവരവ് 10 ശതമാനം വര്‍ധനയോടെ 16,029 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 19.4 ശതമാനം വര്‍ധിച്ച് 1,871 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിന്‍ 0.92 ശതമാനം വര്‍ധിച്ച് 11 ശതമാനമായി. പ്രവര്‍ത്തന ചെലവ് കുറഞ്ഞതും റീപ്ലേസ്‌മെന്റ് വിപണിയില്‍ വില വര്‍ധന വരുത്താന്‍ സാധിച്ചതുമാണ് മാര്‍ജിന്‍ വര്‍ധിക്കാന്‍ സഹായിച്ചത്.
2. ലിഥിയം ഐയോണ്‍ ബാറ്ററി പാക്കുകള്‍ നിര്‍മിക്കാനായി പുതിയ ഉത്പാദന കേന്ദ്രം 6,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്നു. ആദ്യ ഘട്ടം നിര്‍മാണം 2024ല്‍ ആരംഭിക്കും. വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ട ബാറ്ററികളാണ് ഇവിടെ നിര്‍മിക്കുന്നത്. മൊത്തം 12 ഗിഗാ വാട്ട് ഉത്പാദന ശേഷിയാണ് സ്ഥാപിക്കുന്നത്. 2024-25 ആദ്യപകുതിയില്‍ ഒന്നാം ഘട്ടം പ്രവര്‍ത്തന സജ്ജമാകും.
3.അടുത്തിടെ നാലുചക്ര വാഹനങ്ങള്‍ക്ക് കാര്യക്ഷമതയുള്ള അബ്സോര്‍ബെന്റ് ഗ്ലാസ് മാറ്റ് ബാറ്ററികള്‍ പുറത്തിറക്കി. സൗരോര്‍ജ സംഭരണത്തിന് നൂതന ബാറ്ററികള്‍ പുറത്തിറക്കി.
4. എക്സൈഡ് ഉപകമ്പനി ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനി, കിയാ എന്നീ ഓട്ടോമൊബൈല്‍ കമ്പനികളുമായി വൈദ്യുത വാഹന ബാറ്ററികള്‍ വികസിപ്പിച്ച് ഉത്പാദിപ്പിക്കാന്‍ ധാരണയായി. ലിഥിയം ഐയോണ്‍ ഫോസ്ഫേറ്റ് സെല്ലുകളാണ് നിര്‍മിക്കുന്നത്. ലിഥിയം ഐയോണ്‍ സെല്ലുകള്‍ വികസിപ്പിക്കാന്‍ ചൈനീസ് കമ്പനിയുമായി സാങ്കേതിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
5. പരമ്പരാഗതമായ ലെഡ്-ആസിഡ് ബാറ്റെറികള്‍ക്ക് ഒപ്പം വൈദ്യുത വാഹന ബാറ്ററികളിലും കമ്പനിക്ക് ആധിപത്യം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഇന്ത്യയില്‍ വിതരണ ശൃംഖല മെച്ചപ്പെടുത്തിയും വിദേശ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിച്ചും കമ്പനിക്ക് സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)
ലക്ഷ്യ വില 520 രൂപ
നിലവില്‍ 452.90.
Stock Recommendation by Geojit Financial Services
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)