സോവറിന്‍ ഗോള്‍ഡ് ബോണ്ട് സബ്സ്ക്രിപ്ഷന് തിങ്കളാഴ്ച മുതല്‍, വിശദാംശങ്ങള്‍ അറിയാം
ഒരു ഗ്രാം മുതല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. 2.5 ശതമാനം ആണ് പലിശ നിരക്ക്.
കേന്ദ്ര സര്‍ക്കാരിനായി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ പുതിയ സീരീസ് തിങ്കളാഴ്ച ആരംഭിക്കും. 2021-22 ലെ ഏഴാം സീരീസിലേക്കുള്ള സബ്സ്ക്രിപ്ഷന് കാലയളവ് ഒക്ടോബര്‍ 25 മുതല്‍ 29 വരെയായിരിക്കും. നവംബര്‍ രണ്ടിന് ബോണ്ടുകള്‍ വിതരണം ചെയ്യും.
എട്ടാം സീരീസ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്നുവരെ ആയിരിക്കും. ജനുവരി 10 മൂതല്‍ 14 വരെയാണ് ഒമ്പതാം സീരീസ്. അവസാന സീരീസ് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് നാല് വരെയാണ്.
സബ്സ്ക്രിപ്ഷന് കാലാവധിക്ക് മൂമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളില്‍ ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്സ് അസോസിയേഷന് ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന 999 പ്യുരിറ്റിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാകും ബോണ്ടുകളുടെ വില നിശ്ചയിക്കുക. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 50 രൂപ വീതം കിഴിവും ലഭിക്കും. 2.5 ശതമാനമാണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.
ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ, ക്ലിയറിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇഇകഘ), നിയുക്ത പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവയിലൂടെ ബോണ്ടുകള്‍ വാങ്ങാം. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും പേയ്മെന്റ് ബാങ്കുകള്‍ക്കും ബോണ്ട് ഇഷ്യു ചെയ്യാനുള്ള അധികാരമില്ല.
വ്യക്തികള്‍ക്ക് ഒരു ഗ്രാം മുതല്‍ നാല് കിലോ സ്വര്‍ണം വരെയാണ് പരമാവധി വാങ്ങാനാവുക. എന്നാല്‍ ട്രസ്റ്റകുള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണമാണ്. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്.
പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇത്തരത്തില്‍ വാങ്ങാം. അതിനായി കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുത്ത പോസ്റ്റ്ഓഫീസുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത് അറിയാന്‍ അതാത് ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസില്‍ അന്വേഷിക്കാം.
ബോണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് 8 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത പലിശ അടവ് തീയതിയ്ക്ക് മുമ്പായി നിക്ഷേപകന് പദ്ധതി പിന്‍വലിക്കാനും കഴിയും. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്മേല് വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യുവിന്റെ പേപ്പറുകള്‍ ആണ് ബാങ്കുകള്‍ ഇതിനായി ആവശ്യപ്പെടുക. ഓഹരി വിപണിയിലും വില്‍ക്കാം.