ടാറ്റാ ടെക്കില്‍ 9.9% ഓഹരി വില്‍ക്കാന്‍ ടാറ്റാ മോട്ടോഴ്‌സ്; വില്‍പന മൂല്യം ഇടിച്ചുതാഴ്ത്തിയോ?

ടാറ്റാ മോട്ടോഴ്‌സിന്റെ നടപടിയില്‍ സംശയം ഉയരുന്നു

Update: 2023-10-14 07:41 GMT

Image : tatatechnologies.com

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയില്‍ നിന്ന് മറ്റൊരു കമ്പനി കൂടി പ്രാരംഭ ഓഹരി വില്‍പനയിലൂടെ (IPO) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുകയാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമായ, പൂനെ ആസ്ഥാനമായുള്ള ടാറ്റാ ടെക്‌നോളജീസിന്റെ ഐ.പി.ഒ വൈകാതെയുണ്ടാകും. 2004ന് ശേഷം ആദ്യമായാണ് ടാറ്റാ ഗ്രൂപ്പില്‍ നിന്ന് വീണ്ടുമൊരു ഐ.പി.ഒ.

ഐ.പി.ഒ നടപടികള്‍ക്ക് മുമ്പായി ടാറ്റാ ടെക്കില്‍ നിന്ന് 9.9 ശതമാനം ഓഹരികള്‍ വിറ്റൊഴിയാനുള്ള നീക്കത്തിലാണ് ടാറ്റാ മോട്ടോഴ്‌സ്. എന്നാല്‍, ഈ വില്‍പന ടാറ്റാ ടെക്കിന്റെ മൂല്യം ഇടിച്ചുതാഴ്ത്തിക്കൊണ്ടാണോ എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.
വാങ്ങുന്നത് രത്തന്‍ ടാറ്റ ഫൗണ്ടേഷനും ടി.പി.ജിയും
ടാറ്റാ ടെക്കിലെ ഓഹരി പങ്കാളിത്തത്തില്‍ നിന്ന് 9.9 ശതമാനമാണ് ഐ.പി.ഒയ്ക്ക് മുന്നോടിയായി ടാറ്റാ മോട്ടോഴ്‌സ് വില്‍ക്കാനൊരുങ്ങുന്നത്. 1,614 കോടി രൂപ ഇതുവഴി സമാഹരിക്കും.
നിക്ഷേപ സ്ഥാപനമായ ടി.പി.ജി റൈസ് ക്ലൈമറ്റാണ് (TPG Rise Climate) ഒമ്പത് ശതമാനം ഓഹരികള്‍ വാങ്ങുക. ബാക്കി 0.9 ശതമാനം രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും വാങ്ങും. ടാറ്റാ ടെക്കിന് 200 കോടി ഡോളര്‍ അഥവാ 16,300 കോടി രൂപ മാത്രം മൂല്യം വിലയിരുത്തിയാണ് ഈ ഓഹരി വില്‍പന.
സംശയം ഇങ്ങനെ
നിലവില്‍ അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ വ്യാപകമായി ട്രേഡ് ചെയ്യപ്പെടുന്ന ഓഹരിയാണ് ടാറ്റാ ടെക്കിന്റേത്. ഓഹരി ഒന്നിന് 800-1,000 രൂപ നിരക്കിലാണ് അണ്‍ലിസ്റ്റഡ് വിപണിയിലെ വില്‍പന. എന്നാല്‍ ടി.പി.ജി., രത്തന്‍ ടാറ്റാ ഫൗണ്ടേഷന്‍ എന്നിവയുമായുള്ള ഓഹരി വില്‍പന ഇടപാടില്‍ ഓഹരി ഒന്നിന് വില 400 രൂപയാണ്. അതായത്, അണ്‍ലിസ്റ്റഡ് വിപണിയിലെ വിലയുടെ പാതി മാത്രം.
എന്തുകൊണ്ടാണ് ഇങ്ങനെ വിലയിടിച്ചത്? നിരവധിപേര്‍ ഇതേക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു. അതില്‍ പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും കാപ്പിറ്റല്‍മൈന്‍ഡ് സി.ഇ.ഒയുമായ ദീപക് ഷേണായിയുമുണ്ട്.


ദുര്‍ബലമായ പി.ഇ അനുപാതം
16,300 കോടി രൂപ വിപണിമൂല്യം കണക്കാക്കുമ്പോള്‍ ടാറ്റാ ടെക്കിന്റെ പ്രൈസ്-ടു-ഏണിംഗ്‌സ് റേഷ്യോ (PE Ratio) 26 മടങ്ങാണ്. അതായത്, കമ്പനി ഓരോ രൂപ ലാഭം നേടുമ്പോഴും ഓരോ ഓഹരിയും സ്വന്തമാക്കാന്‍ 26 രൂപ അധികം നല്‍കാന്‍ നിക്ഷേപകര്‍ ഒരുക്കമാണ്.
വിപണിയില്‍ ടാറ്റാ ടെക്കിന്റെ എതിരാളിയായ കെ.പി.ഐ.ടി ടെക്കിന്റെ (KPIT Technologies) പി.ഇ റേഷ്യോ ഇനി നമുക്ക് നോക്കാം. കെ.പി.ഐ.ടി ടെക്കിന് 76 മടങ്ങാണ് പി.ഇ അനുപാതം. അതായത്, കമ്പനി ഓരോ രൂപ ലാഭം നേടുമ്പോഴും ഓഹരി സ്വന്തമാക്കാന്‍ 76 രൂപ നല്‍കാന്‍ നിക്ഷേപകര്‍ തയ്യാറാണ്.
അതായത്, വിപണിയില്‍ ഏതാണ്ട്‌ ഒരേ നിലവാരമുള്ള, ഒരേ വളര്‍ച്ചാപ്രതീക്ഷയും ലാഭക്ഷമതയുള്ള രണ്ട് കമ്പനികള്‍ക്കുള്ളത് വലിയ അന്തരമുള്ള പി.ഇ അനുപാതം.
ടാറ്റാ ടെക് ഐ.പി.ഒ

ടാറ്റാ ടെക്കില്‍ 74.69 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റാ മോട്ടോഴ്‌സിനുള്ളത്. ഐ.പി.ഒയുടെ തീയതിയും വില്‍പന വിലയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  ഐ.പി.ഒ 3,800-4,000 കോടി രൂപയുടേതാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News