ക്രിപ്‌റ്റോ സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ഈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ക്രിപ്‌റ്റോ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
നിക്ഷേപകര്‍ക്ക് ക്രിപ്‌റ്റോ സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി തായ്‌ലന്‍ഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എസ്ഇടി). തായ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും സേവനങ്ങള്‍ നല്‍കുക. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനാണ് രാജ്യത്തെ ക്രിപ്‌റ്റോ നിയന്ത്രണങ്ങളുടെ ചുമതലയും.
തെക്കു-കിഴക്കന്‍ രാജ്യങ്ങളിലെ ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ക്കുണ്ടായ വളര്‍ച്ചയാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തായ്‌ലന്‍ഡ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ പ്രേരിപ്പിച്ച ഘടകം. റിസര്‍ച്ച് സ്ഥാപനം ട്രിപിള്‍എയുടെ കണക്കുകള്‍ പ്രകാരം തായ്‌ലന്‍ഡില്‍ മാത്രം 3.6 മില്യണ്‍ പേരാണ് ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഡിജിറ്റല്‍ അസറ്റ് എക്‌സ്‌ചേഞ്ച് സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ അവതരിപ്പിക്കുക.
എന്നാല്‍ ഒരു ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായി മാറാന്‍ പദ്ധതികളില്ലെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു. ക്രിപ്‌റ്റോ സ്വീകരിച്ച് സാധാരണ കറന്‍സി നല്‍കുന്ന പ്ലാറ്റ്‌ഫോമായി ആവും എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുക. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സേവനം നിലവില്‍ വരും. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്രിപ്‌റ്റോ വരുമാനത്തിന് മേല്‍ ഏര്‍പ്പെടുത്തിയ 15 ശതമാനം നികുതി ഈ മാസം ആദ്യം തായ്‌ലന്‍ഡ് പിന്‍വലിച്ചിരുന്നു. തായിലന്‍ഡിനെ കൂടാതെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ബള്‍ഗേറിയന്‍ സ്‌റ്റോക്ക് എക്‌സേചേഞ്ചും ക്രിപ്‌റ്റോ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.