ചൂളം വിളിച്ച് ഈ റെയിൽവേ ഓഹരികൾ; നിക്ഷേപകർക്ക് നേട്ടം, സർക്കാരിന് വൻ ലാഭവിഹിതം

കഴിഞ്ഞ 6 സെഷനുകളിലായി മാത്രം ആര്‍.വി.എന്‍.എല്‍ കുതിച്ചത് 25 ശതമാനത്തിലധികം; ഇന്നും മുന്നേറ്റം

Update:2024-05-21 13:02 IST

Image : Canva

ഏതാനും ആഴ്ചകളായി വലിയ മുന്നേറ്റത്തിലാണ് റെയില്‍വേ അനുബന്ധ കമ്പനികളുടെ ഓഹരികള്‍. ഇന്ത്യന്‍ റെയില്‍വേ മുന്നോട്ടുവയ്ക്കുന്ന പുതിയ വികസന പദ്ധതികളുടെ കരുത്തിലാണ് ഈ തേരോട്ടം.
ഇപ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന രണ്ട് റെയില്‍വേ ഓഹരികളാണ് ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷനും (IRFC) റെയില്‍ വികാസ് നിഗവും (RVNL). ഇവയുടെ ഓഹരികളുടെ മുന്നേറ്റം കേന്ദ്രസര്‍ക്കാരിനും ഓഹരി ഉടമകള്‍ക്കും സമ്മാനിക്കുന്നത് മികച്ച നേട്ടവുമാണ്.
ലാഭവിഹിതം പ്രഖ്യാപിച്ച് ഐ.ആര്‍.എഫ്.സി
റെയില്‍വേയുടെ വികസന പദ്ധതികള്‍ക്ക് മൂലധന പിന്തുണ ഉറപ്പാക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് മിനിരത്‌ന കമ്പനിയായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC). കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുപ്രകാരം കമ്പനിയുടെ 86.36 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ പക്കലാണ്.
2021 ജനുവരിയിലായിരുന്നു കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പന (IPO). 2.26 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ഐ.ആര്‍.എഫ്.സി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടം 430 ശതമാനമാണ്. കഴിഞ്ഞ 6 മാസത്തിനിടെ ഓഹരിവില 130 ശതമാനത്തിലധികം ഉയര്‍ന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ 25 ശതമാനത്തിലധികം ഉയര്‍ന്ന ഓഹരിവില ഇന്നും മൂന്ന് ശതമാനത്തോളം നേട്ടത്തിലാണുള്ളത്. മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷത്തേക്കായി 0.8 രൂപയുടെ ഇടക്കാല ലാഭവിഹിതവും (Interim Dividend) 0.7 രൂപയുടെ അന്തിമ ലാഭവിഹിതവും (Final Dividend) ഉള്‍പ്പെടെ ഓരോ ഓഹരിക്കും ആകെ 1.5 രൂപ വീതം ലാഭവിഹിതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഓഹരി ഉടമകളായ കേന്ദ്രസര്‍ക്കാരിന് ഇതുവഴി ലഭിക്കുന്നത് 1,700 കോടി രൂപയാണ്.
കഴിഞ്ഞപാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഐ.ആര്‍.എഫ്.സി 33.6 ശതമാനം വളര്‍ച്ചയോടെ 1,717 കോടി രൂപയുടെ ലാഭം നേടിയിരുന്നു. മൊത്ത വരുമാനം 6,193 കോടി രൂപയില്‍ നിന്ന് 6,473 കോടി രൂപയിലുമെത്തി.
നേട്ടത്തിന്റെ ചൂളംവിളിച്ച് ആര്‍.വി.എന്‍.എല്‍
റെയില്‍വേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ് എന്ന ആര്‍.വി.എന്‍.എല്‍ (RVNL). ഇന്ന് 13 ശതമാനം വരെ കുതിപ്പിലാണ് കമ്പനിയുടെ ഓഹരികള്‍. നിലവില്‍ ഓഹരിയുള്ളത് 12.52 ശതമാനം നേട്ടവുമായി 337 രൂപയില്‍. കഴിഞ്ഞ ജനുവരി 28ന് കുറിച്ച 345 രൂപയാണ് കമ്പനിയുടെ ഇന്‍ട്രാ-ഡേ റെക്കോഡ്.

കമ്പനിക്ക് ഇന്നലെ സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയുടെ ഖരഗ്പൂര്‍ ഡിവിഷനില്‍ നിന്ന് 148.26 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഇതാണ് ഇന്ന് ഓഹരിക്കുതിപ്പിന് വഴിവച്ചത്.

 62,500 കോടി രൂപ വിപണിമൂല്യമുള്ള ഇക്കഴിഞ്ഞ മാര്‍ച്ചുപാദത്തില്‍ (2023-24) നേടിയത് 17.4 ശതമാനം വളര്‍ച്ചയോടെ 6,714 കോടി രൂപയുടെ വരുമാനമാണ്. ലാഭം 33 ശതമാനം ഉയര്‍ന്ന് 479 കോടി രൂപയുമായിരുന്നു. ഓഹരിക്ക് 2.11 രൂപ വീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 175 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണ് ആര്‍.വി.എന്‍.എല്‍. കഴിഞ്ഞ 6 സെഷനുകള്‍ക്കിടെ മാത്രം ഓഹരിവില ഉയര്‍ന്നത് 25 ശതമാനത്തോളം.
നിലവില്‍ കമ്പനിയുടെ കൈവശമുള്ള മൊത്തം ഓര്‍ഡറുകള്‍ (Order Book) 85,000 കോടി രൂപയാണ്. നടപ്പുവര്‍ഷം (2024-25) ഇത് ഒരുലക്ഷം കോടി രൂപയിലെത്തിക്കുകയാണ് കമ്പനിയുടെ ഉന്നം.
Tags:    

Similar News