ഒരു വര്‍ഷത്തിനിടെ 115 ശതമാനം നേട്ടം, ഇലക്ട്രോണിക്‌സ് കമ്പനിയെ ഉയര്‍ച്ചയിലേക്ക് നയിച്ചതെന്ത്?
ആറ് മാസത്തിനിടെ 19 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഈ ഓഹരി രേഖപ്പെടുത്തിയത്
ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തിനിടെ ഇലക്ട്രോണിക്സ് കമ്പനിയായ ബിപിഎല്‍ ലിമിറ്റഡ് (BPL ltd) നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 115 ശതമാനം നേട്ടം. ഒരു മാസത്തിനിടെ 2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഓഹരി വിലയില്‍ ആറ് മാസത്തിനിടെയുണ്ടായത് 19 ശതമാനത്തിന്റെ ഉയര്‍ച്ചയാണ്. ഇന്ന് 0.30 ശതമാനം നേരിയ നേട്ടവുമായി 67.30 രൂപ എന്ന നിലയിലാണ് ബിപിഎല്‍ ലിമിറ്റഡ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്.
ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ ധാരണയായതിന് പിന്നാലെയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഈ കമ്പനിയുടെ ഓഹരി വില ഉയരാന്‍ തുടങ്ങിയത്. അന്ന് 176 രൂപ എന്ന 52 ആഴ്ചക്കയിലെ ഉയര്‍ന്ന നിലയില്‍ ബിപിഎല്ലിന്റെ ഓഹരിവിലയെത്തിയിരുന്നു.
ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ എസി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍, ബള്‍ബ്, ഫാന്‍ തുടങ്ങിയ നിര്‍മിച്ച് വില്‍ക്കാനാണ് റിലയന്‍സ് കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. കൂടാതെ, പുതിയ ഉല്‍പ്പന്നങ്ങളും ഈ ബ്രാന്‍ഡിന് കീഴില്‍ നിര്‍മിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. റിലയന്‍സ് ഓഫ്ലൈന്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെയാണ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന.
ഇലക്ട്രോകാര്‍ഡിയോഗ്രാഫ് മെഷീനുകളും പാനല്‍ മീറ്ററുകളുമായി 1963 ലാണ് ബിപിഎല്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ലോകോത്തര ഇന്ത്യന്‍ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായി അതിവേഗം വളര്‍ന്നു. 1990-കളില്‍ ബിപിഎല്‍ ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവ ഇന്ത്യന്‍ വിപണിയിലെത്തിച്ച് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തിരുന്നു.