ഒരുവര്‍ഷത്തിനിടെ 48 ശതമാനം നേട്ടം, ഈ കേരള കമ്പനി നേട്ടമാകുമോ?

അഞ്ച് ദിവസത്തിനിടെ 17 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഓഹരി വിലയിലുണ്ടായത്

Update: 2022-08-19 06:20 GMT

ഒരു വര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ താരമായി കേരള കമ്പനിയായ എവിടി നാച്ചുറല്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (AVT Naturals). ഒരു വര്‍ഷത്തിനിടെ 48 ശതമാനത്തിന്റെ കുതിപ്പാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ഒരുവര്‍ഷം മുമ്പ് 72.85 രൂപയായിരുന്നു ഈ ഓഹരിയുടെ വിലയെങ്കില്‍ ഇന്ന് അത് 108 രൂപയിലാണ് എത്തി നില്‍ക്കുന്നത്. അഞ്ച് ദിവസത്തിനിടെ 17 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 21 ശതമാനത്തിന്റെയും ഉയര്‍ച്ചയും ഈ ഓഹരി കണ്ടു. അതിനിടെ ഏപ്രിലില്‍ ഈ ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിലയായ 131.40 രൂപയും തൊട്ടു.

സസ്യാധിഷ്ഠിത സത്തകളുടെയും പ്രകൃതിദത്ത ചേരുവകളുടെയും നിര്‍മാതാക്കളാണ് എവിടി നാച്ചുറല്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് 
(AVT Naturals)
. ഒരു പ്ലാന്റേഷന്‍ കമ്പനിയായി 1925-ല്‍ സ്ഥാപിതമായ എവിടി കുടുംബ ബിസിനസായാണ് മുന്നോട്ടുപോകുന്നത്. ചായ, റബ്ബര്‍, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ തോട്ടങ്ങളുള്ള കമ്പനി ഇവയുടെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. തുകല്‍ വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബയോടെക്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖകലകളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.
ഗ്രൂപ്പിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ദക്ഷിണേന്ത്യയില്‍ മികച്ച ബ്രാന്‍ഡ് മൂല്യമുണ്ട്. മേഖലയിലും വ്യവസായത്തിലും ദീര്‍ഘകാല സാന്നിധ്യം ഉള്ളതിനാല്‍ എവിടിക്ക് നല്ല വിശ്വാസ്യതയുമുണ്ട്.
ഇന്ന് രാവിലെ 10.45ന് 0.14 ശതമാനം നേരിയ നേട്ടത്തോടെ 107.55 രൂപ എന്ന നിലയിലാണ് ഈ ഓഹരി വ്യാപാരം നടത്തുന്നത്. എവിടിയുടെ (AVT Naturals) ഓഹരി വില 124 വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ടും പറയുന്നു.


Tags:    

Similar News