നാലാം സീരീസ് സ്വര്‍ണ ബോണ്ട് ഇപ്പോള്‍ പിന്‍വലിച്ചാല്‍ നേട്ടം 115.69%
മാര്‍ച്ച് 16ന് ബോണ്ട് നിക്ഷേപം പിന്‍വലിക്കാം, വാങ്ങിയത് ഗ്രാമിന് 2,943 രൂപയ്ക്ക്; നിലവില്‍ വില 6,438 രൂപ
റിസര്‍വ് ബാങ്കിന്റെ സോവറിന്‍ സ്വര്‍ണ ബോണ്ട് 2016-17 സീരീസ് IV അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന മാര്‍ച്ച് 16ന് നിക്ഷേപകര്‍ക്ക് കാലാവധിക്ക് മുന്‍പായി പിന്‍വലിക്കാം. അങ്ങനെ പിന്‍വലിച്ചാല്‍ ലഭിക്കുന്നത് 115.69 ശതമാനം നേട്ടം. സ്വര്‍ണ വിലയില്‍ അടുത്ത കാലത്ത് ഉണ്ടായ വലിയ വര്‍ധനയാണ് ഇത്രയും വലിയ നേട്ടമുണ്ടാക്കാന്‍ സഹായകമായത്.
എട്ടു വര്‍ഷമാണ് കാലാവധിയെങ്കിലും അഞ്ച് വര്‍ഷത്തിനുശേഷം നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നല്‍കുന്നുണ്ട്. സോവറിന്‍ ബോണ്ട് 2016-17 സീരിസ് IV ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ കാലയളവിലാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. അന്നത്തെ വില ഗ്രാമിന് 2,943 രൂപ യായിരുന്നു. അഞ്ചുവര്‍ഷത്തിന് ശേഷം ഇപ്പോള്‍ പിന്‍വലിക്കുന്നവര്‍ക്ക് ഗ്രാമിന് 6,438 രൂപ എന്ന നിരക്കിലാണ് പണം തിരികെ ലഭിക്കുന്നത്.
കാലാവധി പൂര്‍ത്തിയായ ശേഷം പിന്‍വലിക്കുന്നതിന് മൂലധന നേട്ട നികുതി നല്‍കേണ്ടതില്ല. എന്നാല്‍ കാലാവധിക്ക് മുന്‍പ് പണം പിന്‍വലിക്കുന്നവര്‍ക്ക് ഇന്‍ഡെക്സേഷന്‍ അനുകൂല്യത്തോടെ 20% മൂലധന നേട്ട നികുതി നല്‍കേണ്ടി വരും.
സോവറിന്‍ സ്വര്‍ണ ബോണ്ട് നിക്ഷേപങ്ങള്‍ക്ക് വാര്‍ഷിക പലിശയായി ലഭിക്കുന്നത് 2.5 ശതമാനമാണ്. പലിശയായി ലഭിക്കുന്ന വരുമാനത്തിന് സ്ലാബ് നിരക്കില്‍ നികുതി നല്‍കേണ്ടി വരും.
സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനും സ്വര്‍ണാഭരണങ്ങളും മറ്റും വാങ്ങുന്നത് നിരുത്സാഹപ്പെടുത്താനുമായി തുടങ്ങിയ സോവറിന്‍ സ്വര്‍ണ ബോണ്ട് പദ്ധതിക്ക് മികച്ച പ്രതികരണമാണ് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളത്. 2.5% വാര്‍ഷിക പലിശ കൂടാതെ സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന വളര്‍ച്ചക്ക് അനുസൃതമായി നേട്ടം ഉണ്ടാക്കാനും സ്വര്‍ണ ബോണ്ട് പദ്ധതി സഹായിക്കുന്നു.