ഗോള്‍ഡ് ഇടിഎഫ്, നിക്ഷേപിക്കും മുമ്പ് അറിയാം ഇക്കാര്യങ്ങള്‍
ഗോള്‍ഡ് ഇടിഎഫ് നിക്ഷേപത്തിനായി സ്റ്റോക്ക് ബ്രോക്കറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
രാജ്യത്ത് ഗോള്‍ഡ് ഇടിഎഫ് (ETF) അഥവാ സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് പ്രിയമേറുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണ ഇടിഎഫുകളിലെ അറ്റ ആസ്തി മൂല്യം ഗണ്യമായാണ് വര്‍ധിച്ചത്. ഡോളറുമായി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും സ്വര്‍ണ ഇടിഎഫുകള്‍ക്ക് പ്രിയം വര്‍ധിക്കാന്‍ കാരണമായി. പണപ്പെരുപ്പം വര്‍ധിക്കുന്ന വേളയില്‍ സ്വര്‍ണ നിക്ഷേപം സാധാരണ വര്‍ധിക്കാറുണ്ട്.
സ്വര്‍ണ ഇടിഎഫ് (Gold ETF) നിക്ഷേപങ്ങള്‍ ഒരു ഗ്രാം സ്വര്‍ണമോ അതിന്റെ ഗണിതങ്ങളായിട്ടും യൂണിറ്റുകളായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. നിക്ഷേപകരുടെ പണം 99.5 ശതമാനവും സ്വര്‍ണ കട്ടികളിലാണ് നിക്ഷേപിക്കുന്നത്. ഓഹരികളെ പോലെ എന്‍എസ്ഇ, ബിഎസ്ഇയിലും വില്‍ക്കാനും വാങ്ങാനും സാധിക്കും. സ്വര്‍ണവിലയുടെ ഉയര്‍ച്ച താഴ്ചകള്‍ക്ക് അനുസരിച്ച് യൂണിറ്റിന്റെ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. സ്വര്‍ണ ഇടിഎഫുകള്‍ ഓഹരികളെ പോലെ ഡിമാറ്റ് രൂപത്തിലാക്കുന്നതിനാല്‍ സ്വര്‍ണാഭരണത്തെ പോലെ സൂക്ഷിക്കാനുള്ള ലോക്കര്‍ ചെലവുകളോ കളവു പോകുമെന്ന ഭയവും വേണ്ട.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
1. വലിയ തുക നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മറ്റ് സ്വര്‍ണാധിഷ്ഠിത നിക്ഷേപങ്ങളേക്കാം ലാഭം തരുന്നവയാണ് ഗോള്‍ഡ് ഇടിഎഫുകള്‍. ഗോള്‍ഡ് ഇടിഎഫുകള്‍ 0.5 മുതല്‍ 1 ശതമാനം വരെ ബ്രോക്കറേജ് കമ്മീഷന്‍ ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. അതിനാല്‍ തന്നെ കുറഞ്ഞ കമ്മിഷനോ ബ്രോക്കറേജോ ഉള്ള സ്റ്റോക്ക് ബ്രോക്കറെ അല്ലെങ്കില്‍ ഫണ്ട് മാനേജരെ കണ്ടെത്തുക.
2. അതുപോലെ തന്നെ കുറഞ്ഞ ഫീസ് മാത്രം അടിസ്ഥാനമാക്കി ഒരു ഗോള്‍ഡ് ഇടിഎഫ് ഉല്‍പ്പന്നമോ ഫണ്ട് മാനേജര്‍മാരെയോ തിരഞ്ഞെടുക്കരുത്. ഫണ്ട് മാനേജര്‍മാര്‍ എത്ര നന്നായി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നു എന്നതിന്റെ വ്യക്തമായ ധാരണ ലഭിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഫണ്ടിന്റെ പ്രകടനം വിലയിരുത്തണം.
3. കൂടാതെ, നിങ്ങള്‍ നിക്ഷേപിക്കുന്നതിന് മുമ്പ് സ്വര്‍ണ വില ട്രെന്‍ഡുകള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഗോള്‍ഡ് ഇടിഎഫ് ഒരു ഫണ്ട് മാനേജരാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, നിങ്ങളുടെ അക്കൗണ്ടും നിങ്ങള്‍ക്കായി ചെയ്യുന്ന ട്രേഡുകളും നിരീക്ഷിക്കുക. നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പതിവ് നിരീക്ഷണം നിങ്ങളെ സഹായിക്കും.