ദീപാവലി സന്ദേശത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് താക്കീതുമായി ഉദയ് കോട്ടക്

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ചെറുകിട നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യം ചൂണ്ടിക്കാട്ടുന്നു കോട്ടക് മഹീന്ദ്ര ബാങ്ക് സാരഥി

Update: 2021-11-04 09:06 GMT

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ചെറുകിട നിക്ഷേപകര്‍ക്ക് താക്കീതുമായി കോട്ടക് മഹീന്ദ്ര ബാങ്ക് എം ഡിയും സി ഇ ഒയുമായ ഉദയ് കോട്ടക്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ആഗോള സാഹചര്യങ്ങളും ശ്രദ്ധിക്കണമെന്നും വരാനിടയുള്ള വെല്ലുവിളികളെ കുറിച്ച് ധാരണ വേണമെന്നുമാണ് ദീപാവലി സന്ദേശത്തില്‍ ഉദയ് കോട്ടക് മുന്നറിയിപ്പ് നല്‍കുന്നത്.

''കഴിഞ്ഞ 18 മാസമായി ഓഹരി വിപണി രാജ്യത്തെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഓരോ സംവത് കഴിയുമ്പോള്‍ വിപണിയുടെ പ്രകടനവും ഏറെ മികച്ചതുമാണ്. അതേ സമയം, ആഗോള സാഹചര്യങ്ങളെ കുറിച്ചുള്ള ധാരണ നിക്ഷേപകര്‍ക്കുണ്ടായിരിക്കണം,'' ഉദയ് കോട്ടക് പറയുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ മികച്ച രീതിയില്‍ തിരിച്ചുവന്നതായും സമ്പദ് വ്യവസ്ഥയുടെ ഭാവിയില്‍ അങ്ങേയറ്റം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും ഉദയ് കോട്ടക് പറയുന്നു.

സമ്പദ് ഘടനയിലെ നല്ല മാറ്റങ്ങള്‍ ഇതിനകം ഓഹരി വിപണി ഉള്‍ക്കൊണ്ടുകഴിഞ്ഞതുകൊണ്ടു കൂടിയാണ് ഇത്രയും നേട്ടം ലഭിച്ചതും. അതുകൊണ്ട് തന്നെ ഈ സംവത് ദിനത്തില്‍ കൂടുതല്‍ ജാഗ്രത നിക്ഷേപകര്‍ പുലര്‍ത്തണം.

ഓഹരി വിപണി ഇനിയും ഉയരും. പക്ഷേ നിക്ഷേപകര്‍ വിപണിയിലെ റിസ്‌കുകള്‍ മനസ്സിലാക്കി വേണം നിക്ഷേപം തുടരാന്‍. വരും വര്‍ഷത്തില്‍ പലിശ നിരക്ക് ഉയര്‍ന്നേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നു.


Tags:    

Similar News