ബജറ്റിൽ സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കണമെന്ന് റിയൽ എസ്റ്റേറ്റ് മേഖല
ഭൂമിയിലൂടെ ന്യായ വില പുനരവലോകനം ചെയ്യണം, സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണം
കോവിഡിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല. ഉരുക്ക്,സിമെന്റ്, ഊര്‍ജ ചെലവുകള്‍ മേഖലയിലെ നിര്‍മാണ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും ഭവന ഡിമാന്‍ഡ് വര്‍ധിച്ചത് കൊണ്ട് പുതിയ പദ്ധതികളുമായി ഫ്ലാറ്റ് നിര്‍മാതാക്കള്‍ മുന്നോട്ട് പോവുകയാണ്.
വരുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേഖല. ഫ്ളാറ്റുകള്‍, വില്ലകള്‍ എന്നിവയുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള കരാറുകള്‍ക്ക് (Conveyance deed) സ്റ്റാമ്പ് ഡ്യൂട്ടി 8 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറയ്ക്കണമെന്നാണ് ക്രെഡായ് കേരള വിഭാഗത്തിന്റെ ആവശ്യം. രജിസ്‌ട്രേഷന്‍ ഫീസ് 2 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കണമെന്നും ഇവര്‍ പറയുന്നു. ബിസിനസ് നടത്തിപ്പ് സുഗമമാക്കനും, അഫ്‌ഫോര്‍ഡബിള്‍ ഭവനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇത് സഹായകരമാകും എന്നാണ് വിലയിരുത്തല്‍.
സംയുക്ത വികസന കരാറുകളുടെ കാര്യത്തില്‍ മുക്ത്യാറിന് (Power of Attorney) ചുമത്തുന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കല്‍, പാട്ടക്കരാറുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ ലഘൂകരിക്കല്‍, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ജിഎസ്ടിയില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (Input tax credit) പുനഃ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ക്രെഡായ് മുന്നോട്ടുവെച്ചിട്ടുണ്ട്.