ഓഹരി വിപണിയില്‍ ഉണര്‍വ് ; സെന്‍സെക്സ് 792.96 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 228.50 ഉം

Update: 2019-08-26 11:21 GMT

വിദേശ നിക്ഷേപകര്‍ക്കു ചുമത്തിയിരുന്ന സര്‍ചാര്‍ജ് പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന്റെ അനുബന്ധമായി ഈ വാരത്തിലെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ ഉണര്‍വു പ്രകടമായി. സെന്‍സെക്സ് 792.96 പോയിന്റ് ഉയര്‍ന്ന് 37494.12ലും നിഫ്റ്റി 228.50 പോയിന്റ് ഉയര്‍ന്ന് 11057.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് മാസത്തെ ഏറ്റവും വലിയ നേട്ടം.

സെന്‍സെക്സ് 2.16 ശതമാനവും നിഫ്റ്റി 2.11ശതമാനവും നേട്ടം കൈവരിച്ചു. പൊതുമേഖലാ ബാങ്ക്, വാഹനം എന്നീ മേഖലകളാണ് കൂടുതല്‍ തിളങ്ങിയത്. ലോഹ വിഭാഗത്തിലെ ഓഹരികള്‍ മാത്രമേ പിന്നിലായുള്ളൂ. യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐടിസി, ഐഒസി തുടങ്ങിയവ  നേട്ടത്തിലായിരുന്നു. സണ്‍ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, ഹിന്‍ഡാല്‍കോ, വിപ്രോ, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തിക പുനരുജ്ജീവന സാധ്യത ദൃശ്യമാകുന്നുണ്ടെന്ന് കാര്‍മ ക്യാപിറ്റല്‍ മാനേജ്മെന്റ് മാനേജിംഗ് പാര്‍ട്ണര്‍ നന്ദിത അഗര്‍വാള്‍ പാര്‍ക്കര്‍ പറഞ്ഞു.

Similar News