ബാലന്‍സ് ഷീറ്റിലറിയാം കമ്പനിയുടെ വളര്‍ച്ചയും തളര്‍ച്ചയും

എന്താണ് ബാലന്‍സ് ഷീറ്റ്? അത് തയ്യാറാക്കുന്നത് എങ്ങനെ?

Update:2023-06-12 13:48 IST

കമ്പനിയുടെ ബാലന്‍സ് ഷീറ്റ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ഒരു കമ്പനിയുടെ നിലവിലെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന കണക്കുപുസ്തകമെന്ന് ഒറ്റനോട്ടത്തില്‍ ബാലന്‍സ് ഷീറ്റിനെ (Balance Sheet) വിശേഷിപ്പിക്കാം. കമ്പനിയുടെ ആസ്തി (Asset), കടബാദ്ധ്യതകള്‍ (Liability), ഓഹരി ഉടമകളുടെ നിക്ഷേപപങ്കാളിത്തം (Equity) തുടങ്ങിയവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ബാലന്‍സ് ഷീറ്റിലുണ്ടാകും. ഒരു വ്യക്തിയുടെ സേവിംഗ്‌സ്, കടബാദ്ധ്യത, നിലവിലെ ആസ്തി എന്നിവയുടെ കണക്കുകള്‍ സൂക്ഷിക്കുന്ന പുസ്തകം പോലെയാണിത്.
ബാലന്‍സ് ഷീറ്റിലെന്തെല്ലാം
മേല്‍പ്പറഞ്ഞത് പോലെ ആസ്തി, കടബാദ്ധ്യത, ഓഹരി ഉടമകളുടെ നിക്ഷേപം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് മുഖ്യമായും ബാലന്‍സ് ഷീറ്റിലുണ്ടാവുക. ഇവയ്ക്ക് ചില ഉപഘടകങ്ങളുമുണ്ട്. അവ പരിശോധിക്കാം.
1) ആസ്തി: കമ്പനിയുടെ സാമ്പത്തികമൂല്യമുള്ള സ്രോതസ്സുകളാണ് ആസ്തി. ഇവയെ രണ്ടായി തിരിക്കാം. ഒന്ന്, നിലവിലെ ആസ്തി (Current Asset). രണ്ട്, ദീര്‍ഘകാല ആസ്തി (Non-Current Asset/Long-term Asset).
കറന്റ് അസറ്റ് : പണമാക്കി മാറ്റാവുന്ന ആസ്തിയാണിവ; പ്രത്യേകിച്ച് ഒരുവര്‍ഷക്കാലത്തിനകത്ത്. പണം, പണത്തിന് തുല്യമായ മറ്റ് ഘടകങ്ങള്‍, ഉപഭോക്താക്കളില്‍ നിന്ന് കിട്ടാനുള്ള തുക, ഹ്രസ്വകാല നിക്ഷേപം, അടിസ്ഥാനചരക്ക് (Inventory) എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്.
നോണ്‍-കറന്റ് അസറ്റ് : കമ്പനി ഒരുവര്‍ഷത്തിന് മേല്‍ കൈവശം വയ്ക്കുന്ന ദീര്‍ഘകാല ആസ്തിയാണിത്. പ്രോപ്പര്‍ട്ടികള്‍, കെട്ടിടങ്ങള്‍, മെഷീനറികള്‍, ദീര്‍ഘകാല നിക്ഷേപങ്ങള്‍, പേറ്റന്റുകള്‍, ട്രേഡ്മാര്‍ക്കുകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
2) ബാദ്ധ്യതകള്‍: കമ്പനിയുടെ കടബാദ്ധ്യതകളാണിവ. ഇവയ്ക്കും രണ്ട് ഉപഘടകങ്ങളുണ്ട്.
കറന്റ് ലയബിലിറ്റി: ഒരുവര്‍ഷത്തിനകം വീട്ടാമെന്ന് നിബന്ധനയുള്ള ബാദ്ധ്യതകളാണിവ. ഹ്രസ്വകാല വായ്പകള്‍, ദീര്‍ഘകാല വായ്പയുടെ നിലവിലെ തിരിച്ചടവ്, ഉടനടി വീട്ടേണ്ടതായ ചെലവ്, അടിസ്ഥാന ഉത്പന്നങ്ങള്‍ നല്‍കിയവര്‍ക്കുള്ള തുക (amounts owed to suppliers) എന്നിവ അടങ്ങുന്നതാണ് ഈ ബാദ്ധ്യത.
നോണ്‍-കറന്റ് ലയബിലിറ്റി: ഒരുവര്‍ഷത്തിന് മേല്‍ സമയക്കാലയളവിലേക്ക് നീളുന്ന ബാദ്ധ്യതകളാണിവ. ദീര്‍ഘകാല വായ്പകള്‍, ബോണ്ടുകളുടെ (കടപ്പത്രം) തിരിച്ചടവ്, പാട്ട (Lease) ബാദ്ധ്യതകള്‍, നികുതി കുടിശികകള്‍ എന്നിവയാണ് ഇതിലുള്ളത്.
3) ഓഹരി ഉടമകളുടെ ഇക്വിറ്റി: കമ്പനിയുടെ ബാദ്ധ്യതകള്‍ കിഴിച്ചശേഷം ഓഹരി ഉടമകള്‍ക്കുള്ള നിക്ഷേപ പങ്കാളിത്തമാണിത്. കമ്പനിയുടെ ആസ്തിയില്‍ ഉടമകളുടെ അവകാശം (Owner's claim) എന്നും ഇതിനെ വിശേഷിപ്പിക്കാം. ഇതിനും ചില ഉപഘടകങ്ങളുണ്ട്.
a) പൊതു ഓഹരി (common stock): ഓഹരി ഉടമകള്‍ക്ക് നല്‍കിയ ഓഹരികളുടെ മൂല്യം
b) കൈവശമുള്ള ലാഭം (Retained Earnings): കമ്പനിയുടെ കൈവശമുള്ളതും ഓഹരി ഉടമകളുമായി ലാഭവിഹിതമായി (Dividend) പങ്കിടാത്തതുമായ ലാഭം.
c) അധിക മൂലധനം (Additional Paid-in Capital): ഓഹരി ഉടമകളില്‍ നിന്ന് ലഭിച്ച അധിക മൂലധനനിക്ഷേപം. ഓഹരിയുടെ പ്രീമിയം വിലയ്ക്ക് (Share Premium) അനുസൃതമായി ലഭിച്ച നിക്ഷേപമാണിത്.
d) ട്രഷറി സ്റ്റോക്ക്: കമ്പനി വാങ്ങിയ ഓഹരികള്‍.
e) അക്യുമലേറ്റഡ് അതര്‍ കോംപ്രഹന്‍സീവ് ഇന്‍കം:  കമ്പനിയുടെ അറ്റലാഭം (Nte Income) കണക്കാക്കുമ്പോള്‍ പരിഗണിച്ചിട്ടില്ലാത്ത ലാഭമോ നഷ്ടമോ ആണിത്. ഉദാഹരണത്തിന് നിക്ഷേപങ്ങളില്‍ നിന്നുള്ള നഷ്ടം, വിദേശ നാണയവിനിമയത്തിലൂടെയുണ്ടായ നഷ്ടം തുടങ്ങിയവ.

പണമാക്കി മാറ്റാവുന്നവിധം ഇപ്പോഴും വിറ്റഴിക്കാതെ കൈവശം സൂക്ഷിക്കുന്ന നിക്ഷേപങ്ങളും ഇതില്‍പ്പെടുന്നു. അതായത്, നിക്ഷേപം നഷ്ടത്തിലോ ലാഭത്തിലോ തുടരുകയാണെങ്കിലും അവ വിറ്റഴിക്കാതെ തുടരുന്നു. ഉദാഹരണത്തിന്, കമ്പനി 2,500 രൂപയ്ക്ക് റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയെന്ന് ഇരിക്കട്ടെ. ഇപ്പോള്‍ ആ ഓഹരികളുടെ മൂല്യം 2,200 കോടി രൂപയാണ്. അതായത്, നഷ്ടത്തിലാണ് വ്യാപാരം. പക്ഷേ, ഇപ്പോഴും അത് വിറ്റഴിച്ച് പണമാക്കിയിട്ടില്ല. ഇതും ഓഹരി ഉടമകളുടെ നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തും.

കമ്പനിക്ക് വിദേശത്ത് നിന്ന് വലിയൊരു ഓര്‍ഡര്‍ കരാര്‍ ലഭിച്ചെന്നിരിക്കട്ടെ. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഈ കരാറില്‍ നിന്ന് കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടാകും. ഇതും കണക്കുകളില്‍ ഉള്‍പ്പെടുത്തും.

എങ്ങനെയാണ് ബാലന്‍സ് ഷീറ്റ് കണക്കാക്കുന്നത്?
കമ്പനിയുടെ ബാദ്ധ്യതകളും (Liability) ഓഹരി ഉടമകളുടെ നിക്ഷേപവും (Shareholder's Equity) ചേരുന്നതാണ് ആസ്തി (Asset). അതായത്, നിക്ഷേപവും ബാദ്ധ്യതകളും ചേരുന്ന സന്തുലിതമായ കണക്കാണ് ബാലന്‍സ് ഷീറ്റ്.
കമ്പനിയുടെ സാമ്പത്തിക സ്ഥിതി, പണലഭ്യത, ബാദ്ധ്യതകള്‍ വീട്ടാനുള്ള ശേഷി ഇതെല്ലാം ബാലന്‍സ് ഷീറ്റില്‍ നിന്ന് വ്യക്തമായി അറിയാം. കമ്പനി എങ്ങനെ ആസ്തി, കടബാദ്ധ്യത, മൂലധനം എന്നിവ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും ഇതിനെ വിളിക്കാം.
ബാലന്‍സ് ഷീറ്റ് മാത്രം നോക്കി കമ്പനിയുടെ സാമ്പത്തികശേഷിയെ അളക്കാനും പാടില്ല. അതിനായി ബാലന്‍സ് ഷീറ്റിനൊപ്പം കമ്പനിയുടെ ലാഭം/നഷ്ടം സംബന്ധിച്ച പ്രവര്‍ത്തനഫല/ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍, ധനസമാഹരണ വിവരങ്ങള്‍ തുടങ്ങിയവയും പരിശോധിക്കാം. ഇനി നമുക്കൊരു ഉദാഹരണം നോക്കാം.
XYZ എന്ന കമ്പനിയുടെ 2021-22ലെ ബാലന്‍സ് ഷീറ്റ് വിലയിരുത്താം.
അസറ്റ്
കറന്റ് അസറ്റ്: 1.10 കോടി രൂപ.
നോണ്‍-കറന്റ് അസറ്റ്: 2.70 കോടി രൂപ.
മൊത്തം അസറ്റ്: 3.80 കോടി രൂപ.
ലയബിലിറ്റി (ബാദ്ധ്യത)
കറന്റ് ലയബിലിറ്റി: 45 ലക്ഷം രൂപ.
നോണ്‍-കറന്റ് ലയബിലിറ്റി: 1.20 കോടി രൂപ.
ആകെ ലയബിലിറ്റി: 1.65 കോടി രൂപ.
ഷെയര്‍ഹോള്‍ഡേഴ്‌സ് ഇക്വിറ്റി
കോമണ്‍ സ്‌റ്റോക്ക്: 50 ലക്ഷം രൂപ.
കൈവശമുള്ള ലാഭം: 1.65 കോടി രൂപ.
ആകെ ഷെയര്‍ഹോള്‍ഡേഴ്‌സ് ഇക്വിറ്റി: 2.15 കോടി രൂപ.
മൊത്തം ലയബിലിറ്റിയും മൊത്തം ഷെയര്‍ഹോള്‍ഡേഴ്‌സ് ഇക്വിറ്റിയും: (1.65 കോടി+2.15 കോടി)= 3.80 കോടി രൂപ.
ബാലന്‍സ് ഷീറ്റ് പ്രകാരം ഇതാണ് കമ്പനിയുടെ ആസ്തി.
Tags:    

Similar News