എന്താണ് ഈ കേരള കമ്പനി ഓഹരിക്ക് സംഭവിച്ചത്? 50,000 കോടി കടന്ന വിപണിമൂല്യം പിന്നെ കുത്തനെ താഴേക്ക്

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 200 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ ഓഹരി

Update:2024-03-31 11:43 IST

Image : Canva

2018 ഒക്ടോബര്‍ 17ന് വെറും 36.6 രൂപയായിരുന്നു ഫാക്ട് അഥവാ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ എന്ന കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണ കമ്പനിയുടെ ഓഹരിവില. കഴിഞ്ഞയാഴ്ചയിലെ വ്യാപാരാന്ത്യത്തില്‍ വില 626.20 രൂപ (എന്‍.എസ്.ഇ).
എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ വില 908 രൂപവരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഫാക്ട് ഓഹരി സമ്മാനിച്ച നേട്ടം (Return) 203.5 ശതമാനമാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെയോ 1600 ശതമാനവും. കഴിഞ്ഞ മൂന്ന് മാസത്തെ പ്രകടനമെടുത്താല്‍ ഓഹരികള്‍ നല്‍കിയത് പക്ഷേ 22 ശതമാനം നഷ്ടം. ഓഹരിവില ഒരുവേള 593 രൂപയിലേക്ക് താഴുകയും ചെയ്തു.
വിപണിമൂല്യത്തില്‍ കല്യാണിന് പിന്നിലായി
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ മുത്തൂറ്റ് ഫിനാന്‍സിന് പിന്നിലായി രണ്ടാംസ്ഥാനത്തായിരുന്നു ഫാക്ട്. മുത്തൂറ്റിന് പിന്നാലെ വിപണിമൂല്യം 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട രണ്ടാമത്തെ മാത്രം കമ്പനിയുമായിരുന്നു കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്.
കേരളപ്പിറവി ദിനമായ കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ഫാക്ടിന്റെ വിപണിമൂല്യം 50,000 കോടി രൂപ ഭേദിച്ചത്. അന്നുതന്നെ വിപണിമൂല്യം 52,000 കോടി രൂപ മറികടക്കുകയും ചെയ്തിരുന്നു. പക്ഷേ, തുടര്‍ന്നിങ്ങോട്ട് കണ്ടത് വീഴ്ചയായിരുന്നു. നിലവില്‍ ഫാക്ടിന്റെ വിപണിമൂല്യം 40,519 കോടി രൂപയാണ്.
59,257 കോടി രൂപ മൂല്യവുമായി മുത്തൂറ്റ് ഫിനാന്‍സാണ് ഏറ്റവും മൂല്യമേറിയ കേരള കമ്പനി. 44,673 കോടി രൂപയുമായി കല്യാണ്‍ ജുവലേഴ്‌സാണ് മുത്തൂറ്റിന് പിന്നിലുള്ളത്. 36,544 കോടി രൂപയുമായി ഫെഡറല്‍ ബാങ്ക് നാലാംസ്ഥാനത്താണ്.
ഫാക്ടിന് ഇതെന്തുപറ്റി?
ഫാക്ടിന്റെ ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍പാദ പ്രവര്‍ത്തനഫലം അത്ര മികച്ചതായിരുന്നില്ല. വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭം 81.71 ശതമാനം കുറഞ്ഞിരുന്നു. പാദാടിസ്ഥാനത്തില്‍ ലാഭം 71.19 ശതമാനവും വരുമാനം 34.02 ശതമാനവുമാണ് താഴ്ന്നത്. പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 80.35 ശതമാനവും പാദാടിസ്ഥാനത്തില്‍ 67.46 ശതമാനവും കുറഞ്ഞു. ഓഹരിയധിഷ്ഠിത നേട്ടം (EPS) വാര്‍ഷികാടിസ്ഥാനത്തില്‍ 85.99 ശതമാനം കുറഞ്ഞ് 0.47 ശതമാനമായി.
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന യൂറിയയ്ക്കുള്ള സബ്‌സിഡി ഇടക്കാല ബജറ്റില്‍ കേന്ദ്രം നേരിയതോതില്‍ കുറച്ചിരുന്നു. 1.02 ലക്ഷം കോടി രൂപയില്‍ നിന്ന് ഒരുലക്ഷം കോടി രൂപയായാണ് കുറച്ചത്. ക്രൂഡോയില്‍ വില വര്‍ധനമൂലം ഉത്പാദനച്ചെലവ് ഏറിയതും പിന്നീട് വളം നിര്‍മ്മാണക്കമ്പനികള്‍ക്ക് തിരിച്ചടിയായി. ഓഹരി വിപണി പൊതുവേ പിന്നീട് നേരിട്ട കനത്ത വില്‍പനസമ്മര്‍ദ്ദം വളം ഓഹരികളെയും ഉലച്ചിരുന്നു.
Tags:    

Similar News