വണ്ടര്‍ല ഓഹരി പുത്തന്‍ ഉയരത്തില്‍; നേട്ടമായത് ലാഭവിഹിത പ്രഖ്യാപനം

കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വില കുതിച്ചത് 85%

Update: 2023-07-28 10:13 GMT

Image : Wonderla

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റിസോര്‍ട്ട് സ്ഥാപനമായ വണ്ടര്‍ല ഹോളിഡേയ്‌സിന്റെ ഓഹരികള്‍ പുതിയ ഉയരത്തില്‍. ഇന്നലെ 6.81 ശതമാനം നേട്ടവുമായി 633.35 രൂപയെന്ന റെക്കോഡിലെത്തിയ ഓഹരികള്‍ ഇന്ന് സര്‍വകാല ഉയരമായ 634.40 രൂപവരെയെത്തി.

ഇന്നലെ വ്യാപാരാന്ത്യം വില 625.5 രൂപയായിരുന്നു. ബി.എസ്.ഇയില്‍ ഇപ്പോള്‍ (ഉച്ചയ്ക്കത്തെ വ്യാപാര സെഷന്‍) 0.57 ശതമാനം നേട്ടവുമായി 628 രൂപയിലാണ് ഓഹരികളുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ വണ്ടര്‍ല ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം (Return) 84.96 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഓഹരി വില 12 ശതമാനം ഉയര്‍ന്നു. 2022 ജൂലൈയില്‍ 226.20 രൂപ മാത്രമായിരുന്നു ഓഹരി വില.
നേട്ടത്തിന് പിന്നില്‍
2022-23 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി ഓരോ ഓഹരിക്കും 2.5 രൂപ വീതം (25 ശതമാനം) ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതാണ് ഓഹരികളില്‍ കുതിപ്പിന് വഴിയൊരുക്കിയത്.
3,552.80 കോടി രൂപയാണ് നിലവില്‍ കമ്പനിയുടെ വിപണിമൂല്യം. ലാഭവിഹിതം ഓഗസ്റ്റ് 11ന് വ്യാപാര സമയത്തിന് ശേഷം വിതരണം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

Similar News