സ്വന്തമായി ഒരു സ്യൂട്ട്കേസ് മാത്രം, ജോലി ചെയ്യുന്നത് യാത്രക്കിടെ!

Update: 2019-07-06 09:21 GMT

ഒരിടത്തും സ്ഥിരമായി താമസിക്കാതെ ഉപജീവനത്തിനായി പുതിയ ഇടങ്ങൾ തേടി യാത്ര ചെയ്യുന്നവരെയാണ് സാധാരണയായി നൊമാഡുകൾ എന്നു വിളിക്കാറ്.

ഇപ്പോൾ ഒരു പുതിയ വിഭാഗക്കാരുണ്ട്; ഡിജിറ്റൽ നൊമാഡുകൾ. ഇവർക്ക് സ്ഥിരമായി ഒരു ജോലി ഉണ്ടാകില്ല. ഓൺലൈൻ തൊഴിലിടമാണ് പ്രിയം. ചിലപ്പോൾ വീട്ടിൽ നിന്ന് അല്ലെങ്കിൽ കോഫി ഷോപ്പിൽ നിന്ന്; അങ്ങനെ ഒരു ഓഫീസ് കെട്ടിടത്തിൽ പൂട്ടിയിടാൻ പറ്റാത്ത ഈ നൊമാഡുകൾ പലയിടങ്ങളിൽ നിന്ന് തൊഴിൽ ചെയ്ത് പണം സമ്പാദിക്കുന്നു. 

ഇക്കൂട്ടരുടെ മറ്റൊരു സ്വഭാവ വിശേഷം മിനിമലിസം ആണ്. കഴിയുന്നത്ര കുറച്ച് വസ്തുക്കളെ ഇവരുടെ കയ്യിൽ ഉണ്ടാകൂ. അതുകൊണ്ടു വേണം ജീവിക്കാൻ.

ആഡംബരങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. മിനിമലിസത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യമാണ്. ഉപഭോക്‌തൃ സംസ്കാരത്തിൽ നിന്നും ദൈനംദിന കെട്ടുപാടുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യം. ലോണുകളില്ല, സമയത്തിന് ഓഫീസിലെത്താനുള്ള തത്രപ്പാടില്ല, രാത്രി ഡിന്നർ എന്താണെന്ന് ചിന്തിക്കേണ്ട...ചുരുക്കിപ്പറഞ്ഞാൽ നമ്മളിൽ പലരും ദിവസവും നേരിടുന്ന വെല്ലുവിളികൾ മിനിമലിസ്റ്റുകൾക്ക് നേരിടേണ്ടി വരാറില്ല.

Henry Akerman. Image credit: CNBC

ഇന്നത്തെ ഈ വർക്ക് ട്രെൻഡിന്റെ ജീവിക്കുന്ന ഒരു ഉദാഹരമാണ് അമേരിക്കക്കാരനായ ഹെൻറി അക്കേർമാൻ. ഒരു ഫുൾ-ടൈം ജോലി ഉണ്ടായിരുന്നത് ഉപേക്ഷിച്ച് ഒന്നിലധികം പാർട്ട് ടൈം ജോലികളിലേക്ക് ഹെൻറി മാറി.
ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ മാറി മാറി ജോലി ചെയ്യുന്ന ഈ 25 കാരന് ആകെ സ്വന്തമായുള്ളത് ഒരു സ്യൂട്ട്കേസാണ്. 

സ്വന്തമായി എത്ര കുറവ് സാധനങ്ങളാണോ കൈവശമുള്ളത് അത്രയും കൂടുതൽ ജീവിതത്തിൽ 'ഫ്രീ സ്പേസ്' ഉണ്ടാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. "ഒന്നുമില്ലാത്ത ധാരാളം കുടുംബങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. ഇവരെല്ലാം സന്തുഷ്ടരുമാണ്," സിഎൻബിസിയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ ഹെൻറി പറയുന്നു.

18 വയസുമുതൽ സ്ഥിരമായ ഒരു താമസസ്ഥലം എന്ന ആശയം ഹെൻറി ഉപേക്ഷിച്ചിരുന്നു. ഈയാഴ്ച തായ്‌ലാന്റിലാണ് ജോലിയെങ്കിൽ, അടുത്തയാഴ്ച അദ്ദേഹം ജപ്പാനിലായിരിക്കും. എന്നാൽ യുഎസ് പൗരനെന്ന നിലയിൽ കൃത്യമായി നികുതി അടക്കുന്നുമുണ്ട്.

ഹെൻറിയുടെ വരുമാനം ഓരോ മാസവും വ്യത്യസ്തമായിരിക്കും. ആക്റ്റിംഗ്, ഇ-കോമേഴ്‌സ് ബിസിനസ് (സ്വന്തമായി ഡിസൈൻ ചെയ്ത ടി-ഷർട്ടുകളുടെ ഓൺലൈൻ വില്പന), ചെറിയ സ്റ്റാർട്ടപ്പുകൾ, നിക്ഷേപങ്ങൾ എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ.

ഫ്ലൈറ്റ് ചാർജുകളിൽ ഡിസ്‌കൗണ്ട് നൽകുന്ന വെബ്സൈറ്റുകൾ കണ്ടെത്തി യാത്രാ ചെലവുകൾ കുറയ്ക്കും. താമസത്തിന്റെ കാര്യവും അതുപോലെ തന്നെ. 
മിനിമലിസം എന്നാൽ ഒരു തരം മെഡിറ്റേഷനാണ്. "ശ്രദ്ധ തിരിക്കാനുള്ള പല കാര്യങ്ങളും നിങ്ങളുടെ മുന്നിൽ ഉണ്ടാകാം. എന്നാൽ നിങ്ങൾക്ക് വേണ്ടതെന്താണോ അതിൽ മാത്രം ശ്രദ്ധിക്കുക," ഹെൻറി പറയുന്നു.

എന്താണ് ആ സ്യൂട്ട്കേസിൽ? 

നന്നായി വസ്ത്രം ധരിക്കേണ്ട സാഹചര്യം വരുമ്പോൾ ഉപയോഗിക്കാനായി മൂന്ന് ജോഡി ഷൂ, ഒരു സ്യുട്ട്. ഇതാണ് അതിലെ ഏറ്റവും വിലകൂടിയ വസ്തുക്കൾ. ഇവയൊഴിച്ചാൽ ബാക്കി എല്ലാം ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ളവ മാത്രമാണ്. 

ഒരു സാധനം വാങ്ങാൻ തോന്നുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കുക, "എനിക്കിത് ശരിക്കും ആവശ്യമുണ്ടോ?" ഇത്തരത്തിൽ പല സാധങ്ങളിളും ഷോപ്പുകളിലെ റാക്കിലേക്ക് തിരിച്ചുവക്കാൻ കഴിയുമെന്ന് ഹെൻറി പറയുന്നു. 

എന്നാൽ ഈ ലൈഫ്സ്റ്റൈൽ കൊണ്ട് ചില ദോഷങ്ങളുമുണ്ട്. മിനിമലിസ്റ്റുകൾക്ക് ബന്ധങ്ങൾ നിലനിർത്താൻ ബുദ്ധിമുട്ടുണ്ടാണെന്നാണ് ഹെൻറിയുടെ പക്ഷം. 

കടപ്പാട്: സിഎൻബിസി

Similar News