അര്‍ബുദ നിര്‍ണയത്തിന് രക്ത പരിശോധനാ കിറ്റ് വരുന്നു; വില 15,000 രൂപ

Update: 2019-08-22 10:23 GMT

അമിതമായി പണം മുടക്കാതെ അര്‍ബുദ രോഗ ബാധ ഏറ്റവും നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന രക്തപരിശോധനാ കിറ്റ്് പൂനെയില്‍ തയ്യാറായി. ഇതുപയോഗിച്ച് 15,000 രൂപ ചെലവില്‍ ലളിതമായ രക്തപരിശോധനയിലൂടെ രോഗത്തിന്റെ സാന്നിധ്യവും വ്യാപന സാധ്യതയും നിര്‍ണയിക്കാന്‍ കഴിയുന്നതോടെ ഡോക്ടര്‍മാര്‍ക്ക് ഫലപ്രദമായി ചികിത്സാ മൊഡ്യൂള്‍ ആസൂത്രണം ചെയ്യാനാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

സെപ്റ്റംബര്‍ മുതല്‍ ഘട്ടം ഘട്ടമായി കിറ്റ് ഇന്ത്യയിലുടനീളം പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പൂനെയിലെ സ്റ്റാര്‍ട്ടപ്പായ ആക്ടീരിയസ് ഇന്നൊവേഷന്‍സ് ആന്റ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്. യു.എസില്‍ നിലവിലുള്ള ലിക്വിഡ് ബയോപ്‌സി സാങ്കേതികവിദ്യ പരിഷ്‌കരിച്ച് തയ്യാറാക്കിയ ഇന്ത്യന്‍ കിറ്റ് വിലകുറഞ്ഞതാണെന്നതിനു പുറമേ കൂടുതല്‍ വ്യക്തമായ ഫലം തരുമെന്ന്്് ആക്ടീരിയസ് മേധാവികളായ അരവിന്ദന്‍ വാസുദേവനും ജയന്ത് ഖണ്ടാരെയും പറഞ്ഞു.

ഓങ്കോഡിസ്‌കവര്‍ എന്ന ലിക്വിഡ് ബയോപ്‌സി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ കിറ്റ് ചികില്‍സയുടെ ഏതു ഘട്ടത്തിലും പ്രയോജനകരമാകും. ചികില്‍സിച്ചു ഭേദമായ ശേഷം രോഗം

തിരിച്ചുവരുന്നുണ്ടോയെന്നറിയാനും ഉപകരിക്കും. അമേരിക്കയില്‍ നിലവിലുള്ള കിറ്റിന്റെ വില 84000-100000 രൂപ. ഖണ്ടാരെയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ കിറ്റ് വികസിപ്പിച്ചത്. മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും റെഗുലേറ്ററി ബോഡിയായ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍മ്മാണാനുമതി നല്‍കിക്കഴിഞ്ഞു.

Similar News