കൊറോണ: മനുഷ്യര്‍ വീട്ടിലൊളിക്കുമ്പോള്‍ പരിസ്ഥിതി പച്ച പിടിക്കുന്നു

Update: 2020-03-19 09:37 GMT

കൊറോണ മനുഷ്യരില്‍ ഭീതിപ്പടര്‍ത്തി പുതിയയിടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതിക്ക് കൊറോണ അനുഗ്രഹമാകുകയാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഇന്ന് രാവിലെ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 219345 കൊറോണ കേസുകളാണ്. മിക്ക രാജ്യങ്ങളിലും ആളുകള്‍ 'ക്വാറന്റൈന്‍ മോഡിലാണ്'. ലോകത്തെ പ്രധാന നഗരങ്ങളും ടൂറിസ്റ്റ് സ്‌പോട്ടുകളുമെല്ലാം വിജനമായിരിക്കുന്നു. ഫാക്ടറികള്‍ അടച്ചു പൂട്ടി. ഇതോടെ മലിനമാക്കപ്പെടുന്നതിന്റെ തോത് കുറഞ്ഞ് പരിസ്ഥിതി സ്വാഭാവികത തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു.

കേരളത്തിലെ ബീച്ചുകളിലൊക്കെ ആളുകളുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. പാര്‍ക്കുകളില്‍ പലതും പൂട്ടിയിട്ടു. ഇതോടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ കൂമ്പാരം അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.

കൊറോണ സംഹാരതാണ്ഡവമാടുന്ന ഇറ്റലിയുടെ തീര പ്രദേശങ്ങളില്‍ ഡോള്‍ഫിനുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നതാണ് ഒരു വാര്‍ത്ത. ജനത്തിരക്കും ആഡംബര ബോട്ടുകളുടെ ധാരാളിത്തവും കാരണം ഡോള്‍ഫിനുകള്‍ കുറേ കാലമായി ഈ തീരപ്രദേശങ്ങളിലേക്ക് വന്നിരുന്നില്ല. ഇറ്റലിയിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ വെനീസിന്റെ സ്ഥിതിയും മറിച്ചല്ല. വെനീസിന്റെ ആകര്‍ഷണമായ കനാലുകളില്‍ തിരക്കൊഴിഞ്ഞിരിക്കുന്നു. മാലിന്യങ്ങളില്ലാതെ വെള്ളം തെളിനീരായി മാറിയിരിക്കുന്നു. അരയന്നങ്ങളും മീനുകളും യഥേഷ്ടം.

മനുഷ്യന്റെ ഇടപെടലുകളില്ലാത്ത ഭൂമിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നായി സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യുന്നുണ്ട്.
വായു മലിനീകരണവും ഏറെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ ഉറവിട പ്രദേശമായ ചൈനയിലെ വുഹാനില്‍ ഏറെ നാളായി വ്യവസായ ശാലകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടു തന്നെ നൈട്രജന്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ ഏതാണ്ട് നിലച്ച മട്ടാണ്. നാസ പുറത്തിറക്കിയ ചിത്രത്തില്‍ മുമ്പും ഇപ്പോഴും ഉള്ള മാറ്റം വ്യക്തമാകുന്നുണ്ട്. എന്നത്തേക്കാളും ശുദ്ധമായ വായുവാണ് ഇപ്പോള്‍ അവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ട്. വലിയൊരു ദുരന്തമായി മാറുമ്പോഴും മനുഷ്യനെ് ഇരുത്തിച്ചിന്തിപ്പിക്കാന്‍ കൂടി കാരണമാകും കൊറോണ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News