കഴിഞ്ഞ രണ്ടു വർഷക്കാലം തുടർച്ചയായി ബോളിവുഡിന് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നടൻ അക്ഷയ് കുമാർ ഫോബ്‌സിന്റെ അതിസമ്പന്നരായ നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചു. ഇന്ത്യയിൽ നിന്ന് അക്ഷയ് കുമാറും സൽമാൻ ഖാനുമാണ് ആദ്യ പത്തിൽ സ്ഥാനം നേടിയത്.
ഫോബ്‌സിന്റെ കണക്ക് പ്രകാരം 40.5 മില്യൺ ഡോളർ നേടിയ അക്ഷയ് ഏഴാം സ്ഥാനത്തും 38.5 മില്യൺ ഡോളർ നേടി സൽമാൻ ഒൻപതാം സ്ഥാനത്തുമാണ്.
കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്ന ഷാരൂഖ് ഖാൻ ഇത്തവണ ആദ്യ പത്തിൽ പോലുമില്ലെന്നത് ശ്രദ്ധേയമാണ്.
ഹോളിവുഡ് നടൻ ജോർജ് ക്ലൂണിയാണ് സമ്പന്നരിൽ ഒന്നാമൻ. കഴിഞ്ഞ വർഷം ഒറ്റ സിനിമ പോലും ഇറങ്ങിയില്ലെങ്കിലും 239 മില്യൺ ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ വരുമാനം. ഡ്വെയ്ൻ ജോൺസൺ ആണ് രണ്ടാം സ്ഥാനത്ത്.