ബോളിവുഡിലെ ഈ രണ്ട് നടന്മാരെയാണ് ഏറ്റവുമധികം ബ്രാന്‍ഡുകള്‍ കണ്ണുവെച്ചിരിക്കുന്നത്

Update:2019-11-02 12:35 IST

ഇത്തവണത്തെ ബോളിവുഡ് ഹോട്ട്‌സ്റ്റാര്‍ പട്ടികയില്‍ ഈ രണ്ട് നടന്മാരാണെന്നാണ് ഇപ്പോഴത്തെ സംസാരം. ആരാണെന്നല്ലേ, വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയും. ഇവര്‍ ഹോട്ട് സ്റ്റാര്‍സ് ആയതിന് കാരണം മറ്റൊന്നുമല്ല, ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ ഇവരുടെ ഡിമാന്‍ഡ് തന്നെ. കഴിഞ്ഞ ദേശീയ അവാര്‍ഡുകളില്‍ ഇരുവരും അര്‍ഹരായതിന് ശേഷമാണ് ഇവരുടെ ബിസിനസ് മാര്‍ക്കറ്റിംഗും വളര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മേക്കിംഗ് എന്ന് എല്ലാവരും പറഞ്ഞ സിനിമയായിരുന്നു 'ഉറി - ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. ഏറ്റവുമധികം ആളുകള്‍ ചര്‍ച്ച ചെയ്തത് കൊണ്ട് മാത്രമല്ല തന്ത്രപ്രധാനമായ ഒരു സിനിമയുടെ നട്ടെല്ലായ കഥാപാത്രമാകാന്‍ ഉറിയിലൂടെ വിക്കിക്ക് കഴിഞ്ഞു. സഹനടനായി തിളങ്ങി ബോളിവുഡില്‍ പെട്ടെന്നു സൂപ്പര്‍ സ്റ്റാര്‍ ആയി ഈ യുവ നടന്‍ മാറിയതും അഭിനയ മികവ് കൊണ്ട് തന്നെ.

വിക്കി കഴിഞ്ഞ ആറുമാസത്തില്‍ ഒപ്പു വച്ച ബ്രാന്‍ഡുകള്‍ ഏതെല്ലാമെന്നറിയാമോ. ഹാവല്‍സ്, റിലയന്‍സ് ട്രെന്‍ഡ്‌സ്, ബോള്‍ട്ട് ഓഡിയോ, ഒപ്പോ, അപ്ഗ്രാഡ്, വൈല്‍ഡ്‌സ്റ്റോണ്‍, ഗോഇബിബോ, ഏയ്‌ഗോണ്‍ ലൈഫ്, ഹൗസിംഗ് ഡോട്ട് കോം, പൊലീസ് ഐവെയര്‍ എന്നിവയൊക്കെയാണ് വിക്കിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയിരിക്കുന്നത്.

'അന്ധാധുന്‍' എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാന്‍ ഖുറാന ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത്. ആയുഷ്മാനും നിരവധി ബ്രാന്‍ഡുകളുടെ അംബാസഡറായിരിക്കുകയാണ്. അര്‍ബന്‍ക്ലാപ്, ഗോദ്‌റേജ് സെക്യുരിറ്റി സൊല്യൂഷന്‍സ്, ടൈറ്റന്‍ ഐ വെയര്‍, മാജിക് ബ്രിക്‌സ്, റിയല്‍മി, ദ് മാന്‍ കമ്പനി, ടര്‍ട്ല്‍, ടബോര്‍ഗ്, ആക്‌സ്, വിന്‍ഗാജോയ്, ഡാനിയല്‍ വില്ലിംഗ്ടണ്‍ തുടങ്ങിയ ബ്രാന്‍ഡുകളൊക്കെയാണ് ഈ 35 കാരനെ തങ്ങളുടെ ബ്രാന്‍ഡ് ഐക്കണ്‍ ആക്കി വിപണി പിടിക്കുന്നത്.

ബോളിവുഡ് ബ്രാന്‍ഡിംഗില്‍ കഴിഞ്ഞ കുറച്ചുകാലം 'ഖാന്‍'മാരുടെ കാലമായിരുന്നു. എന്നാല്‍ വിക്കിയും ആയുഷും അത് തിരുത്തി എഴുതുന്നതായാണ് ഇവരുടെ ബ്രാന്‍ഡ് വാല്യു ചൂണ്ടിക്കാട്ടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News