ലൂസിഫർ: വിജയം കണ്ടത് സ്മാർട്ടായ മാർക്കറ്റിംഗ് സ്ട്രാറ്റിജി

Update:2019-03-29 17:06 IST

പൃഥ്വിരാജ് എന്ന നടനെ മാത്രമേ നമുക്ക് പരിചയമുള്ളൂ. പൃഥ്വിരാജ് എന്ന സംവിധായകനെ പരിചയപെടുത്തിത്തന്നത് 'ലൂസിഫറാ'ണ്. ഈ സംവിധായകനെ ആളുകൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ് നിറഞ്ഞോടുന്ന തീയേറ്ററുകൾ.

ഓരോ സിനിമയും പുറത്തിറങ്ങുന്നതിന് മുൻപ് വലിയ ഹൈപ്പ് സൃഷിടിക്കാറുണ്ട്. ആദ്യത്തെ രണ്ടു ദിവസം കഴിയുമ്പോൾ അതിനെക്കുറിച്ച് ആരും സംസാരിക്കുന്നതു പോലും കേൾക്കാനുണ്ടാകില്ല. ലൂസിഫറിന്റെ പ്രൊമോഷൻ വളരെ സൂക്ഷ്മവും എന്നാൽ ഓർമയിൽ തങ്ങി നിൽക്കുന്നതുമായിരുന്നു എന്നതാണ് ഏറെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം.

ലൂസിഫറിൽ ഒളിഞ്ഞിരിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്തൊക്കെയാണ്?

പേരിലെ കൗതുകം

ലൂസിഫർ എന്ന പേര് ഒരു ജിജ്ഞാസ സൃഷ്ടിച്ചിരുന്നു. നാമെപ്പോഴും ഒരു പ്രതിനായക സ്ഥാനത്ത് കാണാറുള്ള ലൂസിഫറിന് മോഹൻലാൽ നായകനായ സിനിമയിൽ എന്താണ് റോൾ എന്നതായിരുന്നു സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ച സമയത്തെ പ്രധാന ചർച്ച. സിനിമയിലെ കഥയെന്താകുമെന്ന് ഊഹിക്കാൻ പോലും അവസരം നൽകാത്ത വിധമാണ് ഈ ടൈറ്റിൽ.

അമിതമായ ഹൈപ്പ് ഇല്ല

പല അണിയറപ്രവർത്തകരും ചെയ്യാറുള്ളതു പോലെ പ്രേക്ഷകർക്ക് അമിത പ്രതീക്ഷ നൽകുന്ന വിധത്തിലുള്ള പ്രസ്താവനകളോ അഭിമുഖങ്ങളോ ഒന്നും പൃഥ്വിരാജിന്റെയോ ടീമിന്റെയോ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു സാധാരണ എന്റെർറ്റൈന്മെന്റ് ചിത്രങ്ങൾ കാണുന്ന ലാഘവത്തോടെയായിരിക്കാം പ്രേക്ഷകർ തീയേറ്ററുകളിൽ എത്തിയത്.

കാരക്ടർ പോസ്റ്റർ

ചിത്രത്തിന്റെ ഭാഗമായി റിലീസ് ചെയ്ത 27 കാരക്ടർ പോസ്റ്ററുകൾ ആരാധകർക്ക് ഒരു പുത്തൻ അനുഭവമായി. ആരായിരിക്കും അടുത്ത പോസ്റ്ററിൽ എന്ന് ആളുകൾ കാത്തിരിക്കാൻ തുടങ്ങി. ഇത് ചിത്രത്തിന്റെ പ്രചാരണത്തിന്, പ്രത്യേകിച്ചും സോഷ്യൽ മീഡിയ വഴിയുള്ള പ്രൊമോഷന് സഹായകരമായി. ഏറ്റവും അവസാനമായിരുന്നു പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ. അതുവരെ അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു.

രഹസ്യസ്വഭാവം സൂക്ഷിച്ചു

ചിത്രത്തിന്റെ സ്ക്രിപ്റ്റിനെക്കുറിച്ച് ആവശ്യത്തിലധികം വിവരങ്ങൾ പുറത്തുവിടാതെ വളരെ രഹസ്യമായിത്തന്നെ ഇത് മുന്നോട്ട് കൊണ്ടുപോകാൻ അണിയറപ്രവർത്തകർക്ക് സാധിച്ചു എന്നത് പ്രശംസയർഹിക്കുന്നു.

ഇമോഷണൽ കണക്ട്

തന്റെ പിതാവ് സുകുമാരന്റെ ആഗ്രഹമാണ് ഇതിലൂടെ പൂർത്തിയാകുന്നതെന്ന പൃഥ്വിരാജിന്റെ പ്രസ്താവന പ്രേക്ഷകരുമായി ഒരു ഇമോഷണൽ കണക്ട് ഉണ്ടാക്കാൻ സഹായിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് അതിന് യോജിച്ച ഒരു സ്ക്രിപ്റ്റ് കൊണ്ടുവന്നതും സംവിധായകനെന്ന നിലയിൽ പൃഥ്വിരാജിന്റെ ആദ്യത്തെ പ്രോജക്ടാണിതെന്നതും സിനിമയുടെ വിജയത്തെ സഹായിച്ചിട്ടുണ്ട്.

Similar News