ഒടിടി സിനിമ റിലീസിനായി ജയസൂര്യയുടേതടക്കം ഏഴ് ചിത്രങ്ങള്‍; സിനിമാ പ്രതിസന്ധിക്ക് പരിഹാരമാകുമോ?

Update:2020-05-15 16:47 IST

കൊറോണ വൈറസിനു മുമ്പും ശേഷവും എന്നത് എല്ലാ മേഖലയിലെയും പോലെ മലയാള സിനിമയിലും ഒരു വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തമിഴ്, ഹിന്ദി ചിത്രങ്ങളെ പിന്തുടര്‍ന്ന് മലയള ചിത്രങ്ങളും നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ജയസൂര്യ ചിത്രമാണ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ഓടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നത്. ജയസൂര്യയും അദിഥി റാവുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന 'സൂഫിയും സുജാതയും' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ അറിയിച്ചു കഴിഞ്ഞു. മലയാള സിനിമ ഒടിടി റിലീസിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഈ അവസരത്തില്‍ ഇത്തരമൊരു പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് സാധിക്കുന്നത് വിനോദ വ്യവസായത്തെ അപേക്ഷിച്ച് വലിയ ആശ്വാസമാണ്. ജയസൂര്യയുടേത് കൂടാതെ മറ്റ് ആറ് ചിത്രങ്ങള്‍ കൂടെ ഒടിടി റിലീസിന് ഒരുങ്ങുന്നുണ്ട്.

അമിതാഭ് ബച്ചന്‍, ആയൂഷ്മാന്‍ ഖുറാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഗുലാബോ സിതാവോ, വിദ്യാബാലന്റെ ശകുന്തളദേവി, അനുരാഗ് കശ്യപ്, നവാസുദ്ധീന്‍ സിദ്ദിഖി ടീമിന്റെ ഗൂംകേതു, ലുഡോ (നെറ്റ്ഫ്ളിക്സ്; അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് (ഹോട്സ്റ്റാര്‍) തുടങ്ങിയവയെല്ലാം ഒടിടി പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകരിലെത്താന്‍ ഒരുങ്ങുന്നത്. ജൂണ്‍ 12 ന് 200 രാജ്യങ്ങളില്‍ നിന്നുള്ള ആമസോണ്‍ പ്രൈം ഉപഭോക്കാക്കള്‍ക്ക് 'ഗുലാബോ സിതാവോ' കാണാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. അതേ സമയം തീരുമാനത്തില്‍ കടുത്ത അതൃപ്തിയും നിരാശയും അറിയിച്ചിരിക്കുകയാണ് മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ ഐനോക്‌സ്.

നിര്‍മാതാക്കളുടെയോ പ്രൊഡക്ഷന്‍ കമ്പനിയുടെയോ പേര് ഇല്ലാതെ റിലീസിനെത്തിക്കുന്ന ഇത്തരം നീക്കം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാതെ നേരിട്ട് സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് റിലീസ് ചെയ്യുമെന്ന് ഒരു പ്രൊഡക്ഷന്‍ ഹൌസ് നടത്തിയ പ്രഖ്യാപനം കടുത്ത അതൃപ്തി ഉണ്ടാക്കുന്നതാണെന്ന് മള്‍ട്ടിപ്ലക്സ് ശൃംഖലയായ ഐനോക്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും തിയറ്ററുകളും പരസ്പര പൂരകങ്ങളായും പരസ്പരാശ്രയത്തോടെയുമാണ് നാളിത് വരെ പ്രവര്‍ത്തിച്ചിരുന്നത്. ഈയൊരു പരസ്പരബന്ധമാണ് ചിലരുടെ നടപടി മൂലം ഇല്ലാതെയാവുന്നതെന്നാണ് ഇവരുടെ ആരോപണം.

താരങ്ങളുടെയും നിര്‍മാതാക്കളുടെയും പ്രതിസന്ധി ഒരു വശത്ത് മുറുകുമ്പോള്‍ തിയേറ്റര്‍ വരുമാനമാക്കിയ വലിയൊരു ജനക്കൂട്ടം എന്ത് ചെയ്യാന്‍ കഴിയുമെന്നറിയാത്ത പ്രതിസന്ധിയിലാകുകയാണ്. കേരളത്തില്‍ ചെറുതും വലുതുമായ അഞ്ഞൂറോളം തീയേറ്ററുകളുണ്ട്. മള്‍ട്ടിപ്ലക്സുകള്‍ വേറെയും. ഒരു സ്‌ക്രീന്‍ മാത്രമുള്ള തീയേറ്ററില്‍ മിനിമം 7 - 10 ജീവനക്കാര്‍ ഉണ്ടാവും. സ്‌ക്രീനിന്റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂടും.

പലിശക്ക് കടമെടുത്തും ലോണ്‍ സംഘടിപ്പിച്ചുമൊക്കെ തീയേറ്റര്‍ നടത്തുന്ന ഇടത്തരം തീയേറ്റര്‍ ഉടമകള്‍, തീയേറ്ററുകളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തില്‍പരം ജീവനക്കാര്‍, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ അങ്ങനെ വലിയൊരു വിഭാഗം തന്നെയാണ് സ്തംഭിച്ചിരിക്കുന്നത്. എന്നാല്‍ റിലീസ് ഇത്തരത്തില്‍ എങ്കിലും നടത്തിയില്ലെങ്കില്‍ ചെറിയ സിനിമകള്‍ക്കായി കടമെടുത്തവര്‍ തൂങ്ങേണ്ടി വരുമെന്നതാണ് പലരുടെയും അഭിപ്രായം.

ബിഗ് ബജറ്റ് സിനിമകളായ കുഞ്ഞാലിമരയ്ക്കാര്‍, വണ്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, കുഞ്ഞെല്‍ദോ, മാലിക്, വാംഗ്, ഹലാല്‍ ലൗ സ്റ്റോറി, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയവ റിലീസിങ്ങിനൊരുങ്ങുമ്പോഴാണ് കോവിഡ് പടര്‍ന്നു പിടിച്ചത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ഒടിടി റിലീസ് ഒരു പരിഹാരമേ അല്ല. എന്നാല്‍ ചെറു സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമകള്‍ റിലീസായി തുടങ്ങിയാല്‍ ഈ തീയേറ്ററുകാര്‍ പിന്നെ എന്തുചെയ്യും? അവരുടെ ജോലി, ശമ്പളം, ജീവിതം? ഇക്കാര്യത്തില്‍ സര്‍ക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ള പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.

Read More: തമിഴിനു പിന്നാലെ ഓണ്‍ലൈന്‍ റിലീസ് മലയാളത്തിലും? പ്രതിസന്ധി രൂക്ഷമാകുന്നു, ബദല്‍ മാര്‍ഗങ്ങള്‍ തേടി നിര്‍മാതാക്കള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News