ഇരട്ടവേഷത്തില്‍ തിളങ്ങി 'ഇളയ ദളപതി'; തരംഗം സൃഷ്ടിച്ച് 'ബിഗില്‍' എത്തി

Update: 2019-10-25 07:44 GMT

വിജയ് ആരാധകരുടെ ചിരകാല കാത്തിരിപ്പ് സഫലം. ഇന്നു പുലര്‍ച്ചെ നാലു മണിക്ക് 'ബിഗില്‍' തിയറ്ററുകളിലെത്തിയത് ആവേശ തരംഗങ്ങളോടെ. ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നു ഇരട്ട വേഷങ്ങളിലൂടെ 'ഇളയ ദളപതി' യെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

രസകരമായ ഡയലോഗുകളും റൊമാന്‍സും റഹ്മാന്റെ സൂപ്പര്‍ ഗാനങ്ങളും സമന്വയിക്കുന്ന ആക്ഷന്‍ ചിത്രമാണ് ബിഗില്‍. അച്ഛന്റെയും മകന്റെയും ഇരട്ട വേഷങ്ങള്‍ വിജയ് അവതരിപ്പിക്കുന്നു. അധോലാക നായകനാണ് അച്ഛന്‍. മകനാകട്ടെ വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനും. ജാക്കി ഷ്രോഫ്, കതിര്‍, യോഗി ബാബു, വിവേക് എന്നിവരും നിര്‍ണായക വേഷങ്ങളില്‍ അഭിനയിക്കുന്നു.

അറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ബിഗിലിന്റെ വിജയത്തിനായി മൈലാടുംതുറയിലെ ശ്രീ പ്രസന്ന മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഇന്നലെ നടത്തിയ മണ്‍ ചോറുണ്ണല്‍ ചടങ്ങ് തികഞ്ഞ ഫലമുണ്ടാക്കിയെന്ന അവകാശവാദമാണ് ഇളയദളപതി ആരാധകര്‍ പങ്കു വയ്ക്കുന്നത്. നേരത്തെ ചിത്രം വിവാദങ്ങളും നിയമതടസങ്ങളും നേരിട്ടിരുന്നു. അതിനാല്‍ ചിത്രത്തിന്റെ തടസങ്ങളില്ലാത്ത റിലീസിനും വിജയത്തിനും വേണ്ടിയാണ് വെറും നിലത്ത് ചോറ് വിളമ്പി കഴിക്കുന്ന ചടങ്ങ് നടത്തിയത്. നിലത്തു വിളമ്പിയ ചോറു വാരിക്കഴിക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 20 തൊട്ട് 35 വയസിനിടയില്‍ പ്രായമുള്ള ആരാധകരാണ് കയ്യില്‍ തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രവും ഏന്തി ചടങ്ങില്‍ പങ്കെടുത്തത്.

എജിഎസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ 180 കോടി രൂപ ബജറ്റോടെ കപതി എസ് അഗോറം നിര്‍മ്മിച്ച ബിഗിലിനെ തെലുങ്കില്‍ 'വിസില്‍' എന്ന് വിളിക്കുന്നു. ചിത്രത്തിന്റെ രണ്ട് പതിപ്പുകളും പ്രദര്‍ശനത്തിനെത്തി. നിര്‍ണായകമായ ഒരു സീക്വന്‍സിനായി ഒരു ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ 6 കോടി രൂപ ചെലവഴിച്ചിരുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കേരളത്തില്‍ ബിഗിലിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ട്വിറ്റര്‍ ഇമോജി ലഭിക്കുന്ന നാലാമത്തെ തമിഴ് ചിത്രമായി ബിഗില്‍ മാറിയിരുന്നു. മെര്‍സലിനുശേഷം ഇമോജി ലഭിക്കുന്ന വിജയ്യുടെ രണ്ടാമത്തെ ചിത്രം.  സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കാലയും സൂര്യയുടെ എന്‍.ജി.കെയുമാണ് ട്വിറ്ററില്‍ ഇമോജികള്‍ ഉള്ള മറ്റ് രണ്ട് തമിഴ് ചിത്രങ്ങള്‍.

Similar News