എംഎസ് ധോണി: ബ്രാന്‍ഡ് മൂല്യത്തിലെ 'തല'
നിലവില്‍ 20 ഓളം ബ്രാന്‍ഡുകള്‍ ധോണിയുമായി കരാറിലുണ്ട്
ഐപിഎല്‍ 17-ാം എഡിഷന്റെ ആവേശം പടരുമ്പോള്‍ ആരാധകവൃന്ദവും ബ്രാന്‍ഡുകളും 'തല'യ്ക്ക് പിന്നാലെ തന്നെയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്ററും ചെന്നൈ സൂപ്പര്‍ കിംഗ്സ് സൂപ്പര്‍താരവുമായ എം.എസ്. ധോണിയാണ് ഈ സീസണിലും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്ന്. സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി അപ്രതീക്ഷിതമായി ഒഴിഞ്ഞിട്ടും ധോണിയുടെ ബ്രാന്‍ഡ്വാല്യുവിന് ഒരിടിവുമില്ല.
പുതിയ സീസണിലും ജയത്തോടെ തന്നെ വരവറിയിച്ച നിലവിലെ ചാംമ്പ്യന്മാരായ സിഎസ്‌കെ തന്നെയാണ് ഈ സീസണിലും ഫേവറിറ്റുകള്‍. 2020ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ധോണിയുടെ നെറ്റ് വര്‍ത്ത് 1,040 കോടി രൂപയാണ്. നിലവില്‍ 20 ഓളം ബ്രാന്‍ഡുകള്‍ ധോണിയുമായി കരാറിലുണ്ട്.
സോഷ്യല്‍ മീഡിയ എന്‍ഡോഴ്സ്മെന്റിന് മാത്രം ഒരു ബ്രാന്‍ഡില്‍ നിന്ന് 1-2 കോടി രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഈടാക്കുന്നത് 4-6 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിഎസ്‌കെ ഒരു സീസണില്‍ ധോണിക്ക് വേതനമായി നല്‍കുന്നത് 12 കോടി രൂപയാണ്.
റിയല്‍ എസ്റ്റേറ്റ്, സ്പോര്‍ട്സ് കമ്പനികളിലും വലിയ തോതില്‍ നടത്തിയിട്ടുണ്ട് ഈ ക്യാപ്റ്റന്‍ കൂള്‍. കാറുകളുടെയും ടൂവീലറുകളുടെയും വലിയൊരു കളക്ഷന്‍ തന്നെ ധോണിക്കുണ്ട്.