ഉപഭോക്താവ് അറിയണം പാക്കറ്റിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പളവുകള്‍

പാക്കറ്റിലെ എഴുത്ത് കാണാനും വായിക്കാനും കഴിയണം; ഭക്ഷ്യസാധന ഗുണനിലവാര ചട്ടഭേദഗതി വരുന്നു

Update:2024-07-08 13:12 IST
പ്രമേഹവും രക്തസമ്മര്‍ദവുമെല്ലാം കയറിക്കയറി മരുന്നിന് കീഴ്‌പെട്ട് മലയാളി വശംകെടുന്ന കാലമാണ്. പാക്കറ്റിലാക്കിയ ഭക്ഷണ-പോഷക ഉല്‍പന്നങ്ങളില്‍ പഞ്ചസാരയുടെയും ഉപ്പിന്റെയുമൊക്കെ അളവ് എത്രയാണെന്ന് പക്ഷേ, ആരു നോക്കുന്നു? വില്‍ക്കുന്ന ഉല്‍പന്നത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും മറ്റും അളവ് ഭക്ഷ്യസാധന നിര്‍മാണ കമ്പനികള്‍ പാക്കറ്റില്‍ അച്ചടിക്കണമെന്നാണ് ചട്ടം. പല പാക്കറ്റിലും അതു കാണണമെങ്കില്‍ സൂക്ഷ്മദര്‍ശിനി വേണ്ടിവരുന്ന സ്ഥിതിയാണ്. പാക്കറ്റിന്റെ പുറകു വശത്ത് എവിടെയെങ്കിലും ചെറിയ അക്ഷരത്തില്‍ കൊടുത്തിട്ടുണ്ടാവും. ഉപയോക്താവാകട്ടെ, ഈ പാക്കറ്റെല്ലാം വാങ്ങുന്നത് ആരോഗ്യം മെച്ചപ്പെടുത്താനാണ്. ശരീരം ഒന്ന് ഉഷാറാകട്ടെ എന്നു കരുതി നിശ്ചിത അളവിനു പകരം, വലിയ ടീ സ്പൂണില്‍ തന്നെ വാരിയിട്ട് അകത്താക്കുകയും ചെയ്യും.
അമിത അളവില്‍ പഞ്ചസാരയും മറ്റും ഭക്ഷ്യസാധനങ്ങളില്‍ ചേര്‍ത്തു വില്‍ക്കുന്നതു നിയന്ത്രിക്കുന്നതിന് ചട്ടഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ട അധികൃതര്‍. നിര്‍ദേശിക്കുന്ന അളവിലുള്ള ഉല്‍പന്നത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാര, ഉപ്പ്, കൊഴുപ്പ് തുടങ്ങിയവയുടെ അളവ് പാക്കറ്റില്‍ വലിയ, തടിച്ച അക്ഷരങ്ങളില്‍ അച്ചടിച്ചിരിക്കണമെന്നാണ് നിര്‍ദിഷ്ട ഭേദഗതി. ഭക്ഷ്യ സുരക്ഷ-ഗുണനിലവാര അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ)യാണ് ഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. 2020ലെ ഭക്ഷ്യ സുരക്ഷ-ഗുണനിലവാര (ലേബല്‍-പ്രദര്‍ശന) ചട്ടങ്ങളില്‍ ഈ മാസം തന്നെ കരട് ഭേദഗതി കൊണ്ടുവന്നേക്കും.

അച്ചടിക്കേണ്ടത്‌ പാക്കറ്റിനു പുറകിലല്ല, മുന്നില്‍

പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്, ഈ സുപ്രധാന വിവരങ്ങള്‍ പാക്കറ്റിന്റെ പിന്നിലല്ല, മുന്നില്‍ തന്നെ വലുതായി അച്ചടിക്കണമെന്നാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും, തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചും പരസ്യം നല്‍കുന്ന കാലമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായി കാണാവുന്ന, വായിക്കാവുന്ന വിധത്തില്‍ ഉല്‍പന്ന ഉള്ളടക്ക വിവരങ്ങള്‍ നല്‍കിയാല്‍ 'ആരോഗ്യകരമായ' തീരുമാനമെടുക്കാന്‍ അത് ഉപഭോക്താക്കളെ സഹായിക്കും. യു.എസിലും മറ്റും ഉല്‍പന്നത്തിലെ പോഷകാംശ വിവരങ്ങള്‍ വലിയ അക്ഷരത്തില്‍ കാണത്തക്ക വിധമാണ് അച്ചടിക്കുന്നത്.
ഉപഭോക്തൃ 'രാജാവ്' നല്ല ഭക്ഷണം കഴിക്കട്ടെ

ചട്ടഭേദഗതി തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് ചില കമ്പനികളുടെ പക്ഷം. മതിയായ വിവരങ്ങളെല്ലാം തങ്ങള്‍ ലേബലില്‍ നല്‍കുന്നുണ്ട്. അച്ചടിച്ചു പോയ ലേബല്‍ തീരും വരെ ചട്ടഭേദഗതി നടപ്പാക്കരുതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഭേദഗതിയുടെ കരട് കണ്ടിട്ട് പ്രതികരിക്കാന്‍ കാത്തിരിക്കുകയാണ് മറ്റൊരു കൂട്ടര്‍.

ഏതായാലും, കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അറിഞ്ഞു കഴിക്കുന്നതു തന്നെയാണ് ഉചിതമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. പണം കൊടുത്ത് വാരിവലിച്ചു കഴിക്കുന്നത് തടി കേടാക്കരുതല്ലോ. വിപണിയില്‍ ഉപഭോക്താവാണ് രാജാവ്. രാജാവ് നല്ല ഭക്ഷണം കഴിക്കട്ടെ!
Tags:    

Similar News